സർക്കാർ നടപടി മെഡി. വിദ്യാഭ്യാസരംഗത്ത് പ്രതിസന്ധി രൂക്ഷമാക്കും: ജാഗ്രതാസമിതി
Monday, August 22, 2016 1:13 PM IST
കൊച്ചി: സംസ്‌ഥാനത്തെ മുഴുവൻ സ്വാശ്രയ മെഡിക്കൽ സീറ്റുകളും പിടിച്ചെടുത്തുകൊണ്ടുള്ള സർക്കാർനടപടി മെഡിക്കൽ–ഡെന്റൽ വിദ്യാഭ്യാസരംഗത്ത് രൂപംകൊണ്ടിട്ടുള്ള പ്രതിസന്ധി രൂക്ഷമാക്കുമെന്നു കെസിബിസി ജാഗ്രതാസമിതി.

ന്യൂനപക്ഷ വിദ്യാഭ്യാസസ്‌ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ അപ്രസക്‌തമാക്കിക്കൊണ്ടും സ്വാശ്രയ വിദ്യാഭ്യാസസ്‌ഥാപനങ്ങളുടെ മേൽ അന്യായമായ അവകാശവാദങ്ങളുന്നയിച്ചുകൊണ്ടും സർക്കാർ നടത്തിയിരിക്കുന്ന നീക്കം, ഇടതുസർക്കാരിനു കീഴിൽ വിദ്യാഭ്യാസപ്രവർത്തനം സുഗമമായിരിക്കുകയില്ല എന്ന പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്.

ഉന്നത വിദ്യാഭ്യാസസ്‌ഥാപനങ്ങളിൽ സമർഥരായ വിദ്യാർഥികൾക്കു പ്രവേശനം നൽകുക എന്നതു സർക്കാരിന്റെ മാത്രമല്ല, സ്‌ഥാപനങ്ങളുടെ സൽപ്പേരിലും ഭാവിയിലും ശ്രദ്ധയുള്ള മാനേജുമെന്റുകളുടേയും താത്പര്യമാണ്. എല്ലാ സീറ്റുകളിലും അർഹരായവർക്കുമാത്രം പ്രവേശനം ലഭിക്കുമെന്നുറപ്പുവരുത്താൻ സർക്കാരിനു കടമയുണ്ട്.


കേരളത്തിൽ ഉന്നത വിദ്യാഭ്യാസരംഗത്ത് അനിശ്ചിതത്വവും സംഘർഷാവസ്‌ഥയും സൃഷ്ടിച്ച് വിദ്യാർഥികളെ അയൽസംസ്‌ഥാനങ്ങളിലെ കോളജുകളിലേക്കെത്തിക്കുന്ന പതിവുരീതി പ്രത്യക്ഷപ്പെട്ടുതുടങ്ങിയെന്ന ചിന്തയെ ബലപ്പെടുത്തുന്ന നടപടികൾ ഉണ്ടാകാതിരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ജാഗ്രത പുലർത്തണം. മുൻ ഇടതുപക്ഷ സർക്കാരുകളുടെ കാലത്തും സംസ്‌ഥാനസർക്കാരിനുമേൽ അന്യസംസ്‌ഥാന വിദ്യാഭ്യാസലോബി പിടിമുറുക്കുന്നു എന്ന ആരോപണം ശക്‌തമായിരുന്നു. പ്രതിസന്ധികൾ പരിഹരിച്ച് വിദ്യാഭ്യാസസ്‌ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനവും വിദ്യാർഥികളുടെ സുരക്ഷിതഭാവിയും ഉറപ്പുവരുത്താൻ സർക്കാർ സത്വരനടപടി സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രതാസമിതിയുടെ പിഒസിയിൽ ചേർന്ന പ്രത്യേക യോഗം സർക്കാരിനോട് അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.