അൺ എയ്ഡഡ് സ്കൂളുകളെ സർക്കാർ അവഗണിക്കുന്നെന്ന്
അൺ എയ്ഡഡ് സ്കൂളുകളെ സർക്കാർ അവഗണിക്കുന്നെന്ന്
Thursday, August 25, 2016 12:07 PM IST
കൊച്ചി: കേരളത്തിലെ ഏഴായിരത്തോളം വരുന്ന അൺ എയ്ഡഡ് സ്കൂളുകളെ സംസ്‌ഥാന സർക്കാർ അവഗണിക്കുകയാണെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് സ്കൂൾ അസോസിയേഷൻസ് കോ–ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ശാസ്ത്ര–സാങ്കേതിക–വൈജ്‌ഞാനിക മേഖലകളിൽ മികച്ച വിദ്യാർഥികളെ കണ്ടെത്താനായി സർക്കാർ ഏർപ്പെടുത്തിയ അടൽ ഇന്നവേഷൻ പദ്ധതിയിൽ നിന്ന് അൺ എയ്ഡഡ് മേഖലയെ പൂർണമായും ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി അപലപനീയമാണ്. അൺ എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന ഒന്നര ലക്ഷത്തോളം അധ്യാപക, അനധ്യാപകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണം. ഗവണ്മെന്റ് എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും അൺ എയ്ഡഡ് മേഖലയിലും ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സംഘടനയുടെ സംസ്‌ഥാന പ്രതിനിധി സമ്മേളം 31ന് തിരുവനന്തപുരത്ത് നടക്കും. പാളയം നന്ദാവനം പാണക്കാട്ട് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്‌ഥാന പ്രസിഡന്റ് പി.പി. യൂസഫലി അധ്യക്ഷത വഹിക്കും. ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എംപി നിർവഹിക്കും. കെ. മുരളീധരൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ഒ. രാജഗോപാൽ എംഎൽഎ വിശിഷ്‌ടാതിഥിയായിരിക്കും. വാഗ്ദത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എംഡി അഡ്വ. ജയസൂര്യൻ വിദ്യാഭ്യാസ പ്രബന്ധം അവതരിപ്പിക്കും. ഡോ. മാത്യു മനക്കരക്കാവിൽ, എം.ജി. രാധാകൃഷ്ണൻ, ഡോ. സി.ആർ. വിനോദ് കുമാർ, ജേക്കബ് ജോർജ്, ഡി. ലോകനാഥൻ, സിജു കെ. ഐസക് എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക വേദി മുൻ നിയമസഭാ സ്പീക്കർ എം. വിജയകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്നു നടക്കുന്ന സെമിനാർ വനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ചെയർമാൻ ജോൺ പെരുവന്താനം പ്രബന്ധം അവതരിപ്പിക്കും. സംസ്‌ഥാനത്തെ പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റു മേഖലയിൽ പ്രവർത്തിക്കുന്ന അഞ്ചോളം സംഘടനകൾ ചേർന്നാണ് കോ–ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.


പത്രസമ്മേളനത്തിൽ കോ–ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ കെ.കെ. അബ്ദുൾ ഖാദർ, രാമദാസ് കതിരൂർ, പ്രസന്ന കുമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.