സമുദ്ര ജൈവവൈവിധ്യ ഗവേഷണം ശക്‌തിപ്പെടുത്തും
സമുദ്ര ജൈവവൈവിധ്യ ഗവേഷണം ശക്‌തിപ്പെടുത്തും
Wednesday, August 24, 2016 12:30 PM IST
കൊച്ചി: സമുദ്ര ജൈവവൈവിധ്യങ്ങളെക്കുറിച്ചുള്ള ഗവേഷണം ശക്‌തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്‌ഥാപനം (സിഎംഎഫ്ആർഐ) തമിഴ്നാട്ടിലെ തിരുനെൽവേലി ആസ്‌ഥാനമായ മനോൻമണിയം സുന്ദരനാർ(എംഎസ്) സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചു.

ഇതുപ്രകാരം, രാജ്യത്തെ ഏറ്റവും വലിയ സമുദ്രമത്സ്യ ഗവേഷണ സ്‌ഥാപനമായ സിഎംഎഫ്ആർഐയുടെ തൂത്തുകുടി ഗവേഷണ കേന്ദ്രവും എംഎസ് സർവകലാശാലയും സംയുക്‌തമായി മന്നാർ ഉൾക്കടലിലെ പ്രത്യേക ജൈവവൈവിധ്യങ്ങളുടെ സാധ്യതകൾ കണ്ടെത്താൻ ഗവേഷണം നടത്തും. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണനും എംഎസ് സർവകലാശാല വൈസ്ചാൻസലർ ഡോ.കെ.ഭാസ്കറുമാണു ധാരണാപത്രത്തിൽ ഒപ്പുവച്ചത്.


മന്നാർ ഉൾക്കടലിലെ വിവിധ സസ്യജന്തു വർഗങ്ങളുടെ പ്രജനനകാർഷിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിനും ഈ മേഖലയിലെ മത്സ്യസമ്പത്തിനെക്കുറിച്ചുള്ള പഠനത്തിനും ഇരു സ്‌ഥാപനങ്ങളും പരസ്പരം സഹകരിക്കും.

സിഎംഎഫ്ആർഐ ശാസ്ത്രജ്‌ഞരെ സർവകലാശാലയിലെ അംഗീകൃത റിസർച്ച് ഗൈഡുകളായി പരിഗണിക്കാനും ധാരണയായിട്ടുണ്ട്.

ഇതോടെ, സമുദ്ര ജൈവവൈവിധ്യമേഖലയുമായി ബന്ധപ്പെട്ട് സിഎംഎഫ്ആർഐയിൽ ഗവേഷണം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എംഎസ് സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടാനും സാധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.