വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന്
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന്
Wednesday, July 27, 2016 1:55 PM IST
<ആ>സ്വന്തം ലേഖകൻ

ഭരണങ്ങാനം: ഭാരതത്തിന്റെ ലിസ്യു എന്നറിയപ്പെടുന്ന ഭരണങ്ങാനത്ത് ഇന്നു വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ. സഹനത്തിന്റെ അൾത്താരയിൽ തീരാവേദനയുടെ കുരിശുകളെ സന്തോഷപൂർവം സമർപ്പിച്ച വിശുദ്ധയുടെ കബറിടത്തിലേക്കു പതിനായിരങ്ങൾ ഇന്നു പ്രാർഥനാ പുഷ്പങ്ങളുമായി എത്തും.

പുണ്യവതിയുടെ കാൽപ്പാടുകൾ പതിഞ്ഞ ഭരണങ്ങാനം ക്ലാരമഠം, സ്നേഹബലി പൂർത്തിയാക്കിയ അതിപുജ്യമായ മുറി, ഭൗതികശരീരം വയ്ക്കപ്പെട്ട മഠം ചാപ്പൽ, സിസ്റ്റർ അൽഫോൻസ എന്ന നാമത്തിൽ നിത്യവ്രതമെടുത്തു കാലങ്ങളോളം ആധ്യാത്മിക ശുശ്രൂഷകൾ നിർഹിച്ച സെന്റ് മേരീസ് ഫൊറാന ദേവാലയം, ഭൗതികശരീരം അടക്കം ചെയ്ത ചാപ്പൽ, കബറിടം എന്നിവിടങ്ങളിലെല്ലാം വിശ്വാസസാക്ഷ്യവുമായി അനേകർ ഒത്തുചേരും. വിശുദ്ധയുടെ പുണ്യപാദങ്ങൾ പതിഞ്ഞ ഭരണങ്ങാനത്തിന്റെ ഗ്രാമവീഥികളിലൂടെ തിരുസ്വരൂപവും വഹിച്ചു ഇന്നുച്ചയ്ക്കു നടക്കുന്ന വിശ്വാസപ്രദക്ഷിണം അക്ഷരാർഥത്തിൽ ജനസാഗരമായി മാറും.

സഹനദാസിയുടെ വീരോചിതസഹനങ്ങളെ അനുസ്മരിക്കാനും സഹോദരിയുടെ മധ്യസ്‌ഥം യാചിക്കാനും ഇതരസംസ്‌ഥാനങ്ങളിലും വിദേശങ്ങളിലും നിന്നുവരെ ഒട്ടേറെ തീർഥാടക സംഘങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഭാരതസഭയുടെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ വിശുദ്ധി തലമുറകൾക്ക് സാക്ഷ്യപ്പെടുത്താൻ ക്ലാരമഠത്തിലും ഫൊറോനാ ദേവാലയത്തോടും ചേർന്നു സ്‌ഥാപിച്ചിരിക്കുന്ന മ്യൂസിയങ്ങളിലേക്കും തീർഥാടകരുടെ പ്രവാഹമുണ്ടാകും.

1946 ജൂലൈ 28ന് ആ സഹനബലി പൂർത്തിയായി ഭൗതികശരീരം ഫൊറോനാ പള്ളി കപ്പേളയോടു ചേർന്ന കബറിടത്തിൽ സംസ്കരിച്ചതിനു തൊട്ടുപിന്നാലെ തുടങ്ങിയ തീർഥാടക പ്രവാഹം 70 വർഷം പിന്നിടുമ്പോഴും അണമുറിയാതെ തുടരുകയാണ്. കരുണയുടെ വർഷാചരണവേളയിൽ രാവും പകലും തുറന്നിട്ടിരിക്കുന്ന തീർഥാടക ചാപ്പലിനുള്ളിലെ തൂവെള്ള മാർബിൾ പൊതിഞ്ഞ കബറിടം വണങ്ങി ചുംബിക്കാനും അനുഗ്രഹം പ്രാപിക്കാനും ജനലക്ഷങ്ങളാണ് ഇവിടേക്ക് പ്രവഹിച്ചത്.


വിശുദ്ധ അൽഫോൻസാമ്മയുടെ അനുഗ്രഹത്താൽ അത്ഭുതങ്ങളും അനുഗ്രഹങ്ങളും ആശ്വാസങ്ങളും ലഭിച്ചവർ കൃതജ്‌ഞതയുടെ സാക്ഷ്യങ്ങളും പനിനീർപുഷ്പങ്ങളും മെഴുകുതിരി ദീപങ്ങളുമായി ഈ പുണ്യകബറിടത്തെ വണങ്ങുന്നു.

പ്രധാന തിരുനാൾ ദിനമായ ഇന്നു പുലർച്ചെ 4.45മുതൽ രാത്രി 8.30 വരെ തീർഥാടന ദേവാലയത്തിൽ തുടർച്ചയായി വിശുദ്ധ കുർബാന ഉണ്ടായിരിക്കും. രാവിലെ ആറിനു തീർഥാടനകേന്ദ്രം റെക്ടർ ഫാ. ബർക്കുമാൻസ് കുന്നുംപുറം വിശുദ്ധ കുർബാന അർപ്പിക്കും.

7.15നു തീർഥാടനകേന്ദ്രത്തിൽ നേർച്ചയപ്പം വെഞ്ചിരിപ്പ്. വിശുദ്ധ അൽഫോൻസാ കബറിടത്തിങ്കൽ എത്തുന്ന എല്ലാവർക്കും നേർച്ചയപ്പം വിതരണം ഉണ്ടായിരിക്കും. 7.30ന് ഇടവകദേവാലയത്തിൽ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. 10ന് ഇടവകദേവാലയത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുനാൾ റാസ അർപ്പിച്ചു സന്ദേശം നൽകും. ഉച്ചയ്ക്ക് 12നു തിരുനാൾ ജപമാല പ്രദക്ഷിണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.