കെ.എം. മാണിയുടെ പരാതി ലഭിച്ചിട്ടില്ലെന്നു വി.എം. സുധീരൻ
കെ.എം. മാണിയുടെ പരാതി ലഭിച്ചിട്ടില്ലെന്നു വി.എം. സുധീരൻ
Tuesday, July 26, 2016 4:27 PM IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ലയിലെ കേരള കോൺഗ്രസ് സ്‌ഥാനാർഥിയുടെ പരാജയമടക്കമുള്ള ഒരു വിഷയത്തിലും കേരള കോൺഗ്രസ്– എം ലീഡർ കെ.എം. മാണിയുടെ ഒരു പരാതിയും ഔദ്യോഗികമായി തന്നോടു പറഞ്ഞിട്ടില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തിനു കെ.എം. മാണി എത്താതിരുന്നതു വ്യക്‌തിപരമായ അസൗകര്യങ്ങളാലാണെന്നും സുധീരൻ അറിയിച്ചു.

കേരള കോൺഗ്രസിന്റെ ക്യാമ്പ് നടക്കുന്നതിനാൽ നാലിനു ചേരുന്ന യുഡിഎഫ് യോഗത്തിന് എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടെന്ന് മാണി അറിയിച്ചിരുന്നു. ഇതിനാലാണ് യുഡിഎഫ് യോഗം പത്തിലേക്കു മാറ്റിയത്. കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ ഒരു പ്രശ്നവുമില്ല. ബാർ കോഴക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തിയെന്ന ആരോപണം കേരള കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ വന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, അതിനെല്ലാം കെ.എം. മാണി മറുപടി പറഞ്ഞിട്ടുണ്ടെന്നു സുധീരൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പാർട്ടിക്കുള്ളിൽ ചർച്ച നടത്തിയശേഷം ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.