നീറ്റ് രണ്ടാം ഘട്ട പരീക്ഷ നടന്നു; ബയോളജി ലളിതം, ഫിസിക്സ് കുഴപ്പിച്ചു
നീറ്റ് രണ്ടാം ഘട്ട പരീക്ഷ നടന്നു; ബയോളജി ലളിതം, ഫിസിക്സ് കുഴപ്പിച്ചു
Sunday, July 24, 2016 12:43 PM IST
തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്–നീറ്റ്–തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. നീറ്റ് പരീക്ഷയ്ക്ക് ഈവർഷം കേരളത്തിന് ഇളവു ലഭിച്ച സാഹചര്യത്തിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കും കൽപ്പിത സർവകലാശാലകളിലേക്കുമുള്ള പ്രവേശനത്തിനാണ് നീറ്റ് പ്രധാനമായും ബാധകമാവുക.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം കർശനസുരക്ഷാ സംവിധാനങ്ങളോടെയാണ് ഇന്നലെ പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർഥികളെ പോലീസ് പ്രവേശിപ്പിച്ചത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തിയശേഷമായിരുന്നു വിദ്യാർഥികളെ കോമ്പൗണ്ടിനുള്ളിലേക്കു കയറ്റിയത്. പെൺകുട്ടികളെ പരിശോധിക്കുന്നതിന് വനിതാ പോലീസുകാരെ പ്രത്യേകമായി നിയോഗിച്ചിരുന്നു. രാവിലെ പത്തിന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് 9.30നു മുമ്പുതന്നെ ഹാളിൽ പ്രവേശിച്ചിരിക്കണമെന്നായിരുന്നു വിദ്യാർഥികൾക്കു നൽകിയിരുന്ന നിർദേശം. വിദ്യാർഥികൾക്കൊപ്പമെത്തിയ രക്ഷിതാക്കളെ കോമ്പൗണ്ടിനുള്ളിലേക്ക് പ്രവേശിക്കാൻ അധികൃതർ തയാറായില്ല.

ഇന്നലെ നടന്ന നീറ്റ് പരീക്ഷയിൽ ഫിസിക്സ് പരീക്ഷ കുഴപ്പിച്ചെന്നാണു വിദ്യാർഥികൾ പൊതുവെ അഭിപ്രായപ്പെട്ടത്. എന്നാൽ, ബയോളജി ലളിതമായിരുന്നു. മറ്റു വിഷയങ്ങളും കാര്യമായ പ്രശ്നമുണ്ടാക്കിയില്ല.

അതേസമയം 6.5 ലക്ഷം പേരെഴുതിയ ആദ്യഘട്ട നീറ്റ് പരീക്ഷ പൊതുവേ കടുപ്പമായിരുന്നുവെന്നായിരുന്നു വിദ്യാർഥികൾ അഭിപ്രായപ്പെട്ടത്. ആദ്യഘട്ട നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാതെ പോയവർ, രജിസ്റ്റർ ചെയ്തശേഷം എഴുതാൻ കഴിയാതിരുന്നവർ, പരീക്ഷ എഴുതിയെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതെപോയവർ എന്നിവർക്ക് രണ്ടാംഘട്ട പരീക്ഷയെഴുതാൻ അവസരം നൽകിയിരുന്നു. ഇത്തരത്തിലുള്ളവർക്ക് ഇവരുടെ ആദ്യ നീറ്റിന്റെ മാർക്ക് പരിഗണിക്കുകയില്ല.


<ആ>നീറ്റ്: പരീക്ഷാർഥികൾ വലഞ്ഞു

കൊച്ചി: അടിസ്‌ഥാനസൗകര്യങ്ങൾ ഒരുക്കാതിരുന്നത്, കൊച്ചിയിലെ സെന്ററുകളിൽ നീറ്റ് രണ്ടാംഘട്ട പരീക്ഷയെഴുതാനെത്തിയ വിദ്യാർഥികളെയും രക്ഷിതാക്കളെയും ദുരിതത്തിലാക്കി.

കൊച്ചിയിൽ നേവൽ ബേസിലെയും കടവന്ത്രയിലെയും കേന്ദ്രീയ വിദ്യാലയങ്ങളിലും തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ സ്കൂളിലുമായിരുന്നു പരീക്ഷ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യംപോലും സെന്ററുകളിൽ ഏർപ്പെടുത്തിയിരുന്നില്ല. രക്ഷിതാക്കളെ സെന്ററുകളിലേക്കു പ്രവേശിപ്പിക്കാത്തതിനാൽ മണിക്കൂറുകളോളം മഴയത്ത് ഇവർക്കു പ്രവേശന കവാടത്തിനു പുറത്തു കാത്തുനിൽക്കേണ്ടി വന്നു. സിബിഎസ്ഇക്കായിരുന്നു പരീക്ഷാ നടത്തിപ്പിന്റെ ചുമതല. ഓരോ കേന്ദ്രത്തിലും 1500ഓളം വിദ്യാർഥികൾ പരീക്ഷ എഴുതാനുണ്ടായിരുന്നു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയായിരുന്നു പരീക്ഷ. പരീക്ഷാർഥികളുടെ ശരീരത്തിലെ ഏലസുകളുംവരെ അഴിപ്പിച്ചു. വാഹനങ്ങളുമായെത്തിയവരിൽനിന്ന് അനധികൃത പാർക്കിംഗിന്റെ പേരിൽ പോലീസ് 500 രൂപവീതം പിഴ ഇടാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.