ദൈവവിളിയിൽ വലുതും ചെറുതുമെന്ന വ്യത്യാസമില്ല: കർദിനാൾ മാർ ആലഞ്ചേരി
ദൈവവിളിയിൽ വലുതും ചെറുതുമെന്ന വ്യത്യാസമില്ല: കർദിനാൾ മാർ ആലഞ്ചേരി
Tuesday, July 26, 2016 3:58 PM IST
കൊച്ചി: വലുതും ചെറുതുമെന്ന വ്യത്യാസം ദൈവവിളിയിൽ ഇല്ലെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. എല്ലാ ദൈവവിളികൾക്കും പ്രേഷിതസ്വഭാവമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സീറോ മലബാർ സഭയിലെ വൊക്കേഷൻ പ്രമോട്ടർമാരുടെ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രൂപതകളിലേക്കും സന്യസ്തസഭകളിലേക്കുമുളള ദൈവവിളികളെ കൃത്യതയോടെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാൻ സഭയിലെ വൊക്കേഷൻ പ്രമോട്ടർമാർക്കു കഴിയണം. ദൈവവിളി രംഗത്തെ വളർച്ചയ്ക്കു നിരന്തരമായ പ്രോത്സാഹനവും പ്രാർഥനയും ആവശ്യമാണ്. ജീവിതസാക്ഷ്യത്തിലൂടെയാണു ദൈവവിളിയുടെ പ്രോത്സാഹനം അർഥപൂർണമാകുന്നത്. മിഷൻ മേഖലകളിൽനിന്നു കൂടുതൽ ദൈവവിളികൾ ഉണ്ടാവേണ്ടതുണ്ടെന്നും കർദിനാൾ മാർ ആലഞ്ചേരി ഓർമിപ്പിച്ചു.


വൊക്കേഷൻ കമ്മീഷൻ ചെയർമാനും ബൽത്തങ്ങാടി മെത്രാനുമായ മാർ ലോറൻസ് മുക്കുഴി, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഷാജി കൊച്ചുപുരയിൽ, ഫാ. ജെയിംസ് കൂന്തറ, ഫാ. ആന്റോ പുതുവ, സിസ്റ്റർ പ്രവീണ തുടങ്ങിയവർ പ്രസംഗിച്ചു.

ഫാ. ജിജി കലവനാൽ, ഫാ. പോൾസൺ തളിയത്ത്, ഫാ. മാത്യു തെക്കേമുറി, ഫാ. ജോബി മാപ്രക്കാവിൽ, ബ്രദർ ജോയി തടത്തിൽ എന്നിവർ വിഷയാവതരണം നടത്തി. കേരളത്തിനകത്തും പുറത്തുമുള്ള സീറോ മലബാർ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും എൺപതോളം വൊക്കേഷൻ പ്രമോട്ടർമാർ സമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.