മെഡിക്കൽ പ്രവേശനം: സർക്കാർ നിലപാട് ന്യൂനപക്ഷങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ
മെഡിക്കൽ പ്രവേശനം: സർക്കാർ നിലപാട് ന്യൂനപക്ഷങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ
Monday, August 22, 2016 1:13 PM IST
കൊച്ചി: സംസ്‌ഥാനത്തെ സ്വാശ്രയമെഡിക്കൽ കോളജുകളിലെ മുഴുവൻ സീറ്റുകളും ഏറ്റെടുത്ത സർക്കാർ നടപടി പ്രതിഷേധാർഹവും സ്വകാര്യ മാനേജുമെന്റുകളോടുള്ള യുദ്ധപ്രഖ്യാപനവുമാണെന്ന് കെസിബിസി വിദ്യാഭ്യാസകമ്മീഷൻ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്ത്. 2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരും അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയും സ്വാശ്രയ മാനേജുമെന്റുകളോടു സ്വീകരിച്ച നയങ്ങളുടെ തനിയാവർത്തനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അന്നത്തെ എൽഡിഎഫ് സർക്കാർ നിലപാട്, നീണ്ട ജനകീയസമരങ്ങൾക്കും നിയമയുദ്ധങ്ങൾക്കും കാരണമായതും സർക്കാർ നിലപാടുകൾ പാടേ തകർന്നടിഞ്ഞതും ആരും വിസ്മരിക്കരുത്. സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സ്വകാര്യ മാനേജുമെന്റുകളും സർക്കാരും തമ്മിലുള്ള ബന്ധത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു കാരണമാകും.

സ്വാശ്രയമാനേജുമെന്റുകളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നതിലൂടെ ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷവിദ്യാഭ്യാസ അവകാശങ്ങൾക്ക് എതിരാണ് ഈ സർക്കാരെന്ന് ഒരിക്കൽകൂടി പ്രഖ്യാപിക്കുകയാണ്.


സ്വാശ്രയ മെഡിക്കൽ കോളജുകളിലെ സീറ്റുകൾ സംബന്ധിച്ചു സംസ്‌ഥാന സർക്കാരും ക്രിസ്ത്യൻ മാനേജുമെന്റുകളും തമ്മിൽ മൂന്നു വർഷത്തെ കാലാവധിയുള്ള കരാർ നിലവിലുണ്ട്. ഈ കരാറിൽ നിന്ന് സംസ്‌ഥാനസർക്കാർ ഏകപക്ഷീയമായി പിൻമാറുന്നതിന്റെ കാരണം സർക്കാർ വ്യക്‌തമാക്കണം. മുന്നണികൾ മാറി മാറി അധികാരത്തിൽ വരുമ്പോൾ സർക്കാരുകളുമായുള്ള കരാറുകൾ റദ്ദാക്കപ്പെടുന്നതിലൂടെ സംസ്‌ഥാനസർക്കാർ തങ്ങളുടെ വിശ്വാസ്യതപോലും ഇല്ലാതാക്കി. ഈ സാഹചര്യത്തിൽ സർക്കാരുമായി ചർച്ചകളിലും കരാറുകളിലും ഏർപ്പെടുന്നതുപോലും പുനരാലോചനയ്ക്കു വിധേയമാക്കേണ്ടിയിരിക്കുന്നുവെന്നും മാർ താഴത്ത് പറഞ്ഞു.

സർക്കാർ നിലപാട് ഇടതുപക്ഷമുന്നണിയുടെ നയമാണോ എന്നു ഘടകകക്ഷികൾ വ്യക്‌തമാക്കണമെന്ന് കെസിബിസി വിദ്യാഭ്യാസകമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയും ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.