സ്വയം ആധാരമെഴുതാനുള്ള അനുമതി: എതിർപ്പുമായി ആധാരമെഴുത്ത് സംഘടനകൾ
Monday, July 25, 2016 2:00 PM IST
തിരുവനന്തപുരം: കക്ഷികൾക്ക് സ്വയം ആധാരമെഴുതാനുള്ള അനുമതി നൽകിക്കൊണ്ടുള്ള ആധാരമെഴുത്ത് ലൈസൻസ് ചട്ടങ്ങളിലെ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആധാരമെഴുത്തുകാരുടെ സംഘടനകൾ രംഗത്ത്.

ആധാരമെഴുത്തുകാരുടെയും അനുബന്ധ ജീവനക്കാരുടെയും തൊഴിലിനു ഭീഷണിയായ നിയമം പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് ഡോക്കുമെന്റ് വർക്കേഴ്സ് യൂണിയനും ഓൾകേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷനും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്താണ് ഈ നിയമഭേദഗതി കൊണ്ടുവന്നത്. ആധാരം തയാറാക്കാനും രജിസ്റ്റർ ചെയ്യാനും പൊതുജനങ്ങൾക്കും അവകാശം നൽകുന്നതിലൂടെ കൈയേറ്റങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും മാത്രമല്ല കൃതിമ ഭൂരേഖ ചമയ്ക്കുന്നതിനും ഭൂമാഫിയയ്ക്കും കൈയേറ്റക്കാർക്കും സൗകര്യപ്രദമാകുമെന്നും ഇരു സംഘടനാ പ്രതിധികളും പറഞ്ഞു.

ജനങ്ങളെ ആധാരം എഴുത്തുകാരുടെ ചൂഷണത്തിൽനിന്നു രക്ഷിക്കാനെന്ന വ്യാജേന കൊണ്ടുവന്ന ഈ തീരുമാനം ഭൂമാഫിയ, റിയൽ എസ്റ്റേറ്റ് ലോബികൾക്ക് മാത്രമാകും സഹായകമാകുക എന്ന് എൽഡിഎഫ് അനുകൂല സംഘടനയായ ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ പറഞ്ഞു.


അതേസമയം, ഈ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അനുകൂല സംഘടനയായ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ പണിമുടക്കും സെക്രട്ടേറിയറ്റ് മാർച്ചും നടത്തുമെന്നു സംസ്‌ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരൻ പറഞ്ഞു.

വിജ്‌ഞാപനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ നൽകിയ നിവേദനം സർക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തിൽ സർക്കാരിന് സമയം അനുവദിക്കേണ്ടതുണ്ടെന്നും അതിനാൽ പ്രത്യക്ഷ സമരപരിപാടികളിലേക്കില്ലെന്നും ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ ജനറൽ കൺവീനർ ആനയറ ആർ. കെ. അജയൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.