ശബരിമല അനുബന്ധ റോഡുകൾ അടക്കം 27 എണ്ണത്തിന്റെ അറ്റകുറ്റപ്പണിക്ക് 89.43 കോടി രൂപ
Wednesday, July 27, 2016 2:01 PM IST
തിരുവനന്തപുരം: മണ്ഡല– മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല അനുബന്ധമായ 17 റോഡുകളടക്കം സംസ്‌ഥാനത്തെ 27 റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 89.43 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്കു ഭരണാനുമതിയും പ്രത്യേകാനുമതിയും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കാവശ്യമായ എസ്റ്റിമേറ്റ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ നിർദേശാനുസരണം നേരത്തേ തയാറാക്കിയ ശേഷമാണു തുകയ്ക്കു ഭരണാനുമതി നൽകിയത്. അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത റോഡുകളിൽ സൂചനാ ബോർഡുകൾ അടക്കമുള്ള മറ്റ് അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് ആവശ്യമായ തുക അനുവദിച്ചത്.

അമ്പലപ്പുഴ– തിരുവല്ല ടൗൺ റോഡ്, പുനലൂർ– തെന്മല– ആര്യങ്കാവ് റോഡ്, കെഎസ്ടിപി വർക്കിൽ പെടുത്തിയുള്ള കൊട്ടാരക്കര– അടൂർ റോഡ് എന്നിവയടക്കമുള്ള 27 റോഡുകൾക്കാണു നിർമാണാനുമതി. 37.25 കിലോമീറ്റർ വരുന്ന പുനലൂർ– തെന്മല– ആര്യങ്കാവ് റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് 1.79 കോടി രൂപയാണ് അനുവദിച്ചത്. കൊട്ടാരക്കര– അടൂർ റോഡിൽ അറ്റകുറ്റപ്പണി ആവശ്യമില്ലെങ്കിലും മറ്റ് അടിസ്‌ഥാന സൗകര്യങ്ങ ൾ ഒരുക്കാനാവശ്യമായ തുക വകയിരുത്തും. പുതുതായി നിർദേശിച്ച റോഡുകളിൽ ദേശീയ പാത വിഭാഗത്തിലെ 69 കിലോമീറ്റർ വരുന്ന കോട്ടയം– മുണ്ടക്കയം– എരുമേലി റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ 1.23 കോടി രൂപയും കുമളി– വണ്ടിപ്പെരിയാർ– പീരുമേട്– മുണ്ടക്കയം റോഡിന് 40 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിൽ പെടുന്ന അമ്പലപ്പുഴ– തിരുവല്ല ടൗൺ റോഡ് പുനർനിർമിക്കാൻ 56 കോടി രൂപയുടെ പദ്ധതിക്കാണു ഭരണാനുമതി. കമ്പംമേട്– പുളിയൻമല– കുമളി റോഡിന് 1.25 കോടിയും കായംകുളം– ചെങ്ങന്നൂർ റോഡിന് 2.35 കോടിയും മറയൂർ– മൂന്നാർ– കുമളി റോഡിൽ പുളിയൻമല വരെ അറ്റകുറ്റപ്പണിക്കായി 4.5 കോടി രൂപയും അനുവദിച്ചു. കുട്ടിക്കാനം– കട്ടപ്പന റോഡിന് 3.82 കോടിയും ചെറുകോൽപ്പുഴ, റാന്നി– പെരിനാട്– പൂന്തേനരുവി ഭാഗത്തിന് 1.71 കോടി രൂപയും അറ്റകുറ്റപ്പണിക്കായി അനുവദിച്ചു. അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത റോഡുകളിൽ സുരക്ഷാ ബോർഡുകൾ സ്‌ഥാപിക്കാനും പെയിന്റിംഗ് നടത്താനുമായി 3.59 കോടി രൂപ അനുവദിച്ചിട്ടുണ്ട്.


റോഡുകളും അറ്റകുറ്റപ്പണിക്കായി അനുവദിച്ച തുകയും ചുവടെ: മണ്ണാറക്കുളഞ്ഞി വടശേരിക്കര– പ്ലാപ്പള്ളി– ചാലക്കയം റോഡ്– 71.93 ലക്ഷം, പ്ലാപ്പള്ളി– ചിറ്റാർ– വടശേരിക്കര– 1.39 കോടി, പന്തളം– അടൂർ– തട്ട– പത്തനംതിട്ട– 79 ലക്ഷം, റാന്നി– ചെത്തോംകര– അത്തിക്കയം– 25 ലക്ഷം, റാന്നി– മന്ദിരം പടി– വടശേരിക്കര– 28 ലക്ഷം, റാന്നി– പ്ലാച്ചേരി– മുക്കട– 1.89 കോടി, പുനലൂർ– പത്തനാപുരം– മൈലപ്പാറ റോഡ്– 3.02 കോടി, തെന്മല– കുളത്തൂപ്പുഴ റോഡ്– 2.91 കോടി. അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത ചെങ്ങന്നൂർ– പന്തളം– കടയ്ക്കാട്– കൈപ്പട്ടൂർ റോഡിൽ സംരക്ഷണ ഭിത്തി, കലുങ്ക് എന്നിവയുടെ നിർമാണത്തിനായി 50 ലക്ഷം രൂപയും ചെങ്ങന്നൂർ– ആറന്മുള– പത്തനംതിട്ട റോഡിന്റെ അടിസ്‌ഥാന സൗകര്യ വികസനത്തിന് 24 ലക്ഷം രൂപയും അനുവദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.