റാഗിംഗിനെത്തുടർന്ന് ആത്മഹത്യ: ആറു വിദ്യാർഥികൾ അറസ്റ്റിൽ
Tuesday, July 26, 2016 4:27 PM IST
വടകര: ചെരണ്ടത്തൂർ എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വർഷ മൈക്രോബയോളജി വിദ്യാർഥിനി അസ്നാസ് റാഗിംഗിനെത്തുടർന്നു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആറു വിദ്യാർഥികളെ വടകര പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേർ പെൺകുട്ടികളാണ്. സീനിയർ വിദ്യാർഥികളായ അജ്നാസ്, മുഹസിൻ, അദ്രാസ്, സുമയ്യ, ഹർഷിത, ഷമീഹ എന്നിവരെയാണ് സർക്കിൾ ഇൻസ്പെക്ടർ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

താനക്കോട്ടൂർ, വടകര താഴെ അങ്ങാടി, കുനിങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ആൺകുട്ടികൾ. വില്യാപ്പള്ളി സ്വദേശികളായ രണ്ടുപേരും കണ്ണൂർ ജില്ലയിലെ കരിയാടുനിന്നുള്ള ഒരു കുട്ടിയുമാണ് പിടിയിലായ വിദ്യാർഥിനികൾ. ഇവർ ആറുപേരും മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളാണ്. വൈദ്യ പരിശോധനയ്ക്കുശേഷം ആറുപേരെയും മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആത്മഹത്യാ പ്രേരണ, റാഗിങ്ങ് നിരോധനനിയമം എന്നിവ ചേർത്താണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസ്നാസിനെ വീടിന്റെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളജിലുണ്ടായ റാഗിംഗുമായി ബന്ധപ്പെട്ട പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ സംഭവം വിദ്യാർഥി രോഷത്തിന് ഇടയാക്കി. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.