ലാറ്റക്സ് സംസ്കരണത്തിൽ കമ്പനികളുടെ ചൂഷണം
Wednesday, August 24, 2016 12:45 PM IST
കോട്ടയം: റബർ ഷീറ്റ് വില ഇടിയുന്നതിനൊപ്പം ലാറ്റക്സ് വിലയും കുത്തനെ താഴുന്നു. ഒന്നര മാസം മുൻപ് കിലോഗ്രാമിന് 135 രൂപയിലെത്തിയ ഫീൽഡ് ലാറ്റക്സ് വില 90 രൂപയിലെത്തി. ഷീറ്റ് ഉത്പാദനത്തിൽനിന്നു കർഷകർ പിന്തിരിയുന്ന സാഹചര്യത്തിൽ തോട്ടങ്ങളിൽ ലാറ്റക്സ് വൻതോതിൽ കെട്ടിക്കിടക്കുന്നു. ടയർ വ്യവസായികൾ ബ്ലോക്ക് റബർ ഇറക്കുമതി വർധിപ്പിക്കുകയും ഷീറ്റ് വാങ്ങാതെ മാർക്കറ്റിൽനിന്നു വിട്ടുനില്കുകയും ചെയ്യുന്ന സാഹചര്യത്തിൽ റബർ വില വീണ്ടും കുറയാനുള്ള സാധ്യതയാണുള്ളത്. മഴ കുറഞ്ഞ് അടുത്തമാസം മുതൽ റബർ ഉത്പാദനം വർധിക്കുമെന്നിരിക്കെ ഷീറ്റിനും ലാറ്റക്സിനും വില വീണ്ടും ഇടിക്കാനുള്ള സംഘടിത നീക്കമാണു റബർ വ്യവസായികളുടേത്.

പൊതുമേഖലയിലുള്ള ചില കമ്പനികളും തോട്ടങ്ങളും വൻതോതിൽ ലാറ്റക്സ് ശേഖരിച്ചു സാന്ദ്രീകരണം നടത്തി നിയന്ത്രണമില്ലാതെ സ്വകാര്യ കമ്പനികൾക്കു വിറ്റഴിക്കുന്നത് ലാറ്റക്സ് വിലയിടിവിനു പ്രധാന കാരണമാകുന്നതായി കർഷകർ പറയുന്നു. വിരലിലെണ്ണാവുന്ന സ്വകാര്യ ലാറ്റക്സ് കമ്പനികളാണു കുറഞ്ഞ നിരക്കിൽ ടെൻഡർ നൽകി പൊതുമേഖലാ സ്‌ഥാപനങ്ങളിൽനിന്നു സാന്ദ്രീകരിച്ച (ജലാംശം നീക്കം ചെയ്യുന്ന സെൻട്രിഫ്യൂജിഡ് ലാറ്റക്സ്) വാങ്ങിയെടുക്കുന്നത്.

സാന്ദ്രീകരണച്ചെലവ് എന്ന പേരിൽ കിലോഗ്രാമിന് 40 രൂപയ്ക്കു മുകളിൽ ലാറ്റക്സ് കമ്പനികളും ഏജൻസികളും ഈടാക്കിയ ശേഷമാണു കർഷകർക്കു വില നൽകുന്നത്. ഒരു കിലോഗ്രാം സാന്ദ്രീകരണം നടത്താൻ പരമാവധി 20 രൂപയിൽ താഴെയേ ചെലവുണ്ടാകൂ എന്നും ഇക്കാര്യത്തിൽ റബർ ബോർഡ് യാതൊരു ഇടപെടലും നടത്തുന്നില്ലെന്നും കർഷകർ പറയുന്നു.

സംസ്കരണച്ചെല് ഉയർത്തിക്കാണിച്ചു കർഷകരെ കൊള്ളയടിക്കുകയാണ്. സ്വകാര്യ കമ്പനികൾ കർഷകരിൽനിന്നു വാങ്ങുന്ന ലാറ്റക്സിനു കണക്കാക്കുന്ന ഡിആർസി (ഡ്രൈ റബർ കണ്ടന്റ്)യുടെ കൃത്യത കർഷകർക്ക് അറിയാൻ മാർഗമില്ല. 200 കിലോഗ്രാം തൂക്കംവരുന്ന ഒരു വീപ്പ ലാറ്റക്സ് സംസ്കരിച്ചാൽ ശരാശരി 130 കിലോഗ്രാമോളം സാന്ദ്രീകരിച്ച ലാറ്റക്സ് കിട്ടും. ഡിആർസിയിൽ ഒരു പോയിന്റിന്റെ കുറവു വരുത്തിയാൽത്തന്നെ ഓരോ വീപ്പയിലും ഒന്നോ രണ്ടോ കിലോഗ്രാം ലാറ്റക്സിന്റെ വിലയാണു കർഷകരിൽനിന്നു കമ്പനികൾ തട്ടിച്ചെടുക്കുന്നത്.


വൈദ്യുതിക്കു പകരം ഡീസൽ ജനറേറ്റർ ഉപയോഗിച്ചാണു സംസ്കരണഫാക്ടറികൾ ഏറെയും പ്രവർത്തിക്കുന്നത്. സംസ്കരണത്തിനു ശേഷം ലഭിക്കുന്ന അസംസ്കൃത വസ്തുവായ ക്രീപ്പ് റബർ വിറ്റാൽ ഈ കമ്പനികൾക്ക് ഒട്ടുപാലിനേക്കാൾ വില ലഭിക്കും. ടയർ കമ്പനികൾ ട്യൂബ് നിർമിക്കാനാണ് ഇതു വാങ്ങുന്നത്. ക്രീപ്പ് വിറ്റു കിട്ടുന്ന തുക ഒരിക്കലും കണക്കിൽപ്പെടുത്തിയല്ല കർഷകർക്ക് വില നൽകുന്നത്. അഥവാ ക്രീപ്പ് കമ്പനികളുടെ അധിക ലാഭമാണ്. സംസ്കരണത്തിനുശേഷം ബാക്കി വരുന്ന റബറിന്റെ അവശിഷ്ടമുള്ള മലിനജലവും വില്പനച്ചരക്കാണ്. കോഴിക്കോട് ആസ്‌ഥാനമായ രണ്ടു വൻവ്യവസായികൾ ഇതു കമ്പനികളിൽനിന്നു ശേഖരിക്കുന്നു. ഈ വെള്ളം ടാങ്കുകളിലൊഴിച്ച് ആസിഡ് ചേർത്ത് സംസ്കരിച്ചാൽ ചണ്ടിക്കു സമാനമായ റബർ ലഭിക്കും. ഇതിന്റെ ലാഭവിഹിതവും കർഷകർക്കു ലഭിക്കില്ല.

ലാറ്റക്സ് വാങ്ങി സംഭരിച്ചിരുന്ന റബർ ബോർഡിന്റെ പ്രധാന കമ്പനികളെല്ലാം സാമ്പത്തിക നഷ്ടംമൂലം പൂട്ടിക്കഴിഞ്ഞു. ഇവ നഷ്ടത്തിലാക്കിയതിനു പിന്നിലും രാഷ്ട്രീയക്കാരുടെ അനാസ്‌ഥയും സ്വകാര്യ ലാറ്റക്സ് കമ്പനികളുടെ ഇടപെടലുമുള്ളതായി ആക്ഷേപമുണ്ട്. റബർ ബോർഡ് നിയന്ത്രണത്തിലുള്ള ആർപിഎസുകൾ കർഷകരിൽനിന്നു ശേഖരിക്കുന്ന ലാറ്റക്സ് റബർ ബോർഡ് കമ്പനികളും ഫാക്ടറികളും അടച്ചുപൂട്ടിയതോടെ നിലവിൽ സ്വകാര്യ കമ്പനികൾക്കാണു വിൽക്കുന്നത്.

ചിലേടങ്ങളിൽ ആർപിഎസുകളുടെ ഡിആർസി അളവു പരിശോധനയിലും ക്രമക്കേടുള്ളതായി പരാതിയുണ്ട്. മാസാമാസം ലഭിക്കുന്ന ബില്ലിൽ അതാതു ദിവസം കുറിക്കുന്ന ഡിആർസി അളവ് വിശ്വസിക്കുകയല്ലാതെ അതു നേരിൽ ബോധ്യപ്പെടാനുള്ള സാഹചര്യം കർഷകർക്കില്ല. ഡിആർസി പരിശോധനയിൽ സംശയമുണ്ടെങ്കിൽ റബർ ബോർഡ് ലാബിൽ പരിശോധിച്ചു നൽകുമെന്ന ബോർഡിന്റെ അവകാശം നാട്ടിൻപുറങ്ങളിലെ സാധാരണ കർഷകർക്കു പ്രായോഗികവുമല്ല.

ലാറ്റക്സ് വിലയിടിവ് തടയാൻ സർക്കാർ റോഡ് റബറൈസേഷന് അടിയന്തിര പ്രാധാന്യം നൽകേണ്ടതുണ്ട്. റോഡ് അറ്റകുറ്റപ്പണി നടക്കാനിരിക്കെ റബർ ലാറ്റക്സ് നേരിട്ട് ചേർത്തു തയാറാക്കാവുന്ന ബിറ്റുമിൻ ടാർ തയാറാക്കിയാൽ കെട്ടിക്കിടക്കുന്ന ലാറ്റക്സിനു കുറച്ചെങ്കിലും ഡിമാൻഡുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.