വിലസ്‌ഥിരതാ പദ്ധതി രണ്ടാംഘട്ടം വൈകുന്നു; ഫണ്ടിൽ 803 കോടി ബാക്കി
വിലസ്‌ഥിരതാ പദ്ധതി രണ്ടാംഘട്ടം വൈകുന്നു; ഫണ്ടിൽ 803 കോടി ബാക്കി
Tuesday, July 26, 2016 4:17 PM IST
<ആ>റെജി ജോസഫ്

കോട്ടയം: റബർ വിലസ്‌ഥിരതാപദ്ധതിയുടെ രണ്ടാംഘട്ടം രജിസ്ട്രേഷനും ബിൽ അപ് ലോഡിംഗിനും സർക്കാർ അനുമതി വൈകുന്നതിനാൽ കർഷകർ കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ സംസ്‌ഥാന ബജറ്റിൽ 500 കോടി രൂപ വിലസ്‌ഥിരതാ ഫണ്ടിലേക്കു വകയിരുത്തിയെങ്കിലും സഹായം നൽകുന്നതിനുള്ള സർക്കാർ ഉത്തരവ് ലഭിക്കാത്തതിനാൽ മുൻബജറ്റുകളിൽ അനുവദിച്ചു ബാക്കിയുള്ള ഫണ്ടും തുടർന്നും വിതരണം ചെയ്യാൻ സാധിക്കുന്നില്ല.

2015 ജൂലൈ മൂന്നിന് 300 കോടി രൂപയുടെ ഫണ്ടുമായി തുടങ്ങിയ സഹായപദ്ധതിയിൽ മുൻ സർക്കാർ രണ്ടാംഘട്ടമായി 500 കോടി കൂടി വകയിരുത്തിയിരുന്നു. 2016 ജൂൺ 30നു പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായപ്പോൾ ഇതോടകം 497 കോടി രൂപ വില സഹായമായി വിതരണം ചെയ്തിട്ടുണ്ട്. മുൻസർക്കാർ രണ്ടു ഘട്ടമായി ആകെ അനുവദിച്ച 800 കോടിയിൽ 303 കോടി രൂപ ബാക്കിയുണ്ടായിട്ടും പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങിയിട്ടില്ല. കഴിഞ്ഞ മാസം ധനമന്ത്രി ഡോ. തോമസ് ഐസക് 500 കോടി വിലസ്‌ഥിരതാപദ്ധതിയിലേക്കു വകയിരുത്തിയതോടെ ഫണ്ട് 803 കോടി രൂപയായി വർധിച്ചിട്ടുണ്ട്.

ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റ് കിലോയ്ക്ക് 140 രൂപയും ഫീൽഡ് ലാറ്റക്സിന് 115 രൂപയുമായിരിക്കെ സഹായപദ്ധതിയിൽ അപേക്ഷ നൽകാൻ ലക്ഷക്കണക്കിന് കർഷകർ കാത്തിരിക്കുകയാണ്. സമീപദിവസങ്ങളിൽ ഷീറ്റും ലാറ്റ്ക്സും വിറ്റ കർഷകർ ബില്ലുകൾ സമർപ്പിക്കുന്നതിന് ആർപിഎസുകളിലും റബർ ബോർഡിലും തുടരെ അന്വേഷണങ്ങൾ നടത്തുന്നുണ്ട്. ബില്ലുകൾ സൂക്ഷിച്ചുവയ്ക്കാനും രണ്ടാംഘട്ടസഹായത്തിന് അനുമതി വന്നതിനുശേഷം ഇത് അപ് ലോഡ് ചെയ്യാനുമാണു കർഷകർക്ക് നിർദേശം ലഭിക്കുന്നത്. രണ്ടാംഘട്ടം എന്ന് ഏതു നിരക്കിൽ തുടങ്ങുമെന്ന് നിർദേശമൊന്നുമില്ല.


ഷീറ്റിന് 150 രൂപയും ലാറ്റക്സിന് 142 രൂപയുമാണു പദ്ധതിയിൽ നിലവിൽ നിശ്ചയിച്ചിരിക്കുന്ന അടിസ്‌ഥാനവില. ഉത്പാദനത്തോതു കുറയുകയും ചെലവ് കൂടുകയും ചെയ്ത സാഹചര്യത്തിൽ ഷീറ്റിന് 200 രൂപയും ലാറ്റക്സിന് 175 രൂപയും താങ്ങുവില നൽകണമെന്നു കർഷകർ ആവശ്യപ്പെടുന്നു.

പദ്ധതിയിൽ 3.66 ലക്ഷം കർഷകർ രജിസ്റ്റർ ചെയ്യുകയും 2.83 ലക്ഷം പേർ ഒരുതവണയെങ്കിലും ബില്ലുകൾ സമർപ്പിച്ച് സഹായം വാങ്ങിയെടുക്കുകയും ചെയ്തിട്ടുണ്ട്. ആകെ ഷീറ്റിനും ലാറ്റക്സിനും കൂടി 192 ടൺ റബറിനാണ് സഹായം നൽകിയിരിക്കുന്നത്. ജൂൺ 30വരെ അപ് ലോഡു ചെയ്ത ബില്ലുകളിൽ അടുത്തയാഴ്ച സാമ്പത്തിക സഹായവിതരണം പൂർത്തിയാകും. വിലത്തകർച്ചയിൽ കർഷകർക്ക് ആശ്വാസം ലഭിക്കാൻ ഒട്ടുപാലും വിലസ്‌ഥിരതാ പരിധിയിൽ പെടുത്തണമെന്ന് ആർ പിഎസുകൾ റബർ ബോർഡിൽ നിർദേശം വച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.