അൺഎയ്ഡഡ് വിദ്യാർഥികൾക്കു പഠിക്കാൻ ഐടി പുസ്തകമില്ല
Tuesday, July 26, 2016 3:45 PM IST
തൊടുപുഴ: അധ്യയനവർഷം തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പാഠപുസ്തകം ലഭിക്കാതെ അൺഎയ്ഡഡ് സ്കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ. ഓണപരീഷ പടിവാതിലിൽ എത്തിയിട്ടും അൺഎയ്ഡഡ് സ്കൂളുകളിലെ ഒമ്പത്, പത്ത് ക്ലാസിലെ വിദ്യാർഥികൾക്ക് ഐടി പുസ്കം ഇതുവരെ ലഭ്യമായിട്ടില്ല. സംസ്‌ഥാനത്താകെ 1360 സ്കൂളുകളിലായി മൂന്നുലക്ഷത്തിൽപ്പരം വിദ്യാർഥികളാണ് പഠിക്കുന്നത്. ബാക്കി എയ്ഡഡ് സർക്കാർ സ്കൂളുകളിലെല്ലാം തന്നെ പുസ്തകങ്ങൾ എത്തിയിട്ടും അൺഎയ്ഡഡിനെ സർക്കാർ അവഗണിക്കുകയാണെന്ന് അക്ഷേപമുണ്ട്. ഐടി പുസ്തകത്തിനു പുറമെ സോഷ്യൽ സയൻസിന്റെയും ഈ വർഷം പുതിയതായി കരിക്കുലത്തിൽ ഉൾപ്പെടുത്തിയ കായിക പരിശീലനത്തിന്റെ പുസ്തകവും വിദ്യാർഥികൾക്കു ലഭിച്ചിട്ടില്ല.

തിരുവനന്തപുരം ടെക്സ്റ്റ് ഹൗസിൽ നിന്നുമാണ് പുസ്തകം വിതരണം ചെയ്യുന്നത്. ഐടി പുസ്തങ്ങൾക്ക് വിലയിടാത്തതാണ് ഇവ ലഭിക്കാൻ കാലതാമസം എടുക്കുന്നതിനു കാരണമായി ഉദ്യോഗസ്‌ഥർ ചൂണ്ടിക്കാണിക്കുന്നത്. വിലയിടേണ്ട ചുമതല ഫിനാൻസ് ഡിപ്പാർട്ടുമെന്റിനാണ്. പഠനം ആരംഭിച്ചിട്ടു ഇത്രയും നാളുകൾ പിന്നിട്ടിട്ടും വിലയിടാനോ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനോ അധികൃതർ തായാറാകാത്തതു വിദ്യാർഥികളുടെ ഭാവി തകർക്കുന്ന നടപടിയാണെന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്. പുസ്തകത്തിന്റെ തുക മുൻകൂറായി അടച്ചാൽ മാത്രമെ അൺഎയ്ഡഡ് സ്കൂളുകൾക്ക് പുസ്കങ്ങൾ വിതരണം ചെയ്യൂ. എന്നാൽ ഇതുവരെ ഐടി പുസ്തകത്തിനു വിലയിടാത്തതിനാൽ പണം അടക്കാനും സ്കൂളുകൾക്കു സാധിക്കുന്നില്ല.


എയ്ഡഡ് സ്കൂളുകളിലെ പുസ്തകങ്ങളുടെ ഫോട്ടോ കോപ്പി അധ്യാപകർ വിദ്യാർഥികൾക്കു എടുത്തു നൽകിയാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. എന്തായാലും പുസ്തകമില്ലാതെ പഠിച്ച് പരീഷയ്ക്കു തയാറെടുക്കേണ്ട ദുരവസ്‌ഥയിലാണ് വിദ്യാർഥികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.