ഹരിത ട്രൈബ്യൂണൽ വിധി ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതല്ല: ഹൈറേഞ്ച് സംരക്ഷണ സമിതി
Tuesday, August 23, 2016 1:01 PM IST
കട്ടപ്പന: പശ്ചിമഘട്ട മേഖലയിൽ ഇഎസ്എ പ്രദേശങ്ങളില്ലായെന്ന ചെന്നൈ ഹരിത ട്രൈബ്യൂണൽ ബെഞ്ചിന്റെ വിധി ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി. കോടതി പറഞ്ഞതു സാങ്കേതികമായി ശരിയാണെങ്കിലും പ്രശ്നങ്ങൾ തീർന്നെന്ന് അർഥമാക്കുന്നില്ല.

2013 നവംബർ 13–ന് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവനുസരിച്ചാണ് കസ്തൂരി രംഗൻ റിപ്പോർട്ടിലെ നിർദേശങ്ങൾ അംഗീകരിച്ച് ഇടുക്കി ജില്ലയിലെ 47 വില്ലേജുകൾ ഉൾപ്പെടെ കേരളത്തിലെ 123 വില്ലേജുകൾ ഇഎസ്എ ആയി പ്രഖ്യാപിച്ചത്. ഇതിനെതിരേ നടന്ന ശക്‌തമായ ജനകീ യ പ്രക്ഷോഭങ്ങളുടെ ഫലമായാണ് 2014 മാർച്ച് 10–ന് പരിസ്‌ഥിതി മന്ത്രാലയം കരടുവിജ്‌ഞാപനം ഇറക്കിയത്.

ജനങ്ങൾക്കും ബന്ധപ്പെട്ട സംസ്‌ഥാന സർക്കാരുകൾക്കും ഈ റിപ്പോർട്ടിനെപ്പറ്റി അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കുന്നതിന് 545 ദിവസത്തെ സമയപരിധി നൽകിയാണ് കരടുവിജ്‌ഞാപനം വന്നത്. 2015 സെപ്റ്റംബറിൽ ഇതിന്റെ കാലാവധി തീർന്നു. എന്നാൽ, ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എയിൽനിന്നു പൂർണമായി ഒഴിവാക്കണമെന്ന ആവശ്യത്തിന്മേൽ വ്യക്‌തമായ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ 2015 സെപ്റ്റംബർ നാലിന് വീണ്ടും കരടുവിജ്‌ഞാപനം ഇറക്കിയത്. ഇതിന്റെ കാലാവധി 2017 മാർച്ചിൽ തീരും. ഇതിനകം ഈ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക ഒഴിവാക്കിയുള്ള വ്യക്‌തമായ നടപടി ഉണ്ടാകണമെന്ന് സമിതി ആവശ്യപ്പെട്ടു.

2013 നവംബർ 13–ന്റെ ഉത്തരവുപ്രകാരം സംസ്‌ഥാനത്തെ 123 വില്ലേജുകൾ ഇഎസ്എ ആയി പരിഗണിച്ചിട്ടുണ്ട്. എന്നാൽ, കരടുവിജ്‌ഞാപനത്തിന്റെ കാലാവധി തീരുന്നതോടെ ഉണ്ടാകുന്ന അന്തിമ വിജ്‌ഞാപനം വഴിയാണ് ഇഎസ്എ പ്രഖ്യാപനം പൂർണമാകുന്നത്. അന്തിമവിജ്‌ഞാപനം ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിലാണ് നിയമപരമായി ഇപ്പോൾ ഇഎസ്എ ഇല്ലെന്ന് ഹരിത ട്രൈബൂണൽ പറയുന്നത്.


2013–ലെ കരടുവിജ്‌ഞാപനത്തിന്റെ അടിസ്‌ഥാനത്തിൽ ഇഎസ്എ ആയി നിർദേശിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങളും നിരോധനങ്ങളും അടിച്ചേല്പിച്ചിരിക്കുകയാണ്. നിർമാണപ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വൃക്ഷം മുറിക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പിന്നിൽ ഗൂഢതാത്പര്യക്കാരായ ഉദ്യോഗസ്‌ഥരാണ്. സർക്കാർ അവർക്കെതിരെ ശക്‌തമായ നടപടി എടുക്കണം.

പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ തീരുമാനവും സർക്കാർ നടപടിയുമാണ് ആവശ്യമായിരിക്കുന്നത്. നവംബർ 13 ന്റെ ഉത്തരവ് പിൻവലിക്കുകയോ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും പൂർണമായി ഇഎസ്എയിൽനിന്ന് ഒഴിവാക്കുന്നതിന് വ്യക്‌തമായ നടപടി ഉണ്ടാകുകയോ ചെയ്താൽമാത്രമെ ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടുകയുള്ളു. ഈ ആശങ്കകളെ ഭൂമാഫിയയുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കുന്നവർ ഈ പ്രദേശങ്ങളുമായി ബന്ധമില്ലാത്തവരും രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്നവരുമാണ്.

രാഷ്ട്രീയവ്യത്യാസങ്ങൾ മറന്ന് ഒറ്റക്കെട്ടായിനിന്ന് ഈ പ്രതിസന്ധി തരണംചെയ്യാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, രക്ഷാധികാരികളായ ആർ.മണിക്കുട്ടൻ, സി.കെ.മോഹനൻ, മൗലവി മുഹമ്മദ് റഫീക്ക് അൽ കൗസറി, കെ.കെ.ദേവസ്യ, സെക്രട്ടറി ജോസ് കുഴിപ്പിള്ളിൽ എന്നിവർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.