വിവാദങ്ങളിൽ മൗനിയായി പിണറായി
വിവാദങ്ങളിൽ മൗനിയായി പിണറായി
Wednesday, July 27, 2016 1:55 PM IST
<ആ>എം. പ്രേംകുമാർ

തിരുവനന്തപുരം: എം.കെ. ദാമോദരൻ മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവ് സ്‌ഥാനം ഒഴിഞ്ഞതിനു പിന്നാലെ ഉണ്ടായ പുതിയ വിവാദങ്ങൾ ഇടതു സർക്കാരിനു കല്ലുകടിയായി. ആക്രമിക്കാൻ വരുന്നവരോടു കണക്കുതിർക്കണമെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അക്രമം നടത്താൻ വരുന്നവർ അക്രമം നടത്തി സന്തോഷത്തോടെ തിരിച്ചുപോകരുതെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും അണികൾക്ക് ആഹ്വാനം നൽകിയതു സിപിഎമ്മിനെ മാത്രമല്ല ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന പിണറായി വിജയനേയും വിഷമത്തിലാക്കിയിരിക്കുകയാണ്.

നേതാക്കളുടെ ഈ പ്രസ്താവനകൾ സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണു മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്‌ടാവായി മുതലാളിത്ത സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥിനെ നിയമിച്ചതു പാർട്ടിക്കകത്തും പുറത്തും മറ്റൊരു വിവാദത്തിനു വഴിവച്ചിരിക്കുന്നത്. വിവാദങ്ങളിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുകയാണ്.

കോടിയേരി ബാലകൃഷ്ണൻ പയ്യന്നൂരിൽ നടത്തിയ വിവാദ പ്രസംഗം കേവലമൊരു രാഷ്ട്രീയ പ്രസംഗം മാത്രമാണെന്നു സമർഥിക്കാനാണു സിപിഎം നേതാക്കൾ ശ്രമിക്കുന്നത്. എന്നാൽ, പുതിയ സർക്കാർ വന്നതിനു ശേഷം സിപിഎമ്മിനുള്ളിൽ ഉണ്ടായിട്ടുള്ള ചില അസ്വാരസ്യങ്ങളുടെ പ്രതിഫലനമാണു പാർട്ടി സെക്രട്ടറിയിലൂടെ പുറത്തുവന്നിട്ടുള്ളതെന്നാണു മറ്റൊരു വാദം.

പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷം പോലീസ് തലപ്പത്തു നടത്തിയ അഴിച്ചുപണിയിൽ പാർട്ടി സംസ്‌ഥാന സെക്രട്ടറിക്കു പങ്കുണ്ടായിരുന്നില്ല. ഇതുപോലെയായിരുന്ന പാർട്ടി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളും. ഈ രണ്ടു കാര്യത്തിലും മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നിലപാടിൽ പാർട്ടി സെക്രട്ടറി കോടിയേരിക്ക് അതൃപ്തി ഉണ്ടായിരുന്നു. എന്നാൽ, അദ്ദേഹം അതു പ്രകടിപ്പിക്കാനൊന്നും മുതിർന്നില്ല. എം.കെ. ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവാക്കാൻ പിണറായിയും കോടിയേരിയും യോജിച്ചായിരുന്നു ധാരണയിലെത്തിയത്. വിഷയം വിവാദമായാൽ നിയമോപദേഷ്‌ടാവാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറക്കരുതെന്നും തീരുമാനിച്ചിരുന്നു.

പക്ഷേ ദാമോദരനെ ന്യായീകരിച്ചു മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പരാമർശം അനുചിതമായെന്ന നിലപാടായിരുന്നു കോടിയേരിയുടേത്. ധാരണയ്ക്കു വിപരീതമായി മുഖ്യമന്ത്രി സ്വീകരിച്ച നിലപാടാണു ദാമോദരൻ വിഷയം കുടുതൽ വിവാദമാക്കിയതെന്ന അഭിപ്രായത്തിലാണു കോടിയേരി. അവയ്ലൈബിൾ പാർട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതിലുള്ള നീരസം കോടിയേരി സെക്രട്ടേറിയറ്റ് അംഗങ്ങളുമായി പങ്കുവച്ചതായാണു വിവരം.

കണ്ണൂരിൽ ചില പോലീസ് ഉദ്യോഗസ്‌ഥരെ പാർട്ടി സെക്രട്ടറിയുടെ അഭിപ്രായം മറികടന്നു മുഖ്യമന്ത്രി നിയമിച്ചതിനു പിന്നിൽ കേന്ദ്ര കമ്മിറ്റി അംഗം കുടിയായ ഒരു മന്ത്രിയുടെ ഇടപെടലായിരുന്നുവെന്നതു കോടിയേരി പിന്നീടാണു മനസിലാക്കിയത്. ഇതിലെ നീരസം കൂടി പ്രകടമാക്കുന്ന രീതിയിലാണു പോലീസിനെയും കൂടി വിമർശിച്ചു പാർട്ടി സെക്രട്ടറി പയ്യന്നൂരിൽ വിവാദ പ്രസംഗം നടത്തിയത്. ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്‌ടാവായി നിയമിച്ചതു പാർട്ടിയുടെ അറിവോടെയായിരുന്നു. വിഷയം കോടിയേരി ബാലകൃഷ്ണൻ സിപിഎം ജനറൽ സെക്രട്ടറിയുമായി സംസാരിച്ചിരുന്നു. ഇതിനുശേഷമാണു ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ തീരുമാനമെടുത്തത്.


സാമ്പത്തികോപദേഷ്‌ടാവിനെ നിയമിച്ചതു പാർട്ടിയിൽ ഇപ്പോൾ ആശയപരമായ തർക്കത്തിനു വഴിതെളിയിച്ചിരിക്കുകയാണ്. സാമ്പത്തിക വിദഗ്ധൻ കൂടിയായ ഡോ. തോമസ് ഐസക് സംസ്‌ഥാനത്തിന്റെ ധനമന്ത്രിയായിരിക്കുമ്പോൾ മുഖ്യമന്ത്രിക്കു സാമ്പത്തികോപദേഷ്‌ടാവിന്റെ ആവശ്യമുണ്ടോയെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്. തോമസ് ഐസക്കുമായി പിണറായി വിജയൻ അത്ര രസത്തിലല്ല എന്നുള്ള കാര്യം വസ്തുതയാണ്.

മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ചു സിപിഎമ്മിൽ ചർച്ച നടന്നപ്പോൾ ധനവകുപ്പു തന്റെ വിശ്വസ്തനായ കെ.ടി. ജലീലിനു നൽകാനായിരുന്നു പിണറായി വിജയനു താൽപര്യം. ഇതു മനസിലാക്കിയ ഐസക് ധനവകുപ്പു ലഭിച്ചില്ലെങ്കിൽ മന്ത്രിയാകാൻ ഇല്ലെന്നു കോടിയേരിയേയും പാർട്ടി കേന്ദ്ര നേതൃത്വത്തേയും അറിയിച്ചു. സീതാറാം യെച്ചൂരിയുടെ ഇടപെടലിനെ തുടർന്നാണു ധനവകുപ്പ് ഐസക്കിനു തന്നെ ലഭിച്ചത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാൽ ഗീതാ ഗോപിനാഥിനെ സാമ്പത്തികോപദേഷ്‌ടാവായി നിയമിച്ചതു മുഖ്യമന്ത്രിക്കു ഐസക്കിനോടുള്ള നീരസം മൂലമാണെന്നു പാർട്ടിയിലെ എതിരാളികളും പ്രതിപക്ഷവും വിചാരിച്ചാൽ അതിൽ തെറ്റു പറയാനാകില്ല.

വിവരാവകാശ നയമമടക്കമുള്ള സർക്കാർ തീരുമാനങ്ങളിൽ സിപിഐ അടക്കമുള്ള ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും എൽഡിഎഫ് യോഗത്തിൽ പോലും അവരതു പ്രകടിപ്പിക്കാൻ തയാറായിട്ടില്ല. വരട്ടെ, നോക്കാം എന്ന മറുപടിയാണു സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പോലും പറയുന്നത്. വിവാദ വിഷയങ്ങളിൽ പ്രതികരിക്കുമെന്നു കരുതിയിരുന്ന വി.എസ്. അച്യുതാനന്ദനും ഒന്നും മിണ്ടുന്നില്ല. മന്ത്രിസഭാ തീരുമാനങ്ങൾ പോലും പത്രസമ്മേളനത്തിലൂടെ മാധ്യമങ്ങളുമായി പങ്കുവയ്ക്കാതിരിയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വിവാദവിഷയങ്ങളിൽ മാത്രമല്ല ഒന്നിനോടും പ്രതികരിക്കുന്നില്ല. പ്രതികരിക്കാതിരുന്നാൽ വിവാദങ്ങളെല്ലാം താനേ കെട്ടടങ്ങിക്കോളുമെന്ന പ്രതീക്ഷയിലാണു മുഖ്യമന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.