മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ തീർന്നതു ചെലവു കൂടിയതുകൊണ്ടെന്നു മന്ത്രി
മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ തീർന്നതു ചെലവു കൂടിയതുകൊണ്ടെന്നു മന്ത്രി
Thursday, July 28, 2016 12:05 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാവേലി സ്റ്റോറുകളിലും സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിലും സാധനങ്ങൾ തീർന്നത് ഇവിടങ്ങളിൽ ചെലവുകൂടിയതുകൊണ്ടാണെന്ന് മന്ത്രി പി. തിലോത്തമൻ. സെക്രട്ടേറിയറ്റിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ മാധ്യമ വാർത്തകളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

പൊതുവിപണിയിൽ സാധങ്ങൾക്ക് വിലക്കയറ്റമുണ്ടായപ്പോൾ ജനങ്ങൾ കൂടുതലായി സിവിൽ സപ്ലൈസിനെ ആശ്രയിച്ചതുമൂലമാണ് ചില സാധനങ്ങൾ തീർന്നത്. 56 ഡിപ്പോകളിൽ 46–ലും സാധനങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഇവിടെയെല്ലാം സാധനങ്ങൾ എത്തി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. സബ്സിഡി അരി ഉൾപ്പെടെയുള്ളവ ഔട്ട്ലെറ്റുകളിൽ തീർന്നതിനെക്കുറിച്ചും അരിയുടെ ടെൻഡർ വൈകാനിടയായ സാഹചര്യത്തെക്കുറിച്ചും പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു.

സർക്കാർ അധികാരത്തിലെത്തി രണ്ടാഴ്ചകൾക്കുള്ളിൽ ഒറ്റയടിക്കു ജയ അരിയുടെ വില അഞ്ചു രൂപ വർധിച്ചത് സിവിൽ സപ്ലൈസിനെ പ്രതിസന്ധിയിലാക്കി. പിന്നീട് ടെൻഡർ ക്ഷണിച്ചപ്പോഴും അരിവില ഉയർത്താനാണു മിൽ ഉടമകളും ആന്ധ്രയിലെ വ്യാപാരികളും ശ്രമിച്ചത്. ഇതേത്തുടർന്നു സർക്കാർ അല്പം കാത്തു നിന്നതാണ് അരി എത്താൻ കാലതാമസം ഉണ്ടാക്കിയത്. വൻ നഷ്ടം സഹിച്ചാണു സിവിൽ സപ്ലൈസ് കോർപറേഷൻ ഇപ്പോൾ സാധനങ്ങൾ വിലകുറച്ച് ജനങ്ങൾക്കു നൽകിക്കൊണ്ടിരിക്കുന്നത്. എന്നാലും സർക്കാർ 13 ഇന സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടില്ല. നോൺ സബ്സിഡി സാധനങ്ങൾക്കും വില കൂട്ടാതിരിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി തിലോത്തമൻ പറഞ്ഞു.

ഓണത്തിന് അവശ്യ ഭക്ഷ്യ വസ്തുക്കൾ സപ്ലൈയർമാരിൽ നിന്നു നേരിട്ട് ലഭ്യമാക്കുന്നതിനും ആന്ധ്രയിൽ നടപ്പാക്കിയിട്ടുള്ള ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം സംബന്ധിച്ച് മനസിലാക്കുന്നതിനുമാണ് കഴിഞ്ഞ ദിവസം താൻ ഉൾപ്പെടെയുള്ളവർ ആന്ധ്രയിൽ സന്ദർശനം നടത്തിയതെന്നും മന്ത്രി പറഞ്ഞു. അംഗീകൃത റേഷൻ ഡീലർമാരും മൊത്തവിതരണക്കാരുമായും ചർച്ച നടത്തുകയും ഇവിടങ്ങളിൽ ഉപയോഗിക്കുന്ന ഇപിഒഎസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ) മെഷ്യനുകളുടെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.


എൻഡ് ടു എൻഡ് കംപ്യൂട്ടർവത്കരണത്തെക്കുറിച്ചും പഠിച്ചു. ആന്ധ്രപ്രദേശ് സിവിൽ സപ്ലൈസ് കോർപറേഷൻ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്‌ഥർ എന്നിവരുടെ സാന്നിധ്യത്തിൽ അവിടത്തെ മിൽ ഉടമകൾ, മിൽ ഉടമാസംഘം ഭാരവാഹികൾ എന്നിവരുമായി ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.

മുൻ സർക്കാരിന്റെ കാലത്ത് കൺസ്യൂമർഫെഡ് അവിടുത്തെ മില്ലുടമകൾക്ക് നൽകാനുണ്ടായിരുന്ന 31 കോടിയിലേറെ രൂപയെക്കുറിച്ചുള്ള ആശങ്ക മൂലമാണ് സംസ്ഥാനത്തേക്ക് അരി അയക്കുന്നത് അവർ കുറച്ചതെന്നും ഈ തുക സർക്കാർ നൽകികൊള്ളാമെന്ന് അറിയിച്ചതിനെ തുടർന്ന് അവരുടെ ആശങ്ക ഒഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഇതേത്തുടർന്ന് സപ്ലൈകോയുടെ ഇ–ടെൻഡറുകളിൽ അവർ പങ്കെടുക്കാമെന്ന് അറിയിച്ചെന്നും മന്ത്രി പറഞ്ഞു.

ഓണത്തോട് അനുബന്ധിച്ച് മുൻകൊല്ലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇക്കുറി 14 ജില്ലാ ആസ്‌ഥാനങ്ങളിലും ഓണം മെഗാഫെയറുകൾ നടത്തും. ഇതോടൊപ്പം 140 നിയോജകമണ്ഡലങ്ങളിലും ഓണച്ചന്തകളും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മാവേലി സ്റ്റോറുകൾ ഇല്ലാത്ത മുഴുവൻ പഞ്ചായത്തുകളിലും ഉടൻ മാവേലി സ്റ്റോറുകൾ ആരംഭിക്കും. അടുത്ത മാസം എട്ട്, ഒൻപത് തീയതികളിൽ മൂന്ന് മാവേലി സ്റ്റോറുകൾ കൂടി ആരംഭിക്കുമെന്നും മന്ത്രി പി.തിലോത്തമൻ അറിയിച്ചു. ഭക്ഷ്യസിവിൽ സപ്ലൈസ് ഡയറക്ടർ വി.കെ. ബാലകൃഷ്ണനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.