കോടതികൾ സാധാരണനിലയിലേക്ക്
കോടതികൾ സാധാരണനിലയിലേക്ക്
Sunday, July 24, 2016 12:53 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള പ്രശ്നങ്ങൾക്കു പരിഹാരമായതോടെ ഇന്നു മുതൽ ഹൈക്കോടതി സാധാരണ നിലയിൽ പ്രവർത്തിച്ചുതുടങ്ങും. കൊച്ചിയിലും തിരുവനന്തപുരത്തും ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അഭിഭാഷകർ കോടതി ബഹിഷ്കരണ സമരം നടത്തിയതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഹൈക്കോടതിയിലെയും ജില്ലാ കോടതി അടക്കമുള്ള മറ്റു കോടതികളിലെയും നടപടികൾ മുടങ്ങിയിരുന്നു.

മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ സമവായമുണ്ടായ പശ്ചാത്തലത്തിലാണ് ഇന്നു മുതൽ കോടതികളുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് എത്തുന്നത്.

അതേസമയം, ഇന്നു നടക്കുന്ന ഹൈക്കോടതിയിലെ ജഡ്ജിമാരുടെ യോഗത്തിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്നങ്ങൾ ചർച്ചയാകും.

ഇന്നു ഹൈക്കോടതിയിലെ മീഡിയ റൂം തുറന്നു പ്രവർത്തിക്കില്ലെന്നു രജിസ്ട്രാർ ജനറൽ അശോക് മേനോൻ പറഞ്ഞു.

മീഡിയ റൂം തത്കാലത്തേക്ക് അടയ്ക്കുന്നതിനുള്ള തീരുമാനം കഴിഞ്ഞ ദിവസം കൈക്കൊണ്ടിരുന്നു. മറ്റു തരത്തിലൊരു നിർദേശം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ശനിയാഴ്ച കൊച്ചിയിലെത്തിയ മുഖ്യമന്ത്രി, അഭിഭാഷകരും മാധ്യമപ്രവർത്തകരുമായി നടത്തിയ ചർച്ചയിൽ ഹൈക്കോടതിക്കു പുറത്തു നടന്ന സംഭവങ്ങളെക്കുറിച്ചും അതിനിടയാക്കിയ പ്രശ്നങ്ങളെക്കുറിച്ചും ജുഡീഷൽ അന്വേഷണം നടത്തുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനു സ്‌ഥിരം സമിതി രൂപീകരിക്കുന്നതിനും ധാരണയായിരുന്നു.

പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു മുൻപുള്ള അവസ്‌ഥയിലേക്ക് ഇരു വിഭാഗവും തിരികെ പോകണമെന്നും സൗഹാർദപൂർവം പ്രവർത്തിക്കണമെന്നുമുള്ള അഭ്യർഥനയും മുഖ്യമന്ത്രി നടത്തിയിരുന്നു.

കാര്യങ്ങൾ സാധാരണ നിലയിലേക്കു കൊണ്ടുപോകുന്നതിനുള്ള സന്നദ്ധത ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രതിനിധികളും പത്രപ്രവർത്തക യൂണിയൻ പ്രതിനിധികളും അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.