ഡിസിഎൽ
ഡിസിഎൽ
Wednesday, July 27, 2016 1:45 PM IST
<ആ>കൊച്ചേട്ടന്റെ കത്ത് / ബലിപീഠത്തിലെ സങ്കീർത്തനങ്ങൾ

സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,

ബലി ഒരു വൈദികന്റെ നിയോഗമാണ്. അതു നിറവേറണം. ആറു പതിറ്റാണ്ടിലേറെ അനുദിനം അർപ്പിച്ച് സ്വയം ബലിയായ ധന്യ ജന്മമാണ് ഷാക് ഹാമൽ എന്ന വൈദികൻ. അദ്ദേഹത്തിന്റെ അവസാനബലി അദ്ദേഹത്തിന്റെ ജീവനെക്കൂടി ബലിവസ്തുവാക്കി.

വടക്കൻ ഫ്രാൻസിലെ റുവൻ നഗരത്തിൽ സാൻ എറ്റ്യൻ ഡുറുവ്റ കത്തോലിക്കാ ദേവാലയത്തിൽ ബലിയർപ്പിച്ചുകൊണ്ടിരുന്ന 86 വയസുകാരനായ ഫാദർ ഷാക് ഹാമലിനെ, അൾത്താരയിലേക്ക് ഓടിക്കയറിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കഴുത്തറുത്തു കൊന്നു! മനുഷ്യത്വമുള്ളവരുടെ ഹൃദയം നിശ്ചലമായ നിമിഷം. ക്രിസ്തുവിനായുള്ള ജീവബലിപീഠം രക്‌തത്തുള്ളികൾകൊണ്ടു കഴുകി ശുദ്ധീകരിക്കാൻ കൃപലഭിച്ചു, ഫാദർ ഷാക് ഹാമൽ എന്ന പുണ്യപുരോഹിതന്.

വിശുദ്ധ ബലിയിൽ പങ്കെടുത്തവരും അരുംകൊലക്കത്തിക്കു മൂർച്ചകൂട്ടിയവരും ഒരു കാഴ്ചകണ്ടുകാണും; ക്രിസ്തുവിന്റെ രക്‌തത്തിൽ സ്വന്തം രക്‌തം ലയിപ്പിക്കാൻ വരം ലഭിച്ച ശിഷ്യത്വ ധന്യതയുടെ കാഴ്ച. മുറിഞ്ഞ ശിരസിലെ മുഖപ്രസാദം കണ്ട് മുറിപ്പെടുത്തിയവർക്കും മുറിവേറ്റുകാണം! ബലിപീഠത്തിലേക്കുള്ള ഒരു പുരോഹിതന്റെ ആ വീഴ്ചതന്നെ, ബലിവസ്തുവിന്റെ വാഴ്ചയാകുന്ന കാഴ്ച ഇനി ലോകം കാണാനിരിക്കുന്നതേയുള്ളൂ!

ഫാദർ ഷാക് ഹാമൽ, വൃദ്ധനായ പുരോഹിതാ, അങ്ങ് ഉരുവിട്ട അവസാനത്തെ പ്രാർത്ഥന എന്തായിരുന്നു? സക്രാരിക്കുമുന്നിൽ മുട്ടിന്മേൽ നിർത്തിയ അങ്ങയുടെ തൊലി ചുളുങ്ങിയ കഴുത്തിനു നേരേ ചീറിവന്ന കൊലവാൾവിളികളെക്കൂടി ആരാധനാഗീതിയാക്കി അങ്ങു വിവർത്തനം ചെയ്ത ക്രിസ്തുസ്നേഹത്തിന്റെ ഭാഷ, പക്ഷേ, കൊലയുടെ ആലകളിൽ സ്വയം മൂർച്ച കൂട്ടുന്നവർക്ക് മനസിലായിക്കാണില്ല. അൾത്താരയിലും അപ്പത്തിലും വീഞ്ഞിലും തിരുവചനങ്ങളിലും സ്വന്തം രക്‌തം തളിച്ചുകൊണ്ട് ക്ഷമിക്കുന്ന സ്നേഹത്തിന്റെ സാക്ഷിമുദ്രയായി, അങ്ങു രൂപാന്തരപ്പെടുന്ന കാഴ്ചയുടെ സൗന്ദര്യം, ഹാ! എത്ര അവർണനീയം!

ക്ഷമിക്കുന്ന സ്നേഹവും സാഹോദര്യവും ആയുധമാക്കുന്ന ഒരു സൈന്യത്തോട്, വാളും തോക്കുംകൊണ്ട് പടവെട്ടരുതേ, നിഷാദരേ... കത്തോലിക്കാസഭ ക്രിസ്തു എന്ന ദൈവത്തിൽ വിശ്വസിക്കുന്നവരുടെ കൂട്ടായ്മയാണ്. ദൈവനാമത്തിൽ നിലകൊള്ളുന്ന വിവിധ മതധാരകളുടെ അഴകും അഴുക്കുമല്ലേ, ഈ ശിരസറ്റവനും ശിരസറുത്തവരും? എല്ലാ തീവ്രവാദവും മതങ്ങളുടെ അഴുക്കുകൾ തന്നെ.

അറുത്തുമാറ്റുമ്പോഴും, ‘പൊറുക്കണേ’ എന്നേ പ്രാർത്ഥിച്ചിട്ടുണ്ടാവൂ... മുറിച്ചുനീക്കുമ്പോഴും ‘വെറുക്കില്ല നിന്നെ’ എന്നേ മന്ത്രിച്ചിട്ടുണ്ടാവൂ... ഫാദർ ഷാക് ഹാമൽ, വൃദ്ധനായ പുരോഹിതാ, അറിഞ്ഞുകൊണ്ട് അവർ ചെയ്തതിനെല്ലാം സ്വയം മുറിഞ്ഞുകൊണ്ട് അങ്ങു നല്കിയ മാപ്പിന്റെ മൗന സങ്കീർത്തനങ്ങൾ മുഴങ്ങാൻ തുടങ്ങിക്കഴിഞ്ഞു, അവിടെയും ഇവിടെയും.


ബലിയല്ല കരുണയാണു ശ്രേഷ്ഠം എന്ന വേദവാക്യത്തിന്റെ ജീവസാക്ഷ്യമായിരുന്നു ഫാദർ ഷാക് ഹാമൽ. മതതീവ്രവാദത്തിലല്ല, മാനവികതയിലാണു ദൈവം പ്രത്യക്ഷപ്പെടുന്നതെന്ന തിരിച്ചറിവിനെ ആധ്യാത്മികതയെന്നു നമുക്കു വിളിക്കാം.

സ്നേഹത്തോടെ,
സ്വന്തം കൊച്ചേട്ടൻ

<ആ>ഡിസിഎൽ മേഖലാ ടാലന്റ് ഫെസ്റ്റുകൾ ഓഗസ്റ്റ് മുതൽ


കോട്ടയം: ദീപിക ബാലസഖ്യത്തിന്റെ മേഖലാതല ടാലന്റ് ഫെസ്റ്റ് മത്സരങ്ങൾ ഓഗസ്റ്റുമുതൽ വിവിധ മേഖലാ കേന്ദ്രങ്ങളിൽ നടക്കും. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, കഥാരചന, കവിതാരചന, ഉപന്യാസ രചന എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നടത്തുന്ന മത്സരത്തിൽ പ്രസംഗം, ലളിതഗാനം, കഥ, കവിത, ഉപന്യാസം എന്നീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും.

പ്രസംഗത്തിന് എൽ.പി. വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് അഞ്ചു മിനിറ്റുമായിരിക്കും സമയം.
പ്രസംഗവിഷയം: ‘‘നാം ഒരു കുടുംബം എന്ന ഡിസിഎൽ മുദ്രാവാക്യത്തിന്റെ ഇന്നത്തെ പ്രസക്‌തി’’

യു.പി. വിഭാഗത്തിന് രണ്ടു വിഷയങ്ങളുണ്ടായിരിക്കും. ഇതിൽ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയ മാണ് കുട്ടി പറയേണ്ടത്. 1. ഇന്ത്യയുടെ ബഹിരാകാശ ഗവേ ഷണ നേട്ടങ്ങൾ. 2. മാലിന്യവും മലയാളിയും.

ഹൈസ്കൂൾ വിഭാഗത്തിന്റെ വിഷയം മത്സരത്തിന് അഞ്ചു മിനിറ്റു മുമ്പാണ് നല്കുക. ലളിതഗാന ത്തിനു സമയം 5 മിനിറ്റായിരിക്കും.

കഥാരചന, കവിതാ രചന, ഉപന്യാസരചന എന്നീ ഇനങ്ങളിൽ ഒരു കുട്ടിക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാൻ അർഹതയു ള്ളൂ. മത്സരസമയം ഒരു മണിക്കൂറായിരിക്കും. വിഷയം മത്സരസമയത്തായിരിക്കും നല്കുക.

എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടക്കുന്ന ഡിസിഎൽ ആന്തത്തിന് ആൺ പെൺ വ്യത്യാസമുണ്ടായിരിക്കുകയില്ല. ഒരു ടീമിൽ ഏഴു പേരിൽ കൂടാനോ അഞ്ചുപേരിൽ കുറയാനോ പാടില്ല. മത്സരസമയം മൂന്നു മിനിറ്റായി രിക്കും. പശ്ചാത്തല സംഗീതമുപ യോഗിച്ചോ, താളമടിച്ചോ ഗാനമാല പിക്കരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.