യാത്രക്കാരന്റെ പരാക്രമം; വിമാനം മുംബൈയിലിറക്കി
യാത്രക്കാരന്റെ പരാക്രമം; വിമാനം മുംബൈയിലിറക്കി
Thursday, July 28, 2016 11:52 AM IST
കൊണ്ടോട്ടി: ദുബായിൽനിന്നു കരിപ്പൂരിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ മനോവൈകല്യമുള്ള യാത്രക്കാരൻ സഹയാത്രികരെ മർദിച്ചു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി. ഇന്നലെ പുലർച്ചെ 4.30ന് ദുബായിൽനിന്നു കരിപ്പൂരിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായ കണ്ണൂർ ചെറുറമ്പത്ത് ഷമീർ(33)ആണ് വിമാനം പറന്നുയർന്ന് ഒരു മണിക്കൂർ കഴിഞ്ഞതോടെ മനോനില തെറ്റി വിമാനത്തിനുളളിൽ അക്രമാസക്‌തനായത്.

സീറ്റിൽനിന്ന് എഴുന്നേറ്റ് ഷമീർ ബാഗേജ് കാബിനിലും വിമാനത്തിലെ ടോയ്ലെറ്റിലെ വാതിലിലും ശക്‌തമായി ഇടിക്കുകയായിരുന്നു. ഇതിനിടെ പരസ്പര വിരുദ്ധമായി ഉച്ചത്തിൽ സംസാരിച്ച ഇയാളെ അനുനയിപ്പിക്കാൻ സഹയാത്രികർ ശ്രമിച്ചതോടെ ഇയാൾ ഇവരെ ആക്രമിക്കുകയായിരുന്നു. നിരപരാധികളെ കൊന്നൊടുക്കുന്ന ഐഎസ് ഭീകരതയ്ക്കെതിരാണ് താനെന്നും വിമാനത്തെ രക്ഷിക്കുകയാണു തന്റെ ലക്ഷ്യമെന്നും പറഞ്ഞ് ഇയാൾ കലിതുളളിയതോടെ വിമാനത്തിലെ മറ്റു യാത്രക്കാരും ഭയന്നു.

ഇതിനിടെ, ഷമീറിനെ അനുനയിപ്പിക്കാൻ ശ്രമിച്ച സഹയാത്രികരെ ചവിട്ടുകയും ചെയ്തു. മർദനത്തിൽ തലശേരി സ്വദേശി ഷാനവാസിന്റെ വലതുകൈയിലെ തൊലിയിരുഞ്ഞു പോയി. പലരും വിമാന സീറ്റിനിടയിലേക്കു വീണു. വിമാന ജീവനക്കാരോടും ഇയാൾ അപമര്യാദയായി പെരുമാറി. ആഹാരസാധനങ്ങൾ സൂക്ഷിക്കുന്ന കാർട്ടിൽ കയറുകയും അവിടെ ഇരിക്കുകയും ചെയ്തു.

ഇതോടെ സ്ത്രീകളടക്കമുളളവർ ഭയവിഹ്വലരായി. ഒരു മണിക്കൂറിലേറെ വിമാനത്തിൽ നാടകീയ രംഗങ്ങൾ സൃഷ്‌ടിച്ച ഇയാൾ പിന്നീടു വിമാനത്തിൽ നിലത്തിരുന്നു. ക്ഷുഭിതനായി യാത്രക്കാരനുമായി വിമാനം കരിപ്പൂരിലെത്തിക്കാനാവില്ലെന്നു കണ്ട പൈലറ്റ് വിമാനം വ്യോമപാതയിലെ അടുത്തുളള വിമാനത്താവളമായ മുംബൈയിൽ ഇറക്കാൻ അനുമതി തേടുകയായിരുന്നു.


<ആ>പേടി മാറാതെ യാത്രക്കാർ കരിപ്പൂരിൽ

കൊണ്ടോട്ടി: മനോനില തെറ്റിയ സഹയാത്രികന്റെ ആക്രമണത്തിൽ ഭയവും അമ്പരപ്പും മാറാതെ ദുബായിൽനിന്നുള്ള യാത്രക്കാർ കരിപ്പൂരിലെത്തി. ദുബായിൽനിന്ന് ഇൻഡിഗോ എയർ വിമാനം പറന്നുയർന്ന് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് യുവാവ് അക്രമാസക്‌തനായതെന്നു യാത്രക്കാരനായ തലശേ രി സ്വദേശി ഷാനവാസ് പറഞ്ഞു. എന്റെ പിറകിലെ വിമാന സീറ്റിലായിരുന്നു ഇയാൾ ഉണ്ടായിരുന്നത്. ‘ഞാൻ ഉറക്കത്തിലായിരുന്നു. പെട്ടെന്ന് ശബ്ദം കേട്ട് ഉണർന്നപ്പോൾ മനോവിഭ്രാന്തിയിൽ ഒരാൾ വിമാനത്തിൽ നടക്കുന്നു. ഇയാളോട് ഇരിക്കാൻ പറയുന്നവരെ അസഭ്യം പറയാനും തുടങ്ങി. ഇതിനിടെ വിമാനത്തിന്റെ ബാഗേജ് കാബിനിലും ടോയ്ലെറ്റിലും ശക്‌തമായി ഇടിക്കാനും തുടങ്ങി. സ്ത്രീകളുൾപ്പെടെയുള്ളവർ ഇതോടെ കരഞ്ഞു ബഹളം വച്ചു. പേടിച്ചരണ്ട് സീറ്റിനുള്ളിലേക്കു തലപൂഴ്ത്തി. ഇതിനിടയിലാണ് ഇയാളെ പിടിക്കാൻ ചെന്ന എന്നെ ചവിട്ടിയത്. കൈത്തണ്ടയുടെ തൊലിയുരിഞ്ഞു പോയി. എന്നെ മർദിക്കുന്നതു കണ്ട മറ്റൊരു യാത്രക്കാരനും ഇയാളെ സമീപിച്ചതോടെ ഇയാളെയും തൊഴിച്ചു. അസാമാന്യ ശക്‌തിയായിരുന്നു അയാൾക്കുണ്ടായിരുന്നത്. പിറകിൽനിന്നു മുന്നോട്ടു വന്ന അയാൾ പിന്നീട് ഭക്ഷണം വച്ചിരുന്ന ഭാഗത്തുകയറി നിന്നു. ഇതിനിടെ താൻ ഐഎസിന് എതിരാണെന്നും മറ്റും പറയുന്നുണ്ടായിരുന്നു. പിന്നീടു വിമാനത്തിന്റെ നിലത്തിരുന്നു. ഒരു മണിക്കൂറിനു ശേഷമാണു മുംബൈയിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.