കുഞ്ഞുങ്ങൾക്ക് എന്നും സ്വന്തം
കുഞ്ഞുങ്ങൾക്ക് എന്നും സ്വന്തം
Monday, July 25, 2016 12:26 PM IST
അൽഫോൻസാമ്മയ്ക്കു കുഞ്ഞുകുട്ടികളെ ഒത്തിരി ഇഷ്ടമായിരുന്നു. അതുപോലെ തിരിച്ചു കുട്ടികൾക്കും. മിക്കവാറും വെള്ളയുടുപ്പാണ് അൽഫോൻസാമ്മ ധരിച്ചിരുന്നത്. രോഗികൾക്ക് അതിനു പ്രത്യേക അനുമതിയുണ്ടായിരുന്നു. വെള്ളയുടുപ്പിട്ടു നിൽക്കുന്ന അൽഫോൻസാമ്മയെ കണ്ടാൽ മാലാഖയെപ്പോലെ തോന്നുമെന്നു നേരിൽക്കണ്ടവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. വാത്സല്യത്തോടെയുള്ള സംസാരം.

വാകക്കാട് സെന്റ് പോൾസ് എൽ.പി സ്കൂളിൽ അധ്യാപികയായിരുന്നപ്പോഴും വലിയ സ്നേഹത്തോടെയാണു കുട്ടികളോടു പെരുമാറിയിരുന്നത്. മൂന്നാം ക്ലാസിലാണു പഠിപ്പിച്ചത്. ശാന്തമായി, പുഞ്ചിരി തൂകി പുസ്തകവും അടക്കിപ്പിടിച്ചു ക്ലാസിലേക്കു കയറി വരുന്ന വെളുത്തു സുന്ദരിയായ കൊച്ചു സിസ്റ്ററിനെ കുട്ടികളിലാർക്കും മറക്കാനാവില്ലായിരുന്നു. റോസാദളങ്ങൾ ഒട്ടിച്ചതുപോലെ മനോഹരവും നിഷ്കളങ്കവുമായിരുന്നു ആ മുഖം. ചിരിച്ചുകൊണ്ടു വേദനിപ്പിക്കാതെ കൈവെള്ളയിൽ തല്ലുന്ന ടീച്ചറിനെ അവർക്ക് ഏറെ ഇഷ്ടവുമായിരുന്നു.

ഭരണങ്ങാനം ബോയ്സ് സ്കൂളിലെ കുട്ടികൾ ഉച്ചസമയത്ത് ക്ലാരമഠത്തിൽ ചാമ്പങ്ങയും മൾബറി പഴവും പറിക്കാൻ പോകുന്നതു സാധാരണയായിരുന്നു. മരച്ചുവട്ടിൽ വീണുകിടക്കുന്നതു പെറുക്കാൻ മാത്രമായിരുന്നു അനുവാദം. മരത്തിൽ കയറിയോ എറിഞ്ഞോ കുലുക്കിയോ പഴങ്ങൾ പറിക്കാൻ പാടില്ലെന്നു മദർ കർശനമായി വിലക്കിയിരുന്നു. ആൺകുട്ടികളല്ലേ! അവരുണ്ടോ അതു കാര്യമാക്കുന്നു. അവർ എറിഞ്ഞും കുലുക്കിയും ചാമ്പങ്ങ പറിക്കും. മദർ അവരെ വഴക്കുപറഞ്ഞ് ഓടിക്കും. ഇതു പതിവായിരുന്നു. ഇതുകണ്ടു പുഞ്ചിരി തൂകി വരാന്തയിൽ നിൽക്കുന്ന അൽഫോൻസാമ്മ കുട്ടികളെ മാടി വിളിക്കും. വിഷമിക്കേണ്ടന്നു പറഞ്ഞ് ആശ്വസിപ്പിക്കും. പിന്നീട് നിലത്തുവീഴുന്ന ചാമ്പങ്ങ മുഴുവൻ പെറുക്കിവച്ച് അടുത്ത ദിവസം ചെല്ലുമ്പോൾ അവർക്കു നൽകും. ദിവസവും ഒരോ സുകൃത ജപം ചൊല്ലണമെന്നു പറഞ്ഞാണ് അതു നൽകിയിരുന്നത്. തീപ്പെട്ടിക്കകത്ത് കുരുമുളക് ശേഖരിച്ചു കൊണ്ടുവരണമെന്നും പെരുന്നാൾ കൂടാൻ കിട്ടുന്ന പൈസ സൂക്ഷിച്ചുവച്ചു പാവപ്പെട്ടവരെ സഹായിക്കണമെന്നും അൽഫോൻസാമ്മ അവരെ ഉപദേശിക്കുമായിരുന്നു.


അൽഫോൻസാമ്മയുടെ മരണത്തിൽ ഏറെ ദുഃഖിച്ചതു കുട്ടികളാണ്. കബറിടത്തിൽ മുറിത്തിരികൾ കത്തിച്ച് അനുഗ്രഹത്തിനായി ആദ്യം പ്രാർഥിച്ചു തുടങ്ങിയതും അവരാണ്. കബറിടത്തിലെ വാടാത്ത പൂക്കൾ കണ്ടെത്തിയതും കുട്ടികളാണ്. പരീക്ഷാ വിജയം, സ്വപ്ന ദർശനം തുടങ്ങി അൽഫോൻസാമ്മയുടെ അനുഗ്രഹങ്ങൾ ആദ്യമായി ലഭിച്ചതും കുട്ടികൾക്കാണ്. കുട്ടികളിലൂടെയാണ് അൽഫോൻസാമ്മയുടെ സ്വർഗപ്രവേശനം ലോകം അറിഞ്ഞത്.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.