ആശുപത്രികളിൽ നടന്നതു ബോർഡ് മാറ്റിവയ്ക്കൽ മാത്രം: മന്ത്രി ശൈലജ
ആശുപത്രികളിൽ നടന്നതു ബോർഡ് മാറ്റിവയ്ക്കൽ മാത്രം: മന്ത്രി ശൈലജ
Monday, July 25, 2016 12:26 PM IST
മലപ്പുറം: ആവശ്യമായ ഭൗതിക സൗകര്യങ്ങളൊരുക്കാതെ ബോർഡ് മാറ്റിവയ്ക്കൽ മാത്രം നടന്ന ആശുപത്രികളുടെ നില മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. താലൂക്ക് ആശുപത്രികൾ ജില്ലാ ആശുപത്രികളാക്കിയും ജില്ലാ ആശുപത്രികൾ ജനറൽ ആശുപത്രികളും മെഡിക്കൽ കോളജുകളുമാക്കിയും ബോർഡ് വച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ആവശ്യത്തിന് ജീവനക്കാരോ ഇതര സൗകര്യങ്ങളോ ഒരുക്കാതെയായിരുന്നു നടപടി.

യുഡിഎഫ് സർക്കാരിന്റെ നടപടിയെ സൂചിപ്പിച്ചാണ് ആരോഗ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. മലപ്പുറം പ്രസ്ക്ലബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പിഎച്ച്സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതടക്കം വിവിധ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറിയിടും. സർക്കാർ സർവീസിലേക്ക് വരാൻ ഡോക്ടർമാർ മടിക്കുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ കുറവ് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ഇതു പരിഹരിക്കാൻ മെഡിക്കൽ പിജി കഴിഞ്ഞവർ മൂന്നു മാസം സർക്കാരിൽ സേവനം ചെയ്യണമെന്നു വ്യവസ്‌ഥ കൊണ്ടുവന്നിട്ടുണ്ട്. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പുതിയ മെഡിക്കൽ കോളജുകൾ അനാവശ്യമാണ്. മഞ്ചേരി, ഇടുക്കി മെഡിക്കൽ കോളജുകളെപ്പോലെ പാതിവഴിയിൽ നിൽക്കുന്നവയുടെ കാര്യത്തിൽ പെട്ടെന്നു തീരുമാനമെടുക്കാൻ കഴിയില്ല. പഴയ അഞ്ച് മെഡിക്കൽ കോളജുകളുടെ സൗകര്യം മെച്ചപ്പടുത്താനാണ് ഇപ്പോൾ പദ്ധതി. ജീവനക്കാരുടെ സ്‌ഥലംമാറ്റം ശാസ്ത്രീയമാക്കാനുള്ള നടപടി സ്വീകരിക്കും. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സ്‌ഥലംമാറ്റ പ്രശ്നവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.


പി. വി അൻവർ എംഎൽഎ മന്ത്രിയോടൊപ്പം പരിപാടിയിൽ പങ്കെടുത്തു. പ്രസ്ക്ലബ് സെക്രട്ടറി ആർ. സാംബൻ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.