മത്സ്യത്തൊഴിലാളികളുടെ വലയിൽ വിമാനാവശിഷ്‌ടം കുടുങ്ങി
മത്സ്യത്തൊഴിലാളികളുടെ വലയിൽ വിമാനാവശിഷ്‌ടം കുടുങ്ങി
Thursday, July 28, 2016 12:05 PM IST
ചേർത്തല: മാരാരിക്കുളം ചെത്തി കടപ്പുറത്തുനിന്നു മത്സ്യബന്ധനത്തിനുപോയ തൊഴിലാളികളുടെ വലയിൽ വിമാനാവശിഷ്ടം കുരുങ്ങി. വലയിൽ കുരുങ്ങിയ സാമഗ്രി വിമാനത്തിന്റേതാണെന്നു തോന്നിയതിനാൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ കരയിലെത്തിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. തൊഴിലാളികൾ കരക്കെത്തിച്ച വിമാന അവശിഷ്ടം ചേർത്തല ഡിവൈഎസ്പി എം. രമേഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അർത്തുങ്കൽ സ്റ്റേഷനിലേക്കു മാറ്റി.

ജില്ലാ പോലീസ് മേധാവി എറണാകുളം കളക്ടർ മുഖേന കൊച്ചിയിലെ നാവിക ആസ്‌ഥാനത്ത് സംഭവം അറിയിച്ചു. നാവിക സേന വിദഗ്ദർ ഇന്ന് അർത്തുങ്കൽ സ്റ്റേഷനിലെത്തി പരിശോധന നടത്തും. രണ്ടു മീറ്ററോളം നീളമുള്ളതും വിമാനത്തിന്റെ ചിറകിനോട് രൂപ സാദൃശ്യമുള്ളതാണു ലഭിച്ച സാമഗ്രി. അതിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തിൽ രേഖപ്പെടുത്തലുകളും ഉണ്ട്.


ഐഎഐ മലാട്ട് ഡിവിഷൻ, മിലിട്ടറി എയർക്രാഫ്റ്റ് ഗ്രൂപ്പ്, ഇസ്രായേൽ എയർക്രാഫ്റ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന് ഇംഗ്ലീഷിലുള്ള രേഖപ്പെടുത്തലാണ് ഉള്ളത്. 2011 മേയിൽ നിർമിച്ചതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.