കഠിനാധ്വാനവും നിശ്ചയദാർഢ്യവും ജീവിത വിജയത്തിനാധാരം: വിൻസൻ എം.പോൾ
കഠിനാധ്വാനവും നിശ്ചയദാർഢ്യവും ജീവിത വിജയത്തിനാധാരം: വിൻസൻ എം.പോൾ
Wednesday, July 27, 2016 2:01 PM IST
മാന്നാനം: കഠിനാധ്വാനവും നിശ്ചയദാർഢ്യവും ജീവിത വിജയത്തിനാധാരമെന്നു സംസ്‌ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം. പോൾ. മാന്നാനം കെഇ സ്കൂൾ ഓഡിറ്റോറിയത്തിൽ ദീപിക സ്കൂൾ, കോളജ് തലങ്ങളിൽ നടപ്പിലാക്കുന്ന നമ്മുടെ ഭാഷ പദ്ധതിയുടെ സംസ്‌ഥാനതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്നന്നു പഠിക്കേണ്ട കാര്യങ്ങൾ അന്നന്നുതന്നെ പഠിക്കണം. ജീവിതത്തിൽ സത്യസന്ധതയും മൂല്യങ്ങളും മുറുകെപ്പിടിക്കണം. പരാജയങ്ങളിൽ തളരാതെ കഠിനാധ്വാനത്തിലൂടെ വിജയം കണ്ടെ ത്തണം. അദ്ദേഹം വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു. കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നു പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കു ദീപികയുടെ എക്സലൻസ് അവാർഡും വിൻസൻ എം. പോൾ നൽകി.


ചടങ്ങിൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ. ഡോ. മാണി പുതിയിടം അധ്യക്ഷത വഹിച്ചു.
ഐസിഎസ്ഇ, ഹയർസെക്കൻഡറി പരീക്ഷകളിലും വിവിധ മത്സരപരീക്ഷകളിലും ഉയർന്ന വിജയശതമാനം നേടിയ കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐയെ ചടങ്ങിൽ ആദരിച്ചു. ദീപിക സർക്കുലേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ജോസഫ് ഓലിക്കൽ സ്വാഗതവും പിആർഒ മാത്യു കൊല്ലമലക്കരോട്ട് നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.