നിക്ഷേപം വായ്പയായി ലഭ്യമാക്കണമെന്ന് ഇൻഫാം
Wednesday, July 27, 2016 2:01 PM IST
തിരുവനന്തപുരം: സാമൂഹ്യക്ഷേമം ലക്ഷ്യമാക്കിയുള്ള ബാങ്കിംഗ് സേവനം എളുപ്പത്തിലാക്കുന്നതിനും സംസ്‌ഥാനത്തുനിന്നുള്ള നിക്ഷേപം ഇവിടെ തന്നെ വായ്പയായി ലഭ്യമാക്കുന്നതിനുള്ള പടികളും സ്വീകരിക്കാൻ സംസ്‌ഥാന സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ് (ഇൻഫാം) ആവശ്യപ്പെട്ടു. ധനമന്ത്രി ഡോ. തോമസ് ഐസക്കിനു നൽകിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

അഖിലേന്ത്യാതലത്തിൽ നിക്ഷേപത്തിന്റെ ഏകദേശം 75 ശതമാനം വായ്പയായി നൽകുന്നുണ്ടെങ്കിലും കേരളത്തിൽ ഇത് 65 ശതമാനത്തിൽ താഴെയാണ്. മൊത്തം വായ്പയുടെ 40 ശതമാനം കൃഷി, ചെറുകിട വ്യവസായം തുടങ്ങിയ മുൻഗണനാ മേഖലയ്ക്കു നൽകണമെന്നും അതിൽ തന്നെ 18 ശതമാനം കാർഷിക മേഖലയ്ക്കു നൽകണമെന്നുമുള്ള നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ല. മൂന്നു ലക്ഷത്തിൽപരം കോടി രൂപ സംസ്‌ഥാത്ത ബാങ്കുകളിൽ നിക്ഷേപമുള്ളപ്പോൾ കാർഷികമേഖലയ്ക്ക് 30,000 കോടിയോളം രൂപ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്.

നാലു ശതമാനം പലിശയ്ക്ക് കാർഷിക വായ്പ നൽകാനുള്ള പദ്ധതിയും ബാങ്കുകളുടെ നിഷേധാത്മക സമീപനം മൂലം കേരളത്തിലെ കർഷകർക്കു ലഭ്യമാകുന്നില്ല. ഈ മേഖലയിലെ നബാർഡിന്റെ ഇടപെടലും ആശാവഹമല്ല.


നാലു ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകൾക്ക് സെക്യൂരിറ്റിയോ മറ്റുള്ളവരുടെ ഗാരന്റിയോ ആവശ്യമില്ലെന്ന വ്യവസ്‌ഥ ബാങ്കുകൾ പാലിക്കുന്നില്ല. ഭവന– വാഹന വായ്പകൾ 9.65 ശതമാനം നിരക്കിൽ നൽകുമ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാനുദ്ദേശിച്ചു നടപ്പാക്കുന്ന വായ്പകൾക്ക് കൊള്ളപ്പലിശയാണ് ഈടാക്കുന്നത്.

സാമൂഹ്യക്ഷേമം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ബാങ്കുകൾ വഴി നടപ്പാക്കുന്നതിനുദ്ദേശിച്ചുള്ള നിരവധി പദ്ധതികളുടെ പ്രയോജനം ബാങ്കുകളുടെ നിഷേധാത്മക സമീപനം കൊണ്ട് പ്രയോജപ്പടുത്താനാകുന്നില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഇൻഫാം നാഷണൽ ട്രസ്റ്റിയും ഇൻഫാം ലീഗൽ സെൽ കൺവീനറുമായ ഡോ. എം.സി. ജോർജ്, ഇൻഫാം സ്റ്റേറ്റ് സമിതി കൺവീനർ ജോസ് ഇടപ്പാട്ട് എന്നിവരാണ് നിവേദനം സമർപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.