സർക്കാരിനെതിരേ യുഡിഎഫ് പ്രക്ഷോഭത്തിന്
സർക്കാരിനെതിരേ യുഡിഎഫ് പ്രക്ഷോഭത്തിന്
Monday, July 25, 2016 2:00 PM IST
തിരുവനന്തപുരം: ഇടതുസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരേ യുഡിഎഫ് പ്രക്ഷോഭമാരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഓഗസ്റ്റ് നാലിനു സെക്രട്ടേറിയറ്റ് നടയിൽ യുഡിഎഫ് എംഎൽഎമാർ ധർണ നടത്തും. യുഡിഎഫ് യോഗതീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ടാണ് തങ്കച്ചൻ ഇക്കാര്യം അറിയിച്ചത്.

രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞു രണ്ടു വരെയാണു ധർണ. അന്ന് ഉച്ചകഴിഞ്ഞു മൂന്നിന് യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ചേർന്ന് ഭാവി സമരപരിപാടികൾക്കു രൂപം നൽകും. കെ.എം. മാണിയുമായി ആലോചിച്ചാണ് തീയതി തീരുമാനിച്ചതെന്ന് തങ്കച്ചൻ പറഞ്ഞു. വ്യക്‌തിപരമായ അസൗകര്യങ്ങൾ മൂലമാണ് അദ്ദേഹം ഇന്നലത്തെ യോഗത്തിനെത്താത്തതെന്നാണ് അറിയിച്ചിട്ടുള്ളതെന്നും തങ്കച്ചൻ പറഞ്ഞു.

കൊല്ലത്തു കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സമരപരിപാടികൾ ആരംഭിക്കും. ഇപ്പോൾ ഓരോ പാർട്ടിയും പ്രത്യേകമായി സമരപരിപാടികൾ നടത്തുന്നുണ്ട്. മുന്നണി ഈ സമരം ഏറ്റെടുക്കും. നാലിനു ചേരുന്ന യോഗത്തിൽ സമരപരിപാടികൾക്കു രൂപം നൽകും. യുഡിഎഫിന്റെ ജില്ലാ ചെയർമാന്മാരെയും കൺവീനർമാരെയും പങ്കെടുപ്പിച്ച കൊണ്ടുള്ള വിപുലമായ യുഡിഎഫ് യോഗവും വൈകാതെ നടത്തും. അതിനു ശേഷം ജില്ലാതല യോഗ ങ്ങളും നടത്തും.

നേമത്തെ പരാജയവുമായി ബന്ധപ്പെട്ട് ജനതാദൾ–യുവിന്റെ പരാതികൾക്കു പരിഹാരമുണ്ടാക്കും. തെരഞ്ഞെടുപ്പു പരാജയത്തിന്റെ വിലയിരുത്തൽ പാർട്ടികൾ പൂർത്തിയാക്കാത്തതു കൊണ്ടാണ് യുഡിഎഫ് ചർച്ച നടത്താത്തത്. പാർട്ടികളുടെ റിപ്പോർട്ട് കിട്ടിയാലുടൻ യുഡിഎഫ് തലത്തിലുള്ള അവലോകനം നടത്തും.


നാട്ടിൽ കലാപത്തിന് ആഹ്വാനം നൽകിയ കോടിയേരി ബാലകൃഷ്ണൻ നടത്തിയത് നിയമലംഘനമാണ്. അദ്ദേഹത്തിനെതിരേ സർക്കാർ നിയമനടപടികൾ കൈക്കൊള്ളണം. കഴിഞ്ഞ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം കഴിയുന്നതിനു മുമ്പേ അന്നത്തെ പ്രതിപക്ഷം സർക്കാരിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. തങ്ങൾ അങ്ങനെ ആവശ്യപ്പെടുന്നില്ല. എന്നാൽ, സർക്കാർ തെറ്റുകൾ തിരുത്താൻ തയാറാകണം.

ഭാഗഉടമ്പടികൾക്കുൾപ്പെടെ രജിസ്ട്രേഷൻ നിരക്ക് ഉയർത്തിയ സർക്കാർ നടപടി സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. എം.കെ. ദാമോദരനെ നിയമോപദേഷ്‌ടാവാക്കിയ സർക്കാർ നടപടി ജനങ്ങൾക്കിടയിൽ വല്ലാത്ത സംശയങ്ങൾക്ക് ഇടയാക്കി. മന്ത്രിസഭാ തീരുമാനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനുള്ള കാബിനറ്റ് ബ്രീഫിംഗ് വേണ്ടെന്നുവച്ചത് ജനാധിപത്യ സംവിധാനത്തിനു ചേർന്നതല്ല. സർക്കാർ ജീവനക്കാരെ സർവമാനദണ്ഡങ്ങളും ലംഘിച്ച് വ്യാപകമായി സ്‌ഥലം മാറ്റിക്കൊണ്ടിരിക്കുകയാണ്.

സാമ്പത്തിക അച്ചടക്കം പാലിക്കുമെന്നു പറഞ്ഞു ഭരണത്തിലേറിയ സർക്കാർ വി.എസ്. അച്യുതാനന്ദനു പദവി നൽകുന്നതിനു മാത്രം കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നു. ഒരാവശ്യവുമില്ലാത്ത കാര്യമാണിത്. സംസ്‌ഥാനത്ത്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ ക്രമസമാധാനം തകർന്നു. സിപിഎം, ബിജെപി നേതാക്കളുടെ പ്രോ

ത്സാഹനത്തോടെ ഒരു കാലത്തുമില്ലാത്ത അക്രമങ്ങളാണ് അവിടെ അരങ്ങേറുന്നത്. സർക്കാർ നയങ്ങളുടെ ഫലമായി സാധാരണക്കാരുടെ ജീവിതഭാരം വർധിച്ചിരിക്കുകയാണെന്നും തങ്കച്ചൻ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.