മാധ്യമപ്രവർത്തകരുടെ വിലക്ക്: ഗവർണർ ഇടപെടണമെന്ന് വി.എം. സുധീരൻ
മാധ്യമപ്രവർത്തകരുടെ വിലക്ക്: ഗവർണർ ഇടപെടണമെന്ന് വി.എം. സുധീരൻ
Thursday, July 28, 2016 12:16 PM IST
തിരുവനന്തപുരം: കോടതികളിൽ മാധ്യമ പ്രവർത്തകർക്കു നേരിടുന്ന വിലക്ക് ഒഴിവാക്കാൻ ഇടപെടണമെന്ന് അഭ്യർഥിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ ഗവർണർക്കു കത്തു നൽകി. മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഇത്തരം ഒരു അവസ്‌ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്. കോടതികളിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് ജനങ്ങൾക്ക് വിവരങ്ങൾ അറിയാനുള്ള അവകാശം പരിമിതപ്പെടുത്തുന്ന നടപടിയാണ്. നീതിന്യായ നിർവഹണത്തിന്റെ സുതാര്യതയെയും ഇത് ബാധിക്കാനിടയുണ്ട്.

മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിൽ സംസ്‌ഥാന ഭരണകൂടവും മുഖ്യമന്ത്രിയും പരാജയപ്പെട്ടു. ജനാധിപത്യത്തിന്റെ അഭിഭാജ്യഘടകമായ മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും പ്രയോജനമുണ്ടായില്ല. ഇപ്പോഴും സംഘർഷം നിലനിൽക്കുകയാണ്.


പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, മുഖ്യ വിവരാവകാശ കമ്മീഷണർ എന്നിവരും ബാർ കൗൺസിൽ പ്രതിനിധികൾ, മാധ്യമ സ്‌ഥാപനങ്ങളുടെയോ പത്രാധിപന്മാരുടെയോ പ്രതിനിധികൾ തുടങ്ങിയവരുമായി ചർച്ച നടത്തി ഏവർക്കും സ്വീകാര്യമായ പൊതുധാരണ ഉണ്ടാക്കണമെന്നും സുധീരൻ പറഞ്ഞു.

മാധ്യമങ്ങളോടു പ്രതികരിക്കാതിരിക്കുന്ന മുഖ്യമന്ത്രിയുടെ രീതി ശരിയല്ല. മുഖ്യമന്ത്രി സ്‌ഥാനത്തിരുന്ന് സർക്കാർ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കാതിരിക്കുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ലംഘിക്കലാണെന്നും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.