മദ്യവില്പനയ്ക്കു മാനദണ്ഡം വേണം: മൊയ്തീൻ
മദ്യവില്പനയ്ക്കു മാനദണ്ഡം വേണം: മൊയ്തീൻ
Tuesday, August 23, 2016 1:25 PM IST
തിരുവനന്തപുരം: ടൂറിസം മേഖലയിലെങ്കിലും മദ്യവില്പനയ്ക്കു മാനദണ്ഡം നിശ്ചയിക്കണമെന്ന് ടൂറിസം മന്ത്രി എ.സി. മൊയ്തീൻ. പിആർ ചേംബറിൽ പത്രസമ്മേളനത്തിനിടെയാണ് മന്ത്രി ടൂറിസം മേഖലയിലെ മദ്യവില്പന സംബന്ധിച്ച് വിഷയം ആവർത്തിച്ച് ഉന്നയിച്ചത്.

കേരളത്തിൽ എവിടെയൊക്കെ മദ്യം നൽകാമെന്ന കാര്യത്തിൽ ചർച്ച നടക്കണം. ടൂറിസം വളർച്ചാ നിരക്ക് കുറഞ്ഞതിനു കാരണം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യ വില്പന ഒഴിവാക്കിയതാണ്. മദ്യം വിളമ്പിയിരുന്നപ്പോൾ 20 അന്താരാഷ്ട്ര കൺവൻഷനുകൾ നടന്ന ഹോട്ടലിൽ ഇപ്പോൾ രണ്ടെണ്ണംപോലും നടക്കുന്നില്ല.

ഇതുസംബന്ധിച്ച് ടൂറിസം വകുപ്പ് നേരിട്ട് പഠനം നടത്തുകയായിരുന്നു. ടൂറിസം വകുപ്പിലെ റിസർച്ച് വിഭാഗമാണ് പഠനത്തിനു നേതൃത്വം നൽകിയത്. ടൂറിസ്റ്റുകൾ വരാത്തതിന് 20 കാരണങ്ങൾ പഠനത്തിൽ കണ്ടെത്തി. മദ്യനയം അതിൽ ഒന്നുമാത്രമാണ്. എന്നിട്ടും മദ്യനയം മാത്രം ഉയർത്തിക്കാട്ടി ചർച്ച നടത്തുകയായിരുന്നു. മറ്റു കാര്യങ്ങളെല്ലാം ചർച്ച നടത്തിയവർ ഒഴിവാക്കി.


ടൂറിസ്റ്റുകൾ കേരളത്തിലേക്കു വരുന്നതു മദ്യം കഴിക്കാനല്ല. ഭക്ഷണശീലത്തിന്റെ ഭാഗമായി മദ്യം കഴിക്കുന്നവർ ഉണ്ടെങ്കിൽ അതു നിഷേധിക്കണോയെന്ന് അദ്ദേഹം ചോദിച്ചു. മദ്യനയം രൂപീകരിക്കുന്നതു സംബന്ധിച്ച് പൊതുജനാഭിപ്രായം രൂപീകരിച്ചു മുന്നോട്ടുപോകേണ്ടതുണ്ട്. സർക്കാർ മദ്യനയം പ്രഖ്യാപിച്ചിട്ടില്ല. പൊതുജനാഭിപ്രായം രൂപീകരിച്ചാകും മുന്നോട്ടുപോകുകയെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.