സീറോ മലബാർ സഭ അസംബ്ലി നാളെ; പൊതുചർച്ച ശനിയാഴ്ച
Tuesday, August 23, 2016 1:25 PM IST
<ആ>സ്വന്തം ലേഖകൻ

കൊടകര: കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ നാളെ ആരംഭിക്കുന്ന സീറോ മലബാർ സഭ അസംബ്ലിയുടെ കാര്യപരിപാടികൾക്ക് അന്തിമ രൂപമായി. അസംബ്ലിയുടെ ഉദ്ഘാടന, സമാപന സമ്മേളനങ്ങൾക്കു നേരത്തേതന്നെ രൂപം നൽകിയിരുന്നു. വിവിധ ദിവസങ്ങളിൽ ഇതര ക്രൈസ്തവ സഭാധ്യക്ഷന്മാർ അസംബ്ലിയെ അഭിസംബോധന ചെയ്യും. ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നിവയാണ് അസംബ്ലിയുടെ ചർച്ചാവിഷയം. 25, 26 തീയതികളിൽ ഈ വിഷയങ്ങളുടെ അവതരണവും ഗ്രൂപ്പു തിരിഞ്ഞുള്ള ചർച്ചകളും നടക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനും വൈകുന്നേരം 4.30 നുമാണു പൊതുചർച്ചയ്ക്കുള്ള അവസരം. നേരത്തേ നിശ്ചയിച്ച മൂന്നിന അജൻഡയ്ക്കു പുറത്തുള്ള വിഷയങ്ങൾ പൊതുചർച്ചയ്ക്കുള്ള സീറോ അവറിൽ ചർച്ച ചെയ്തേക്കും. വൈകുന്നേരം ആറുമണിയോടെ പൊതുചർച്ചകളെ ആധാരമാക്കിയുള്ള നിലപാടുകൾക്കു രൂപം നൽകും.

അസംബ്ലി സമാപിക്കുന്ന 28 വരെയും എല്ലാ ദിവസവും രാവിലെ ആറു മുതൽ രാത്രി ഏഴരവരെ പ്രാർഥനയും കുർബാനയും ചർച്ചായോഗങ്ങളുമാണ്. രാത്രി എട്ടിന് അത്താഴത്തിനുശേഷം ഒമ്പതുമുതൽ പത്തുവരെ സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ആദ്യദിവസമായ 25ന് ഇരിങ്ങാലക്കുട രൂപതയിലെ വിദ്യാർഥികളാണു കലാപരിപാടികൾ അവതരിപ്പിക്കുക. 26നു വൈകുന്നേരം മങ്കസ് ഓഫ് ടൈബറിസം, 27നു വൈകുന്നേരം കല്യാൺ രൂപതയിൽനിന്നുള്ള കീ ബാൻഡ് എന്നിവയാണു പ്രധാന സാംസ്കാരിക പരിപാടികൾ ഒരുക്കുക.

നാളെ വൈകുന്നേരം അഞ്ചിനു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ കുർബാനയോടെയാണ് അസംബ്ലിക്കു തുടക്കമാകുക. ആർച്ച്ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാർമികരാകും. ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് സന്ദേശം നൽകും.

കുർബാനയ്ക്കുശേഷം 6.50 നാണ് ഉദ്ഘാടന സമ്മേളനം. ഇന്ത്യയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ഡോ. സാൽവത്തോരെ പെനാക്കിയോ ഉദ്ഘാടനം നിർവഹിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്യും. തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. സൂസപാക്യം, ബിഷപ് ഡോ. യുഹാനോൻ മാർ ഡയസ്കോറസ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവർ പ്രസംഗിക്കും. സീറോ മലബാർ സഭ സിനഡ് സെക്രട്ടറി മാർ ബോസ്കോ പുത്തൂർ റിപ്പോർട്ട് അവതരിപ്പിക്കും.


വെള്ളിയാഴ്ച രാവിലെ 9.50 നു സീറോ മലങ്കര സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കബാവ സന്ദേശം നൽകും. തുടർന്നു ചിങ്ങവനം ക്നാനായ അതിരൂപത വലിയ മെത്രാപ്പോലീത്ത മാർ സെവേറിയോസ് കുറിയാക്കോസും ഉച്ചകഴിഞ്ഞു 2.50 ന് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയും ആശംസയേകും. ശനിയാഴ്ച രാവിലെ 9.50ന് കൽദായ സഭാധ്യക്ഷൻ മാർ അപ്രേം മെത്രാപ്പോലീത്തയും പുത്തൻകുരിശ് അങ്കമാലി മെത്രാപ്പോലീത്ത മാത്യൂസ് മാർ എഫ്രേമും ആശംസയേകും.

ഞായറാഴ്ച സമാപന സമ്മേളനം രാവിലെ 9.15 ന് ആരംഭിക്കും. സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് പ്രസംഗിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമാപന സന്ദേശം നൽകും. തുടർന്ന് 11 നു ദിവ്യബലിക്കു കർദിനാൾ മാർ ആലഞ്ചേരി മുഖ്യകാർമികനാകും. ബിഷപ്പുമാരായ മാർ ലോറൻസ് മുക്കുഴി, മാർ ജോസ് ചിറ്റൂപ്പറമ്പിൽ, മാർ ബോസ്കോ പുത്തൂർ, മാർ പോളി കണ്ണൂക്കാടൻ എന്നിവർ സഹകാർമികരാകും. ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് സന്ദേശം നൽകും.

വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ജീവിതത്തിലെ ലാളിത്യം എന്ന വിഷയം ഫാ. ടോണി നീലങ്കാവിലും ഉച്ചകഴിഞ്ഞു രണ്ടിനു കുടുംബത്തിലെ സാക്ഷ്യം എന്ന വിഷയം ഫാ. മാർട്ടിൻ കല്ലുങ്ങലും അവതരിപ്പിക്കും.

ശനിയാഴ്ച രാവിലെ ഒമ്പതിനു പ്രവാസികളുടെ ദൗത്യം എന്ന വിഷയം ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ അവതരിപ്പിക്കും. മൂന്നു വിഷയങ്ങളിലുമുള്ള ചർച്ചകൾക്കുശേഷം ക്രോഡീകരിച്ചുള്ള റിപ്പോർട്ട് അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.