സിപിഎം കേന്ദ്ര നേതൃത്വത്തിനു വി.എസിന്റെ കത്ത്: സാമ്പത്തിക ഉപദേഷ്‌ടാവിന്റെ നിയമനം തിരുത്തണം
സിപിഎം കേന്ദ്ര നേതൃത്വത്തിനു വി.എസിന്റെ കത്ത്: സാമ്പത്തിക ഉപദേഷ്‌ടാവിന്റെ നിയമനം തിരുത്തണം
Thursday, July 28, 2016 12:20 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്‌ടാവായി ഹാർവാഡ് സർവകലാശാലായിലെ അധ്യാപിക പ്രഫ. ഗീത ഗോപിനാഥിനെ നിയമിച്ച തീരുമാനം തിരുത്താൻ ഇടപെടണം എന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ പാർട്ടി കേന്ദ്രനേതൃത്വത്തിനു കത്തു നൽകി.

നവ ഉദാരീകരണത്തിന്റെ വക്‌താവായി അറിയപ്പെടുന്ന ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്‌ടാവായി ഇടതുമുന്നണി നേതൃത്വം നൽകുന്ന സർക്കാർ നിയമിച്ച നടപടി പാർട്ടിയിലെ ഘടകങ്ങളിൽ ചർച്ചയായ സാഹചര്യത്തിലാണു വി.എസിന്റെ കത്ത്. സിപിഎം പോളിറ്റ്ബ്യൂറോ യോഗം നാളെ ഡൽഹിയിൽ ചേരാനിരിക്കെയാണ് അച്യുതാനന്ദൻ കത്തു നൽകിയത്.

പാർട്ടിനയത്തിനും നിലപാടുകൾക്കും വിരുദ്ധമായ നിലപാടുകളാണു ഗീത ഗോപിനാഥിന്റേതെന്നു അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെയും ബിജെപിയുടെയും നവ ഉദാരീകരണ, സാമ്പത്തികനയങ്ങളെ ശക്‌തമായി എതിർക്കുന്ന നിലപാടാണ് പാർട്ടിയുടേത്. പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയത്തിൽ കോൺഗ്രസിനെയും ബിജെപിയെയും തള്ളിപ്പറയുന്നതിനു പിന്നിൽ ഈ നയ സമീപനങ്ങളുണ്ട്.


ബംഗാളിൽ തൃണമൂലിനെതിരേ കോൺഗ്രസുമായി വിശാല സഖ്യമുണ്ടാക്കുന്നതിനെ പാർട്ടി തള്ളിപ്പറഞ്ഞത് അടവുനയം ചൂണ്ടിക്കാട്ടിയാണ്. പാർട്ടിനയത്തിനു വിരുദ്ധ നിലപാട് സ്വീകരിച്ച വ്യക്‌തിയെ ഇടതുസർക്കാർ ഉപദേഷ്‌ടാവാക്കിയ തീരുമാനം പിൻവലിക്കണമെന്നു വി.എസ് കത്തിൽ ആവശ്യപ്പെട്ടു.

അച്യുതാനന്ദനുമായി ബന്ധപ്പെട്ട സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയോഗിക്കപ്പെട്ട പാർട്ടി പിബി കമ്മീഷന്റെ റിപ്പോർട്ട് നാളെ തുടങ്ങുന്ന നേതൃയോഗത്തിൽ അവതരിപ്പിക്കാനിടയുണ്ടെന്ന പ്രചാരണങ്ങൾക്കിടെയാണു മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവിന്റെ നിയമനത്തെ വിമർശിച്ചു വി.എസ് രംഗത്തെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.