സന്തോഷ് മാധവനെ സഹായി സ്‌ഥാനത്തുനിന്ന് ഉടൻ മാറ്റണമെന്നു മനുഷ്യാവകാശ കമ്മീഷൻ
Monday, July 25, 2016 12:26 PM IST
തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനായ വിവാദ സന്യാസി സന്തോഷ് മാധവനെ ജയിൽ ആശുപത്രിയിലെ സഹായി എന്ന ജോലിയിൽ നിന്ന് ഉടൻ മാറ്റണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ജെ.ബി. കോശി ഉത്തരവിട്ടു. ഇത്തരം ലഘുവായ ജോലികൾ മറ്റു തടവുകാർക്കു നൽകണമെന്ന് ഉത്തരവിൽ പറയുന്നു.

സന്തോഷ് മാധവനും ജയിൽ ഡോക്ടറും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ തടവുകാർക്കു ചികിത്സ നിഷേധിക്കപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ടോ എന്നു സെൻട്രൽ ജയിലിനു പുറത്തുള്ള ഒരു ഉയർന്ന ഉദ്യോഗസ്‌ഥൻ അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. തടവുകാർക്കു ചികിത്സ നൽകുന്നതിൽ ജയിൽ ഡോക്ടറുടെ ഭാഗത്ത് അലംഭാവം ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കണം.

വിവാദ സന്യാസി സന്തോഷ് മാധവന്റെ സ്വാധീനത്തിനു വഴങ്ങി ജയിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വിക്ടർ ദന്ത ചികിത്സയ്ക്കുള്ള അവസരം നിഷേധിച്ചു എന്നാരോപിച്ച് സെൻട്രൽ ജയിലിലെ തടവുകാരൻ സാബു ദാനിയേൽ സമർപ്പിച്ച പരാതിയിലാണു നടപടി.

ജയിൽ മേധാവി ഇതുസംബന്ധിച്ചു കമ്മീഷന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കമ്മീഷൻ തള്ളി. ഉന്നത ഉദ്യോഗസ്‌ഥർ ഇത്തരത്തിലുള്ള അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കരുതെന്ന് ജസ്റ്റീസ് ജെ.ബി. കോശി മുന്നറിയിപ്പ് നൽകി. കമ്മീഷനിൽ പരാതി നൽകിയ സാബു നാലു കേസുകളിൽ പ്രതിയാണെന്നാണ് ജയിൽ മേധാവിയുടെ പ്രധാന ആരോപണം. അതു പരാതിക്കാരന്റെ അവകാശങ്ങൾ ലംഘിക്കാനുള്ള കാരണമല്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.


സംഭവം സംബന്ധിച്ച് കമ്മീഷന്റെ അന്വേഷണവിഭാഗത്തിലെ എസ്പി ബേബി ഏബ്രഹാം അന്വേഷണം നടത്തിയിരുന്നു. സന്തോഷ് മാധവനും ജയിൽ ഡോക്ടറും തമ്മിലുള്ള സൗഹൃദം കാരണം നേരത്തെ അനിൽ ജോർജ് എന്ന തടവുകാരൻ ചികിത്സ കിട്ടാതെ മരിച്ച പരാതിയും കമ്മീഷന്റെ പരിഗണനയിലുണ്ട്.

സന്തോഷ് മാധവൻ രണ്ടു കൊല്ലത്തോളമായി ജയിലിൽ ലഘുജോലികളിലാണ് ഏർപ്പെടുന്നത്. തടവുകാർക്ക് യഥാസമയം ചികിത്സ ലഭിക്കാതെ അപകടം സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം സർക്കാരിനും ജയിൽ അധികൃതർക്കുമാണെന്നു കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

പരാതിക്കാരനായ സാബുവിന് ഡന്റൽ കോളജിൽ നിന്നു തുടർചികിത്സ നൽകണമെന്ന് ഉത്തരവിൽ പറയുന്നു. ജയിലിനുള്ളിലെ ആശുപത്രിയിലും ക്ലിനിക്കിലും യോഗ്യരായ പുരുഷ നഴ്സുമാരെ നിയമിക്കണം. തടവുകാരെ പുറത്തു കൊണ്ടുപോകാൻ വലിയ വാഹനം ലഭ്യമാക്കണം. തടവുകാരെ യഥാസമയം ആശുപത്രിയിൽ കൊണ്ടുപോകാൻ കുടുതൽ ജീവനക്കാരെ നിയമിക്കണം. 727 ശിക്ഷാ തടവുകാരെ മാത്രം പാർപ്പിക്കാൻ ശേഷിയുള്ള പൂജപ്പുര സെൻട്രൽ ജയിലിൽ ഇപ്പോൾ 1300 ലേറെ തടവുകാരുണ്ട്. അതനുസരിച്ചുള്ള സൗകര്യങ്ങളും ജീവനക്കാരും ആവശ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.