ഖുറേഷിക്കു കേരളവുമായി ബന്ധം; തെളിവു കിട്ടിയെന്നു പോലീസ്
ഖുറേഷിക്കു കേരളവുമായി ബന്ധം; തെളിവു കിട്ടിയെന്നു പോലീസ്
Tuesday, July 26, 2016 4:27 PM IST
കൊച്ചി: മലയാളികളെ ഇസ്ലാമിക് സ്റ്റേറ്റിലേക്കു (ഐഎസ്) റിക്രൂട്ട് ചെയ്തെന്ന കേസിൽ അറസ്റ്റിലായ ആർഷി ഖുറേഷിക്കു കേരളവുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന വിവരങ്ങൾ കണ്ടെത്തിയതായി പോലീസ്. ഖുറേഷിയുടെ നേതൃത്വത്തിൽ 17 പേർ ഒരുമിച്ചു വിദേശത്തേക്കു കടന്നെന്നും സൂചന ലഭിച്ചു. കൊച്ചിയിൽനിന്നു കാണാതായ മെറിനും ഇക്കൂട്ടത്തിലുണ്ടോയെന്ന അന്വേഷണത്തിലാണു പോലീസ്.

മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ടു സഹോദരൻ എബിൻ ജേക്കബ് നൽകിയ പരാതിയെത്തുടർന്നാണ് ആർഷി ഖുറേഷിയെയും ഇയാളുടെ അനുയായി റിസ്വാൻ ഖാനെയും മുംബൈയിൽനിന്നു പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്കു പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ഇരുവരെയും വിശദമായി ചോദ്യംചെയ്തു വരികയാണ്.


കാസർഗോഡ് സ്വദേശി അഷ്ഫാഖിനെ ഉൾപ്പെടെ 17 പേരെ തീവ്രവാദ സംഘടനയിലെത്തിച്ചത് അർഷിദ് ഖുറേഷിയാണെന്നു തെളിയിക്കുന്ന ടെലിഫോൺ സംഭാഷണം പോലീസിനു ലഭിച്ചിട്ടുണ്ട്. താൻ തീവ്രവാദ സംഘടനയിൽ ചേരുകയാണെന്ന് അഷ്ഫാഖ് ടെലിഗ്രാം വഴി സഹോദരനെ അറിയിച്ച വിവരവും പോലീസ് സ്‌ഥിരീകരിച്ചു.

മുംബൈയിലെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ ഗസ്റ്റ് റിലേഷൻ ഓഫീസറാണു ഖുറേഷി. ഇയാളുടെ അടുത്ത അനുയായിയാണു റിസ്വാൻഖാൻ. മെറിന്റെ ഭർത്താവ് ബെസ്റ്റിൻ (യഹിയ), ഖുറേഷി എന്നിവർക്കെതിരേ കൊച്ചി സിറ്റി പോലീസ് യുഎപിഎ പ്രകാരം കേസെടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.