ഇതര സംസ്‌ഥാന തൊഴിലാളിയായി എത്തി, പുത്തൻ അനുഭവങ്ങളുമായി കോടീശ്വരപുത്രൻ മടങ്ങി
ഇതര സംസ്‌ഥാന തൊഴിലാളിയായി എത്തി,  പുത്തൻ അനുഭവങ്ങളുമായി കോടീശ്വരപുത്രൻ മടങ്ങി
Sunday, July 24, 2016 12:55 PM IST
കണ്ണൂർ: പ്രശസ്ത വ്യക്‌തികളുടെയെല്ലാം ജീവിതം പരിശോധിച്ചാലറിയാം ജീവിതാനുഭവങ്ങളാണ് അവരുടെ നേട്ടങ്ങൾക്കു പിന്നിലെന്ന്. ഗുജറാത്തിലെ കോടീശ്വരപുത്രനായ ദ്രവ്യ ധോലാക്കിയയെ ഇതരസംസ്‌ഥാന തൊഴിലാളിയായി കൊച്ചിയിൽ എത്തിച്ചതും ഇത്തരത്തിൽ ജീവിതാനുഭവങ്ങൾ തേടിയുള്ള യാത്രയാണ്.

ഈ കോടീശ്വരപുത്രൻ കൊച്ചി നഗരത്തിൽ പലയിടങ്ങളിലായി ഒരു മാസത്തോളം അലഞ്ഞ് വിവിധ ജോലികൾ ചെയ്തു മടങ്ങിയ കഥ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നു. മക്കൾ കഷ്‌ടപ്പാടുകൾ നിറഞ്ഞ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകണമെന്ന പിതാവ് സാവ്ജി ധൊലാക്കിയയുടെ തീരുമാനമാണു 21 കാരനായ ദ്രവ്യ കൊച്ചിയിൽ എത്താൻ നിമിത്തമായത്. ന്യൂയോർക്കിലെ പേസ് യൂണിവേഴ്സിറ്റിയിൽ ബിസിനസ് മാനേജ്മെന്റിൽ ബിരുദത്തിനു പഠിക്കുന്ന ദ്രവ്യ കഴിഞ്ഞ മാസം അവധിക്ക് എത്തിയപ്പോഴായിരുന്നു പിതാവിന്റെ നിർദേശം. യാതൊരു മടിയും കൂടാതെ പിതാവിന്റെ തീരുമാനം ദ്രവ്യ അനുസരിക്കുകയും ചെയ്തു.

ഗുജറാത്തിലെ സൂറത്തിലുള്ള വജ്ര കയറ്റുമതി സ്‌ഥാപനമായ ഹരേകൃഷ്ണ ഡയമണ്ട് എക്സ്പോർട്ട്സ് കമ്പനി ഉടമയാണ് സാവ്ജി ധൊലാക്കിയ. 6,000 കോടി രൂപ ആസ്തിയുള്ളതാണ് ഈ കമ്പനി. കോടീശ്വരന്റെ മകനാണു ദ്രവ്യയെങ്കിലും അവൻ ജീവിതദുരിതങ്ങളിലൂടെ കടന്നുപോകണമെന്നു സാവ്ജിക്കു നിർബന്ധമുണ്ടായിരുന്നു. എവിടെയെങ്കിലും പോയി ഒരുമാസം എന്തെങ്കിലും തൊഴിലെടുത്തു ജീവിക്കണമെന്നായിരുന്നു സാവ്ജി മകനോടു പറഞ്ഞത്.

ഒരേ സ്‌ഥലത്ത് ഒരാഴ്ചയിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ല, പിതാവിന്റെ സ്വാധീനം യാതൊരു തരത്തിലും ഉപയോഗിക്കരുത്, കൈവശമുള്ള 7,000 രൂപ അടിയന്തര സാഹചര്യത്തിലല്ലാതെ ഉപയോഗിക്കരുത് എന്നീ ഉപാധികളോടെയാണു ദ്രവ്യയെ സാവ്ജി കൊച്ചിയിലേക്ക് അയച്ചത്. ഭാഷ പ്രശ്നമാണെന്ന് അറിയാമെങ്കിലും പിതാവിന്റെ വെല്ലുവിളി ഏറ്റെടുത്തു മൂന്നു ജോഡി വസ്ത്രവും പിതാവ് നൽകിയ 7,000 രൂപയുമായി ദ്രവ്യ കഴിഞ്ഞ മാസം 21ന് കൊച്ചിയിലെത്തി. ആദ്യ നാലുദിവസം തൊഴിലൊന്നും ലഭിക്കാതെ അലഞ്ഞു. തുടർന്ന് ചേരാനെല്ലൂരിലെ ഒരു ബേക്കറിയിൽ ജോലി കിട്ടി. പിന്നീട് ആര്യാസ് ഹോട്ടലിൽ വെയിറ്ററായും ഒരു കോൾസെന്ററിലും ചെരുപ്പുകടയിലും മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റിലും ജോലി ചെയ്തു. ഒരു മാസത്തിനിടെ അഞ്ചു ദിവസത്തോളം തൊഴിലൊന്നും ലഭിക്കാതെയും കിടക്കാനിടമില്ലാതെയും അലഞ്ഞതായി ദ്രവ്യ പറയുന്നു.

തൊഴിലന്വേഷിച്ചു ചെന്ന 60 സ്‌ഥാപനങ്ങളിൽനിന്നു തിരസ്കരിക്കപ്പെട്ടതായും ദ്രവ്യ കൂട്ടിച്ചേർത്തു. പണത്തിന്റെ മൂല്യവും ജീവിതത്തിലെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളും അനുഭവിച്ചറിയുന്നതിനാണ് മകനെ കൊച്ചിയിലേക്ക് അയച്ചതെന്ന് അഭിമാനത്തോടെ സാവ്ജി ധൊലാക്കിയ പറഞ്ഞു.


കൊച്ചിയിലെ സാമ്പത്തിക സ്‌ഥാപനമായ ഗ്രീക്കോ ലൊജിസ്റ്റിക്സിലെ സാമ്പത്തിക വിഭാഗം ഹെഡും വടകര സ്വദേശിയുമായ ശ്രീജിത്തിനോടാണു ദ്രവ്യ തന്നെക്കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്. കൊച്ചിയിലെ താമസത്തിനിടെ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതും ശ്രീജിത്ത് ആണെന്നു ദ്രവ്യ പറയുന്നു.

ചേരാനെല്ലൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണു ചുറുചുറുക്കോടെ വെയിറ്ററുടെ ജോലി ചെയ്യുകയും നന്നായി ഇംഗ്ലീഷ് ഭാഷ സംസാരിക്കുകയും ചെയ്യുന്ന ദ്രവ്യയെ ശ്രീജിത്ത് ശ്രദ്ധിച്ചത്. ദ്രവ്യയുടെ പെരുമാറ്റത്തിൽ ആകൃഷ്‌ടനായ ശ്രീജിത്ത് അവനു താൻ ജോലി ചെയ്യുന്ന സ്‌ഥാപനത്തിൽ ജോലി നൽകാൻ തീരുമാനിച്ചു. ബന്ധപ്പെടാൻ ഫോൺനമ്പറും കൊടുത്തു. എന്നാൽ, പെരുമ്പാവൂരിലെ ജിഷ വധക്കേസിനെത്തുടർന്ന് അന്യസംസ്‌ഥാന തൊഴിലാളികൾക്കെതിരേ സംസ്‌ഥാനത്ത് ഉയർന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ അന്യസംസ്‌ഥാന തൊഴിലാളിയായ ദ്രവ്യയെ നിയമിക്കുന്നതിൽനിന്നു ശ്രീജിത്തിനെ സുഹൃത്തുക്കൾ പിന്തിരിപ്പിച്ചു. ഇതോടെ ദ്രവ്യയുടെ ഫോൺകോളുകൾ ശ്രീജിത്ത് കട്ട് ചെയ്തു. ശ്രീജിത്തിനെ ഫോണിൽ കിട്ടാതെ വന്നതോടെ നേരിട്ടു കൂടിക്കാഴ്ച നടത്തിയപ്പോഴാണു ഈ രഹസ്യം ദ്രവ്യ വെളിപ്പെടുത്തിയത്. കുടുംബത്തിലെ അംഗങ്ങൾ 12–ാം ക്ലാസ് പൂർത്തിയാക്കിയശേഷം ഒരുമാസം ഏതെങ്കിലും നഗരത്തിൽ പോയി എന്തെങ്കിലും തൊഴിലെടുത്തു ജീവിക്കണമെന്നതു വർഷങ്ങളായി തുടരുന്ന പാരമ്പര്യമാണെന്നു ദ്രവ്യ പറയുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നു ലഭിച്ച ജീവിതാനുഭവവുമായി അടുത്ത മാസം അഞ്ചിനു ദ്രവ്യ ന്യൂയോർക്കിലേക്ക് മടങ്ങും.

ശതകോടീശ്വരനായ സാവ്ജി ധൊലാക്കിയ ലോകമെങ്ങും അറിയപ്പെടുന്ന വ്യവസായിയാണ്. പ്രതിവർഷം 1,000 കോടി രൂപ വിറ്റുവരവുള്ള തന്റെ കമ്പനികളിലെ 1,200 ജീവനക്കാർക്ക് 2013ൽ സൗജന്യമായി ഫ്ളാറ്റുകളും കാറുകളും സ്വർണാഭരണങ്ങളും സമ്മാനിച്ചതിലൂടെയാണു സാവ്ജി പ്രശസ്തനായത്. കമ്പനിയുടെ വളർച്ചയിൽ ജീവനക്കാർ വഹിക്കുന്ന പങ്ക് മാനിച്ചായിരുന്നു ഈ പ്രത്യുപകാരം.

കഷ്‌ടപ്പാടുകൾ അറിയിക്കാതെ മക്കളെ വളർത്തുന്ന ആധുനിക മാതാപിതാക്കൾക്ക് വലിയൊരു പാഠമാണ് സാവ്ജി ധോലാക്കിയ നൽകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.