മെഡിസിൻ: ഏകീകൃത ഫീസ് നിർധന വിദ്യാർഥികൾക്കു തിരിച്ചടി
Monday, August 22, 2016 1:31 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മെരിറ്റ്, മാനേജ്മെന്റ് സീറ്റുകളിൽ ഒറ്റ ഫീസെന്ന ആവശ്യത്തിൽ സർക്കാർ നയപരമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. മെരിറ്റ് സീറ്റുകളിലേക്കു സംസ്‌ഥാന സർക്കാരിന്റെ പ്രവേശന പരീക്ഷയിലെ റാങ്ക് ലിസ്റ്റിൽനിന്നും മാനേജ്മെന്റ് സീറ്റുകളിൽ അഖിലേന്ത്യാ പ്രവേശന പരീക്ഷയിലെ റാങ്ക്ലിസ്റ്റിൽ നിന്നും പ്രവേശനം നടത്തുമ്പോൾ വ്യത്യസ്ത ഫീസ് ഈടാക്കുന്നത് ധാർമികമല്ലെന്നതിനാലാണ് ഏകീകൃത ഫീസ് പരിഗണിക്കാൻ സർക്കാർ ആലോചിച്ചത്.

മാനേജ്മെന്റുകളുമായുള്ള ചർച്ചകൾക്കുശേഷം ഡെന്റൽ സീറ്റുകളിൽ ഈ മാതൃക സ്വീകരിക്കാനാണു ധാരണയായിട്ടുള്ളത്. എന്നാൽ, ഏകീകൃത ഫീസ് കൊണ്ടുവരുന്നതു നിർധന വിദ്യാർഥികൾക്കു തിരിച്ചടിയാകുമെന്ന വിമർശനം ഉയർന്നതോടെ സ്വാശ്രയ മെഡിക്കൽ പ്രവേശനം സർക്കാരിനു കൂടുതൽ തലവേദന സൃഷ്‌ടിച്ചിരിക്കുകയാണ്.

ഡെന്റൽ കോളജുകളുമായി സർക്കാരുണ്ടാക്കിയ ധാരണ പ്രകാരം 85 ശതമാനം സീറ്റുകളിലേക്കും നാലു ലക്ഷം രൂപയാണ് ഫീസ്. ഇതിൽ 10 ശതമാനത്തിൽ ബിപിഎൽ വിദ്യാർഥികൾക്ക് 50,000 രൂപ ഫീസ് മതി. എൻആർഐ സീറ്റിൽ 5.75 ലക്ഷവും. നേരത്തേ 50 ശതമാനം വരുന്ന മെരിറ്റ് സീറ്റുകളിൽ 44 ശതമാനത്തിലും 23,000 രൂപയും 56 ശതമാനത്തിൽ 1.75 ലക്ഷം രൂപയുമായിരുന്നു ഫീസ്. ഈ വർഷം ഏകീകൃത ഫീസ് വരുന്നതോടെ കുറഞ്ഞ ഫീസിൽ പഠിക്കാനാവുമായിരുന്ന വിദ്യാർഥികൾക്കും നാലു ലക്ഷം രൂപ ഫീസ് നൽകേണ്ടിവരും. ഏകീകൃത ഫീസ് സർക്കാർ അംഗീകരിച്ചെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടില്ല. മെഡിക്കൽ സീറ്റിലെ ഫീസു കൂടി തീരുമാനിച്ചശേഷമേ ഉത്തരവുണ്ടാകാൻ സാധ്യതയുള്ളൂ. ഡെന്റൽ കോഴ്സിലെ ഏകീകൃത ഫീസിനെതിരേ സർക്കാരിനെ വിമർശിച്ച് ഇന്നലെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.


അതേസമയം, മാനേജ്മെന്റ് സീറ്റുകൾ പിടിച്ചെടുത്തതിനെതിരേ മാനേജ്മെന്റ് അസോസിയേഷൻ ശക്‌തമായ നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. മാനേജ്മെന്റ് സീറ്റുകൾ ഏറ്റെടുത്ത ഉത്തരവ് പിൻവലിക്കണമെന്ന് ഒരിക്കൽക്കൂടി സർക്കാരിനോട് ആവശ്യപ്പെടാൻ ആലുവയിൽ ചേർന്ന സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ യോഗം തീരുമാനിച്ചു. ഉത്തരവ് പിൻവലിച്ചാൽ പകുതി സീറ്റുകൾ സർക്കാരിനു വിട്ടുനല്കും. ഇല്ലെങ്കിൽ സർക്കാരുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നും കോടതിയെ സമീപിക്കാനുമാണ് അസോസിയേഷന്റെ തീരുമാനം. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെന്റും നിയമനടപടിയിലേക്കു കടക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പ്രശ്നം പരിഹരിക്കാൻ കഴിയാതെ വരികയും മാനേജ്മെന്റുകൾ കോടതിയെ സമീപിക്കുകയും ചെയ്താൽ കോടതിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിർദേശം അനുസരിച്ച് തുടർനടപടികളെക്കുറിച്ച് ആലോചിക്കാമെന്ന നിലപാടിലാണു സർക്കാരും ജയിംസ് കമ്മിറ്റിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.