തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് ആയിരങ്ങളുടെ അന്തിമോപചാരം
തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് ആയിരങ്ങളുടെ അന്തിമോപചാരം
Tuesday, July 26, 2016 3:58 PM IST
ചെറുതോണി: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവർക്ക് അന്ത്യോപചാരമർപ്പിക്കാൻ തങ്കമണിയിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി. തങ്കമണി സഹകരണ ആശുപത്രിക്കു മുമ്പിൽ മൃതദേഹങ്ങൾ കൊണ്ടുവരുന്നതും കാത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരക്കണക്കിനുപേർ പുലർച്ചെമുതൽ കാത്തുനിന്നു.

ബന്ധുക്കളും പ്രദേശവാസികളും പൊതുപ്രവർത്തകരും ഉൾപ്പെടെ നിരവധിപേർ മൃതദേഹങ്ങൾ ഒരുനോക്കു കാണുവാനെത്തി. സംസ്‌ഥാന സർക്കാരിനുവേണ്ടി തുറമുഖ–പുരാവസ്തു വകുപ്പു മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ അന്ത്യാഞ്ജലി അർപ്പിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാത്രി എട്ടോടെ മരിച്ചവരുടെ വീടുകളിലെത്തി അനുശോചനം അറിയിച്ചു. തമിഴ്നാട് പെരിയകുളത്തിനുസമീപം പരശുരാമപുരത്തു തിങ്കളാഴ്ച വൈകുന്നേരം 4.25–നായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ഇടുക്കിയിൽനിന്നും വേളാങ്കണ്ണിക്ക് തീർഥാടനത്തിനുപോയ ഏഴംഗ സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ തമിഴ്നാട് ബസുമായി കൂട്ടിയിടിച്ചാണ് ആറുപേർ മരിച്ചത്.


തങ്കമണി കുരിശുപാറ ഒട്ടലാങ്കൽ ഷൈൻ (35), വാഹന ഉടമ തങ്കമണി മുള്ളനാനിയിൽ ബേബി (ഗ്രേസ് ബേബി) (60), നീലിവയൽ കൊച്ചുകരിപ്പാപറമ്പിൽ ബിനു(35), തങ്കമണി അച്ചൻകാനം വെട്ടുകാട്ടിൽ അജീഷ് (32), തോപ്രാംകുടി കനകക്കുന്ന് പടലാംകുന്നേൽ മോൻസി(35), വെൺമണി ഇളംതുരുത്തിയിൽ ജസ്റ്റിൻ(30) എന്നിവരാണ് മരിച്ചത്.

സംഘത്തിലുണ്ടായിരുന്ന തങ്കമണി വാഴയിൽ ഷൈൻ മാത്രമാണ് രക്ഷപ്പെട്ടത്. തേനി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ച ഷൈനെ ഇന്നലെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലെത്തിച്ചു.
ആറുപേരുടെയും മൃതദേഹങ്ങൾ തങ്കമണി സഹകരണ ആശുപത്രിയിൽ രാവിലെ പൊതുദർശനത്തിനുവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.