രഹസ്യങ്ങൾ ചോർത്തി കുടുംബങ്ങൾ തകർത്ത് പുതിയ മൊബൈൽ ആപ്പ്
Monday, July 25, 2016 12:39 PM IST
<ആ>സ്വന്തം ലേഖകൻ

തലശേരി: മൊബൈൽ ഫോണിൽ പുതിയതായി ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന ആപ്പ് കുടുംബ ബന്ധങ്ങൾ തകർത്തുകൊണ്ടു വ്യാപകമാകുന്നു. സാമ്പത്തിക തട്ടിപ്പുകൾക്കു കളമൊരുക്കിയും രാജ്യസുരക്ഷയെവരെ ബാധിക്കുന്ന തരത്തിലുമുള്ള ഈ ആപ്പ് ഉപയോഗിച്ചു നടന്നിട്ടുള്ള തട്ടിപ്പുകളെക്കുറിച്ചു പോലീസും അന്വേഷണം ഊർജിതമാക്കിക്കഴിഞ്ഞു. ഈ ആപ്പിനെക്കുറിച്ചു വിശദമായി പഠിച്ചു വരികയാണെന്ന് എറണാകുളം ഐജി എസ്.ശ്രീജിത്ത് ദീപികയോടു പറഞ്ഞു. ആറ് മാസം മുമ്പ് എത്തിയ ഈ ആപ്പ് ഉപയോഗിച്ച് ഇതിനകം നിരവധി മൊബൈലുകളാണു ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്.

ആൻഡ്രോയിഡ്, ഐ ഫോൺ എന്നീ ഫോണുകളിലെ പ്ലേ സ്റ്റോറുകളിൽനിന്നു ഡൗൺ ലോഡ് ചെയ്യപ്പെടുന്ന വാട്സ് ആപ്പുമായി ബന്ധപ്പെട്ട ആപ്പ് നൂറു കണക്കിനു കുടുംബബന്ധങ്ങൾ ഇതിനകം തകർത്തു കഴിഞ്ഞു. നാട്ടിലുള്ള ഭാര്യമാരുടെ അവിഹിതബന്ധങ്ങളും മറ്റും വിദേശത്തിരുന്നു കൈയോടെ പിടികൂടുന്ന ഭർത്താക്കന്മാർ ഭാര്യമാരെ ഉപേക്ഷിക്കുകയും അമ്മയുടെ വഴി വിട്ട സൗഹൃദം മകൻ കൈയോടെ പിടിക്കുകയും ചെയ്തതടക്കം നൂറു കണക്കിനു സംഭവങ്ങളാണ് ഇതിനകം ഉണ്ടായിട്ടുള്ളത്.

ആപ്പ് ഇൻസ്റ്റാൾ ചെയ്ത മൊബൈലിലെ ക്യൂ ആർ കോഡ് ഉപയോഗിച്ചു മറ്റൊരു ഫോണിലെ വാട്സ് ആപ്പ് ഓൺ ചെയ്ത ശേഷം ആ ഫോണിന്റെ കാമറയുടെ ഭാഗം സ്കാൻ ചെയ്താൽ സ്കാൻ ചെയ്യപ്പെടുന്ന ഫോണിലേക്ക് വരുന്ന വാട്സ് അപ്പ് സന്ദേശങ്ങളും ചിത്രങ്ങളുമുൾപ്പെടെ എല്ലാ വിവരങ്ങളും പൂർണമായും പുതിയ ആപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുള്ള മൊബൈലിൽ ലഭിക്കുന്നു. ദമ്പതികൾക്കു പുറമെ ബിസിനസ് പാർട്ണർമാർ തങ്ങളുടെ ബിസിനസ് പങ്കാളികളുടെ വിവരങ്ങളും രഹസ്യമായി ചോർത്താൻ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്.


വിദേശത്തെ പല ഭർത്താക്കന്മാരും പങ്കാളിയുടെ മൊബൈൽ ഇത്തരത്തിൽ സ്കാൻ ചെയ്ത ശേഷമാണ് വിദേശത്തേക്കു പോയിട്ടുള്ളത്. വിദേശത്തെത്തിയ പല ഭർത്താക്കന്മാർക്കും ഭാര്യമാർ കാമുകൻമാരുമായി ചാറ്റ് ചെയ്യുന്ന ചൂടൻ ഡയലോഗുകളും ചിത്രങ്ങളുമാണു ലഭിച്ചത്. ഇത്തരത്തിൽ വ്യക്‌തമായ തെളിവുകളുമായി നാട്ടിലെത്തിയ ചിലർ ഭാര്യയെ കൈയോടെ വീട്ടിൽ കൊണ്ടുചെന്നാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

എന്നാൽ, ഇതിനേക്കാൾ ഗൗരവമേറിയ നൂറു കണക്കിനു വിഷയങ്ങൾ ഈ ആപ്പിലൂടെ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സഹയാത്രികരും മറ്റും ഒരു കോൾ ചെയ്യാനെന്ന വ്യാജേന വാങ്ങുന്ന ഫോൺ നാലു സെക്കൻഡ് കൊണ്ട് സ്കാൻ ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ സ്കാൻ ചെയ്യപ്പെടുന്നതോടെ ആ മൊബൈലിന്റെ സ്വകാര്യത പൂർണമായും നഷ്‌ടപ്പെടുന്നു. കംപ്യൂട്ടറിന്റെ എല്ലാ സംവിധാനങ്ങളുമടങ്ങുന്ന ഇന്നത്തെ മൊബൈലുകളിലാണു കൂടുതൽ വിവരങ്ങളും ആളുകൾ സൂക്ഷിക്കുന്നത്. മൊബൈലിൽ സൂക്ഷിച്ചിട്ടുള്ള മുഴുവൻ രഹസ്യങ്ങളുൾപ്പടെയുള്ള വിവരങ്ങൾ ആപ്പ് ഇൻസ്റ്റാൾ ചെയ്ത മൊബൈലിലേക്കു ലഭിക്കുന്നു. ബാങ്ക് അക്കൗണ്ടുകളും എടിഎം കോഡുകളുമുൾപ്പെടെ ഇത്തരത്തിൽ ചോർത്താൻ സാധിക്കുന്നു.

എടിഎം കാർഡിന്റെ കോഡ് ലഭിച്ചാൽ എടിഎം കാർഡില്ലാതെ തന്നെ പണം പിൻവലിക്കാൻ തട്ടിപ്പുകാർക്കു പെട്ടെന്നു സാധിക്കുമെന്നു ബാങ്കിംഗ് മേഖലയിലെ വിദഗ്ധർ പറയുന്നു. ഹാക്കർമാർ ഈ സോഫ്റ്റ് വെയർ ഉപയോഗിച്ചായിരിക്കും ബാങ്കുകളിൽ വ്യാപകമായി സാമ്പത്തിക തട്ടിപ്പുകൾ നടത്തി വരുന്നതെന്നും സംശയിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.