ജനത്തിനുമേൽ അമിത നികുതിഭാരം ചുമത്തുന്നത് അംഗീകരിക്കില്ല: ഉമ്മൻ ചാണ്ടി
ജനത്തിനുമേൽ അമിത നികുതിഭാരം ചുമത്തുന്നത് അംഗീകരിക്കില്ല: ഉമ്മൻ ചാണ്ടി
Monday, July 25, 2016 12:32 PM IST
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വസ്തുതകൾ മറച്ച് വച്ച് ജനത്തെ കബളിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബജറ്റ് അവതരണ സമയത്തും ചർച്ചയിലും ജനത്തിന് ആവശ്യം വേണ്ട മൂന്നു കാര്യങ്ങൾ നടപ്പിലാക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. നെല്ല് സംഭരണ വില വർധിപ്പിക്കണം, റബർ താങ്ങുവില വർധിപ്പിക്കണം, ആധാരം രജിസ്ട്രേഷന് ഏർപ്പെടുത്തിയ അമിത ഫീസ് കുറയ്ക്കണം. ഇത് പരിഗണിക്കാമെന്നു പറഞ്ഞ സർക്കാർ ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുകയാണ്. ഇക്കാര്യങ്ങളിൽ പരിഹാരമുണ്ടാക്കാതെ മുന്നോട്ടുപോകാമെന്നു മുഖ്യമന്ത്രി യും സർക്കാരും കരുതേണ്ടതി ല്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ആധാരം രജിസ്ട്രേഷൻ ഫീസ് വർധിപ്പിച്ച നടപടി അംഗീകരിക്കാൻ കഴിയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജനദ്രോഹ നടപടികൾ നടപ്പിലാക്കാൻ അനുവദിക്കില്ല. വരുമാന വർധനയ്ക്കു വേണ്ടി ജനങ്ങളുടെ മേൽ അമിത നികുതി ഭാരം ഏർപ്പെടുത്തുന്ന നടപടി അം ഗീകരിക്കില്ല. നികുതി ചോർച്ച തടഞ്ഞ് നികുതിയിതര വരുമാനം വർധിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ നികുതിയിതര വരുമാനത്തിലൂടെയാണ് മുൻ എൽഡിഎഫ് സർക്കാരിനെക്കാൾ മുന്നിരട്ടി തുക കണ്ടെത്തിയത്.


കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ലോട്ടറിയിലൂടെ 113 കോടി ലാഭം നേടിയെന്ന് അവകാശപ്പെടുന്ന തോമസ് ഐസക് കഴിഞ്ഞ സർക്കാർ നികുതിയിതര വരുമാനത്തിലൂടെ 3,337 കോടി രൂപ നേടിയതിനെക്കുറിച്ച് മിണ്ടുന്നില്ല. ചുരുക്കത്തിൽ സാമ്പത്തിക ബാധ്യതയുടെ പേരിൽ നികുതികൾ ചുമത്തി ജനത്തെ ദ്രോഹിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത്തരം ജനദ്രോഹനടപടികൾ തിരുത്തിയില്ലെങ്കിൽ ശക്‌തമായ സമരവുമായി കോൺഗ്രസും യുഡിഎഫും മുന്നോട്ട് പോകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.