വിശുദ്ധ ചാവറയച്ചന്റെ സഹായവും
വിശുദ്ധ ചാവറയച്ചന്റെ സഹായവും
Tuesday, July 26, 2016 4:07 PM IST
സഹനത്തെ സന്തോഷമായി സ്വീകരിച്ച അൽഫോൻസാമ്മയ്ക്കു വിശുദ്ധ ചാവറയച്ചന്റെ സഹായം എപ്പോഴുമുണ്ടായിരുന്നു. അൽഫോൻസാമ്മയുടെ ജനനത്തിന് ഏതാണ്ട് 40 വർഷം മുമ്പ് സ്വർഗം പൂകിയ ചാവറയച്ചന്റെ മാധ്യസ്‌ഥ്യം തനിക്കു പലപ്പോഴും കരുത്ത് പകർന്നിരുന്നതായി അൽഫോൻസാമ്മ എഴുതിയ ചില കത്തുകളിൽ വ്യക്‌തമായി പറഞ്ഞിട്ടുണ്ട്.

“” എനിക്ക് തീരെ സുഖമില്ലാതായിട്ട് ആറര കൊല്ലമായി. ഭക്ഷണം യാതൊന്നും കഴിക്കുവാൻ നിവൃത്തിയില്ല. ഒന്നുരണ്ടു കയിൽ കാപ്പിയോ കഞ്ഞിയോ കഴിച്ചാൽ വയർ നെഞ്ചിനു മുകൾവരെ വീർത്തുവരും. ശ്വാസം പോലും വിടുവാൻ നിവൃത്തിയില്ലാതായിരിക്കുന്നു. പോരെങ്കിൽ അതിശക്‌തമായ വേദനയും വിശപ്പും പരവേശവും. പരസഹായം കൂടാതെ എഴുന്നേൽക്കാൻ പോലും നിവൃത്തിയില്ലാതെയും ഉറക്കമില്ലാതെയും വളരെ അധികം നാൾ കഴിച്ചുകൂട്ടേണ്ടതായി വന്നു. ദിവസത്തിൽ എട്ടും പത്തും പ്രാവശ്യം ഛർദിക്കും. മിക്കവാ

റും അതു കട്ടരക്‌തമായിരിക്കും. തലവേദന ശക്‌തിയായിട്ട് ഉണ്ടാകുന്ന ദിവസം മൂക്കിൽനിന്നു ധാരാളം രക്‌തം പോകും. ചില ദിവസങ്ങളിൽ കണ്ണിൽനിന്നും പോയിട്ടുണ്ട്. ഇങ്ങനെ രക്‌തം പോകുന്ന ദിവസങ്ങളിൽ ശരീരത്തിനു വലിയ വേദനയാണ്. കൂട്ടമായിട്ട് അപേക്ഷയൊക്കെ കഴിച്ചുകഴിയുമ്പോൾ രണ്ടു മൂന്നു ദിവസത്തേക്ക് വേദനയ്ക്ക് അല്പം ആശ്വാസം കാണും. വീണ്ടും പഴയതുപോലെ തന്നെ. അങ്ങനെ കഴിച്ചുകൂട്ടവേ ഒരുദിവസം ചാവറയച്ചന്റെ മാധ്യസ്‌ഥ്യം അപേക്ഷിച്ചുകൊണ്ടുള്ള നൊവേന എത്തിക്കുവാൻ തുടങ്ങി. വേദനയ്ക്ക് അല്പം ആശ്വാസം കണ്ടു തുടങ്ങി. പിന്നീട് പടം വച്ച് അപേക്ഷിക്കുവാൻ തുടങ്ങി. അദ്ദേഹത്തെ നമസ്കരിച്ചുകൊണ്ട് കിടന്നുറങ്ങി. പടം വച്ച് അപേക്ഷിക്കുവാൻ തുടങ്ങിയ ദിവസം മുതൽ പേടിക്ക് വളരെ കുറവുള്ളതുപോലെ തോന്നി...’’ ഇങ്ങനെയാണ് കത്ത് തുടരുന്നത്.


തന്റെ മാധ്യസ്‌ഥ്യം അപേക്ഷിച്ചു പ്രാർഥിക്കുന്ന സഹനപുത്രിയെ ചാവറയച്ചൻ കൈവിട്ടില്ല. അവളുടെ വിളിപ്പുറത്തെത്തി രോഗശാന്തി നൽകുകയും ചെയ്തു. എന്നാൽ, സഹനത്തിന്റെ മഹത്വീകരണത്തിന് ദൈവം തെരഞ്ഞെടുത്ത അൽഫോൻസാമ്മയിൽനിന്നു രോഗങ്ങൾ പൂർണമായും മാറി നിന്നില്ല. അവ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. മുപ്പത്തിയാറാം വയസിൽ മരിക്കുന്നിടം വരെ സഹനം അൽഫോൻസാമ്മയ്ക്കു കൂട്ടായുണ്ടായിരുന്നു.

(സമാപിച്ചു)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.