കൈത്തറി തൊഴിലാളികളുടെ വേതനം വർധിപ്പിക്കും
Tuesday, August 23, 2016 1:01 PM IST
തിരുവനന്തപുരം: ഖാദിത്തൊഴിലാളികളുടെയും കൈത്തറി മേഖലയിലെ തൊഴിലാളികളുടെയും വേതനം ഗണ്യമായി വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് വ്യവസായ–സ്പോർട്സ് മന്ത്രി ഇ.പി. ജയരാജൻ. ഹാന്റക്സ് ഓണക്കാല വില്പനയുടെ സംസ്‌ഥാനതല ഉദ്ഘാടനം ഊറ്റുകുഴി കൈത്തറി ഭവനിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരള സംസ്‌ഥാന കൈത്തറി നെയ്ത്തു സഹകരണസംഘം (ഹാന്റക്സ്) അംഗ സംഘങ്ങളിലെ തൊഴിലാളികൾ ഉത്പാദിപ്പിക്കുന്ന ഗുണമേന്മ ഉറപ്പുവരുത്തിയ ഉത്പന്നങ്ങൾ 20 ശതമാനം സ്പെഷൽ റിബേറ്റോടുകൂടിയാണ് ഈ ഓണക്കാലത്ത് വിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള അഞ്ചു ശതമാനം റിബേറ്റിനു പുറമേയാണിത്.


കൈത്തറി ഉത്പന്നങ്ങൾ വാങ്ങി ഓണക്കാലവില്പന വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വി.എസ്. ശിവകുമാർ എംഎൽഎ, വാർഡ് കൗൺസിലർ അഡ്വ. ജയലക്ഷ്മി, കൈത്തറി ടെക്സ്റ്റൈൽസ് വകുപ്പ് ഡയറക്ടർ കെ.സുധീർ എന്നിവർ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.