കാട്ടാന വെടിയേറ്റ് ചരിഞ്ഞ നിലയിൽ
കാട്ടാന വെടിയേറ്റ് ചരിഞ്ഞ നിലയിൽ
Tuesday, July 26, 2016 3:58 PM IST
പുൽപ്പള്ളി: കൃഷിയിടത്തിൽ കാട്ടാനയെ വെടിയേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. ചെതലയം നെയ്ക്കുപ്പ വനാതിർത്തിക്ക് സമീപം റിട്ടയേഡ് അധ്യാപകൻ മേലേകാപ്പ് നാരായണന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് 15 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയെ വെടിയേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെ 11 ഓടെയാണ് കണ്ടത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ആനയ്ക്കു വെടിയേറ്റതെന്നാണു സൂചന. നെയ്ക്കുപ്പ വനാതിർത്തിയിൽ നിന്നു വൈദ്യുതിവേലി കടന്നെത്തിയ ആനയ്ക്കാണു വെടിയേറ്റത്. പോസ്റ്റ്മോർട്ടത്തിൽ നെറ്റിയിൽ നിന്നു മൂന്നു നാടൻതോക്കിന്റെ വെടിയുണ്ടകളും നാല് പെല്ലറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കാട്ടാനയെ വെടിവെച്ച് കൊന്നതാണെന്ന് വനംവകുപ്പ് സ്‌ഥിരീകരിച്ചു.


വനം വെറ്ററിനറി സർജൻ ഡോ. ജിജിമോന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം സംസ്കരിച്ചു. വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്, വയനാട് വൈൽഡ് ലൈഫ് വാർഡൻ ധനേഷ് കുമാർ, നോർത്ത് വയനാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി, സൗത്ത് വയനാട് ഡിഎഫ്ഒ അബ്ദുൾ അസീസ്, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി വി.ജി. കുഞ്ഞൻ, ചെതലയം റേഞ്ച് ഓഫീസർ സജീവ് കുമാർ, പാതിരിയമ്പം ഫോറസ്റ്റ് ഓഫീസർ മുസ്തഫ സാദിഖ് തുടങ്ങിയവർ സ്‌ഥലത്തെത്തി. മാനന്തവാടി സിഐ സജിവന്റെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.