ഗ്യാസ് ടാങ്കറും ചരക്കു ലോറിയും കൂട്ടിയിടിച്ചു; വൻ ദുരന്തം ഒഴിവായി
Friday, July 29, 2016 1:29 PM IST
പരിയാരം: ദേശീയപാതയിൽ കെ.കെ.എൻ. പരിയാരം സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപം ഗ്യാസ് ടാങ്കറും ചരക്കു ലോറിയും കൂട്ടിയിടിച്ചു. ടാങ്കർ ലോറിയിലെ ക്ലീനർക്കും ഡ്രൈവർക്കും നിസാര പരിക്കേറ്റു. ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. മംഗളൂരുവിൽനിന്നു പാചകവാതകവുമായി കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന ടിഎൻ–26 എം2827 ക്യാപ്സ്യൂൾ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്.

സ്കൂളിനു മുന്നിലെ വളവിലാണ് എറണാകുളത്തുനിന്നു മംഗലാപുരത്തേക്കു പോകുന്ന കെ.എ–22 സി 0485 നമ്പർ ലോറിയുമായി ടാങ്കർ കൂട്ടിയിടിച്ചത്. അപകടത്തിൽ ടാങ്കർ ലോറിയുടെ കാബിൻ പൂർണമായും തകർന്നു. ഡ്രൈവർ മുസിരി സ്വദേശി ആർ. കൃഷ്ണമൂർത്തി (27), ക്ലീനർ നാമക്കൽ സ്വദേശി വിനോദ് (18) എന്നിവർക്കാണു പരിക്കേറ്റത്. അപകടത്തെത്തുടർന്നു വാതകം ചോരുന്നുണ്ടെന്നു സംശയം തോന്നിയതിനാൽ പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു. തളിപ്പറമ്പിൽനിന്നു ഫയർഫോഴ്സ് എത്തിയാണ് ടാങ്കർ സുരക്ഷിതമാണെന്നു സ്‌ഥിരീകരിച്ചത്.


ഇടിയുടെ ആഘാതത്തിൽ ടാങ്കറിന്റെ ഡീസൽ ടാങ്ക് ഒടിഞ്ഞു. ലോറിയുടെ മുൻഭാഗത്തെ ചില്ലുകൾ മാത്രമേ തകർന്നിട്ടുള്ളു. റോഡിൽ വാഹനഗതാഗതത്തിനു തടസമായിക്കിടന്ന ലോറി പരിയാരം സ്പെഷൽ ബ്രാഞ്ച് എസ്ഐ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണു റോഡരികിലേക്കു മാറ്റിയത്.

അപകടത്തിൽപ്പെട്ട ടാങ്കർ ലോറി മംഗളൂരുവിൽനിന്നെത്തിയ ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷൻ അധികൃതരുടെ നേതൃത്വത്തിൽ പുതിയ കാബിൻ ഘടിപ്പിച്ച ശേഷം ഉച്ചകഴിഞ്ഞു 3.45ഓടെ കോഴിക്കോട്ടേക്കു കൊണ്ടുപോയി. അവിടെനിന്നു സാങ്കേതിക തകരാറുകൾ പരിശോധിച്ച ശേഷം കോയമ്പത്തൂരിലേക്കു കൊണ്ടുപോകും. കുപ്പം ഖലാസികളുടെ സഹകരണത്തോടെ ക്രെയിൻ ഉപയോഗിച്ചാണു കാബിൻ മാറ്റി പുതിയതു ഘടിപ്പിച്ചത്. പരിയാരം പോലീസിന്റെ നേതൃത്വത്തിൽ ഇതിനായി ഒരു മണിക്കൂറോളം വാഹന ഗതാഗതം തിരിച്ചുവിട്ടിരുന്നു. രാവിലെ വിഛേദിക്കപ്പെട്ട വൈദ്യുതി ടാങ്കർ എടുത്തുപോയതിനു ശേഷമാണു പുനഃസ്‌ഥാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.