തമിഴ് നടൻ വിജയ്യുടെ പിതാവിനു വീണു പരിക്ക്
Wednesday, August 24, 2016 12:55 PM IST
കോട്ടയം: തമിഴ് സൂപ്പർതാരം വിജയ്യുടെ പിതാവും സംവിധായകനും നിർമാതാവുമായ എസ്.എ. ചന്ദ്രശേഖരനു വീണു പരിക്കേറ്റു. അദ്ദേഹം താമസിച്ചിരുന്ന കുമരകത്തെ റോയൽ ഗ്രോവ് എന്ന റിസോർട്ടിലെ കുളിമുറിയിൽ ഇന്നലെ രാവിലെ കുഴഞ്ഞു വീണാണു പരിക്കേറ്റത്.

തലയ്ക്കു കഴുത്തിനും പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ്ക്കു വിധേയനാക്കിയ ചന്ദ്രശേഖരനു നാലു ദിവസത്തെ പരിപൂർണ വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

കഴുത്തിനു പരിക്കേറ്റതിനെത്തുടർന്നു കോളർ ഇട്ടിരിക്കുകയാണ്. രക്‌തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞതാണു കുഴഞ്ഞു വീഴാൻ കാരണമെന്നും അദ്ദേഹം അപകട നില തര ണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.

നിർമാതാവും സംവിധായകനുമായ ചന്ദ്രശേഖരൻ സുഹൃത്തുക്കളോടൊപ്പം 20നാണു കുമരകത്തെ റിസോർട്ടിൽ എത്തിയത്.


27 വരെ റിസോർട്ടിൽ റൂം ബുക്ക് ചെയ്തിരുന്നു. ഹോട്ടലിലെ 106, 107 റൂമിലാണ് ഇവർ താമസിച്ചിരുന്നത്. 107ൽ ചന്ദ്രശേഖരനും 106ൽ നാലു സഹായികളും താമസിച്ചിരുന്നു. ഒരു സിനിമയുടെ ചർച്ചയ്ക്കാണു കുമരകത്ത് എത്തിയതെന്നു സഹായികൾ മാധ്യമങ്ങളോടു പറഞ്ഞു. തലയ്ക്കേറ്റ ക്ഷതം ശസ്ത്രക്രിയയിലൂടെ ഭേദമാക്കി. നട്ടെല്ലിനേറ്റ പരിക്കിനു മൂന്നു ദിവസം പൂർണവിശ്രമം ഡോക്ടർമാർ നിർദേശിച്ചു. യാത്രകൾ ഒഴിവാക്കാൻ നിർദേശിച്ചു.

ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കു മാറ്റാനുള്ള നീക്കം ഡോക്ടമാർമാരുടെ നിർദേശത്തെത്തുടർന്ന് ഇന്നലെ ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞതോടെ ചന്ദ്രശേഖരൻ കുടുംബാംഗങ്ങളോടു ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പിതാവിനെ കാണാൻ വിജയ്യും മറ്റു കുടുംബാംഗങ്ങളും കോട്ടയത്ത് എത്തുമെന്നും സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.