ജിഎസ്ടിയിലൂടെ കേരളത്തിന് വൻനേട്ടം: മന്ത്രി തോമസ് ഐസക്
ജിഎസ്ടിയിലൂടെ കേരളത്തിന് വൻനേട്ടം: മന്ത്രി തോമസ് ഐസക്
Monday, August 22, 2016 1:13 PM IST
തിരുവനന്തപുരം: ജിഎസ്ടി (ചരക്കു സേവന നികുതി) നടപ്പിലാക്കുമ്പോൾ ഉപഭോക്‌തൃ സംസ്‌ഥാനമായ കേരളത്തിനാകും ഏറ്റവും കൂടുതൽ. നേട്ടമുണ്ടാകുകയെന്നു ധനമന്ത്രി തോമസ് ഐസക്. സംസ്‌ഥാന വാണിജ്യ നികുതി, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്, സി ആൻഡ് എ ജി, പുതുച്ചേരി വാണിജ്യ നികുതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്‌ഥർക്കായുള്ള ട്രെയിനേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജിഎസ്ടി വരുന്നതിലൂടെ സംസ്‌ഥാനത്തിനു വൻ നേട്ടമാണു കൈവരാൻ പോകുന്നത്. ജിഎസ്ടി നടപ്പിലാക്കുന്നതിനുള്ള അടിസ്‌ഥാന സൗകര്യ വികസനത്തിനും സമഗ്രമായ സാങ്കേതിക മാറ്റങ്ങൾക്കും വാണിജ്യ നികുതി വകുപ്പ് തുടക്കംകുറിച്ചു കഴിഞ്ഞു.

ജിഎസ്ടി പരിശീലന പദ്ധതി ഉദ്യോഗസ്‌ഥരിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് മന്ത്രി പറഞ്ഞു. സംസ്‌ഥാനത്തെ വ്യാപാരി വ്യവസായികളും ട്രേഡിംഗ,് മാനേജ്മെന്റ്, ധനകാര്യ വിദഗ്ധരുമായുള്ള ആശയവിനിമയത്തിലൂടെയും സമ വായത്തിലൂടെയും ആകും പ്രായോഗിക തലത്തിൽ ജിഎസ്ടി നടപ്പിലാക്കുക. ഇതിനായുള്ള പ്രാഥമിക പരിപാടികൾക്കു സർക്കാർ തുടക്കം കുറിച്ചു.

ജിഎസ്ടി നടപ്പിലാക്കുമ്പോഴുള്ള ഒരു പ്രധാന ആശങ്ക പരമാവധി നികുതി നിരക്കിനെക്കുറിച്ചാണ്. ഉപഭോക്‌താവിന് ഒരിക്കലും ദോഷമാകാത്ത രീതിയിലും വിലക്കയറ്റം പിടിച്ചുനിർത്തുന്ന രീതിയിലുമുള്ള നിരക്കാകും ഉണ്ടാകുക. പരിശീലന പരിപാടികളുടെ രണ്ടാം ഘട്ടമെന്ന നിലയിൽ സംസ്‌ഥാനത്തെ വ്യാപാരി വ്യവസായികൾ, ചാർട്ടേർഡ് അക്കൗണ്ടന്റുമാർ, കോസ്റ്റ് അക്കൗണ്ടന്റുമാർ, കമ്പനി സെക്രട്ടിമാർ, ടാക്സ് പ്രാക്ടീഷനർമാർ, ധനകാര്യ മാനേജ്മെന്റ് സ്‌ഥാപനങ്ങൾ എന്നിവയുമായി ആശയവിനിമയത്തിനുള്ള വേദി സർക്കാർ ഒരുക്കും.


ട്രെയിനേഴ്സ് ട്രെയിനിംഗ് പ്രോഗ്രാമിനു നേതൃത്വം നൽകുന്നത് കേന്ദ്ര സർക്കാരും നാഷണൽ അക്കാഡമി ഓഫ് കസ്റ്റംസ് എക്സൈസ് ആൻഡ് നാർകോട്ടിക്സും സംസ്‌ഥാന വാണിജ്യ നികുതി വകുപ്പും ചേർന്നാണ്.

പരിശീലന പരിപാടിയിൽ ജിഎസ്ടിയെക്കുറിച്ചുള്ള സമഗ്ര അവലോകനം, ഇ– കൊമേഴ്സ്, വാറ്റിൽ നിന്നു ജിഎസ് ടിയിലേക്കുള്ള സുഗമവും സമഗ്രവുമായ മാറ്റം തുടങ്ങി വ്യത്യസ്ത വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ചീഫ് കമ്മീഷണർ എം. വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാണിജ്യ നികുതി വകുപ്പ് കമ്മീഷണർ രാജൻ ഖോബ്രഗഡെ സ്വാഗതവും വാണിജ്യ നികുതി വകുപ്പ് തിരുവനന്തപുരം ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ത്യാഗരാജ ബാബു നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.