വാഹനം മോഷ്ടിച്ചു പൊളിക്കൽ: രണ്ടുപേർ പിടിയിൽ
Sunday, July 24, 2016 12:33 PM IST
തൊടുപുഴ: സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വാഹനങ്ങൾ മോഷ്‌ടിച്ചു തമിഴ്നാട്ടിൽ എത്തിച്ചു പൊളിച്ചു വിൽക്കുന്ന സംഘത്തിലെ രണ്ടുപേർകൂടി പിടിയിൽ.

മേയ് 25നു വണ്ടമറ്റത്തുനിന്നു പിക്അപ്പ് മോഷ്‌ടിച്ച കേസിലെ പ്രതികളെയാണ് ഇന്നലെ കാളിയാർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം കുടുക്കിയത്. കണ്ണൂർ പടിയൂർ അമ്പാട്ട് രമേശൻ(45), നാഗർകോവിൽ മീനാക്ഷിപുരം സ്വദേശി നാഗരാജൻ(40) എന്നിവരെയാണു പോലീസ് പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തത്. ഈ കേസിൽ സണ്ണി, ബിഞ്ചു എന്നിവരെ കരിങ്കുന്നം പോലീസ് നേരത്തെ അറസ്റ്റ്ചെയ്തിരുന്നു.

നാഗരാജനും രമേശനും മോഷ്‌ടിച്ചു കൊണ്ടുവരുന്ന വാഹനങ്ങൾ തമിഴ്നാട്ടിലെ മേട്ടുപാളയത്തു വാഹനങ്ങൾ പൊളിച്ചു കച്ചവടം ചെയ്യുന്നവർക്ക് എത്തിച്ചു കൊടുത്തിരുന്നതു സണ്ണിയും ബിഞ്ചുവും ആയിരുന്നു. കൂടാതെ സിസി കുടിശിക വന്ന വാഹനങ്ങൾ കുറഞ്ഞ തുകയ്ക്കു വാങ്ങി തട്ടിപ്പു നടത്തുന്ന സംഘത്തിലും ഇവർ ഉൾപ്പെട്ടിരുന്നു. ഈ സംഘവുമായി ബന്ധപ്പെട്ട് ഇനിയും ചിലർ പിടിയിലാകാനുണ്ടെന്നു പോലീസ് പറഞ്ഞു. കാളിയാർ എസ്ഐ സഞ്ജയ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഉബൈദ്, ഷംസ്, വിജേഷ്, ജിമ്മി, സഞ്ജയ്, തൊടുപുഴ ഷാഡോ പോലീസ് എസ്ഐ ടി.ആർ. രാജൻ, എഎസ്ഐ അശോകൻ എന്നിവരാണ് പ്രതികളെ കുടുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.