അവതാരകയോട് അപമര്യാദ കാട്ടിയ പോലീസ് അസി. കമ്മീഷണറെ മാറ്റി
Monday, August 22, 2016 1:31 PM IST
തിരുവനന്തപുരം: കൊല്ലത്തു നടന്ന രാജ്യാന്തര സൈബർ ക്രൈം സമ്മേളനവേദിയിൽവച്ച് അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണവിധേയനായ പോലീസ് അസിസ്റ്റന്റ് കമ്മീഷണറെ മാറ്റി. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയാണ് ആരോപണവിധേയനായ ഉദ്യോഗസ്‌ഥനെ തൽസ്‌ഥാനത്തുനിന്നു മാറ്റിയത്. അദ്ദേഹത്തിനു പകരം ചുമതല നൽകിയിട്ടില്ല. സൈബർ ഹൈടെക് സെല്ലിൽ സേവനമനുഷ്ഠിക്കുന്ന ഡിവൈഎസ്പിക്കെതിരേയാണ് അവതാരകയായ യുവതി ഉന്നത പോലീസ് ഉദ്യോഗസ്‌ഥരോടു പരാതി പറഞ്ഞത്. കഴിഞ്ഞ ദിവസം പോലീസ് കൊല്ലത്ത് സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനവേദിക്കു പിന്നിൽവച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.


സംഭവം വിവാദമായതിനെത്തുടർന്ന് ഇതേക്കുറിച്ചന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിനോട് ആവശ്യപ്പെട്ടിരുന്നു. ഡിവൈഎസ്പിക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഐജി റിപ്പോർട്ട് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.