ബാലപീഡനം: ചൈൽഡ് വെൽഫെയർ കമ്മിറ്റി സംരക്ഷണം ഏറ്റെടുത്തു
ബാലപീഡനം: ചൈൽഡ് വെൽഫെയർ കമ്മിറ്റി സംരക്ഷണം ഏറ്റെടുത്തു
Thursday, August 25, 2016 12:26 PM IST
തൊടുപുഴ: അടിമാലിയിൽ മാതാപിതാക്കളുടെ പീഡനത്തിനിരയായ നൗഫലിന്റെ രണ്ടു സഹോദരങ്ങളുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.

മാതാവിനെയും സഹോദരങ്ങളെയും ചെറുതോണിയിലെ സ്വധർ ഷെൽട്ടർ ഹോമിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ സ്വീകരിക്കാൻ ഷെൽട്ടർ ഹോം അധികൃതർ വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇന്നു മാതാവിനെയും കുട്ടികളെയും കോടതിയിൽ ഹാജരാക്കിയശേഷം കോടതി തീരുമാനത്തിനനുസരിച്ചു തുടർനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി എ.വി ജോർജ് അറിയിച്ചു. സ്വധർ ഷെൽട്ടർ ഹോമിൽ ഇന്നലെ വൈകുന്നേരം ആറോടെയാണ് ഇവരെ എത്തിച്ചത്. തുടർന്ന് ഇവിടെ നിന്ന് അടിമാലി പോലീസ് താതകാലികമായി പൈനാവിലുള്ള ആശ്രയ ഭവനിലേക്കു രാത്രി 7.30 ഓടെ മാറ്റുകയായിരുന്നു. ഇന്നലെ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫീസിലെത്തി മൊഴി രേഖപ്പെടുത്തിയശേഷം മാതാവ് സെലീനയെയും മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെയും ഒമ്പതു വയസുകാരൻ സഹോദരനെയും ആശ്രയ ഭവനിലേക്കു മാറ്റുകയായിരുന്നു.എന്നാൽ, ശാരീരിക പീഡനത്തിനിരയായ കുട്ടിയുടെ മൊഴിപ്രകാരം അടിമാലി പോലീസ് സെലീനക്കെതിരെ കേസെടുത്തിരിക്കുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ ഇവരെ സംരക്ഷിക്കുമെന്നു ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി.ജി. ഗോപാലകൃഷ്ണൻ പറഞ്ഞു.

സെലീനയുടെയും കുട്ടിയുടെയും മൊഴി ഉച്ചയ്ക്ക് ഒന്നര മുതൽ സിഡബ്യുസി അംഗങ്ങൾ രേഖപ്പെടുത്തി. താൻ നിരപരാധിയാണെന്നും കുട്ടിയെ കുരങ്ങ് ആക്രമിച്ചതാണെന്നുമാണ് സെലീന പറഞ്ഞത്. തനിക്കും ഭർത്താവിനും അഞ്ച് കുഞ്ഞുങ്ങളുണ്ടെന്നും ബാക്കി രണ്ടുപേരേ അടിമാലിയിലും എറണാകുളത്തുമുള്ള ബന്ധുക്കളാണ് സംരക്ഷിക്കുന്നതെന്നും സെലീന പറഞ്ഞു. ഭർത്താവ് നിരന്തരം കഞ്ചാവ് ഉപയോഗിക്കുമെന്നും പറഞ്ഞിട്ടുണ്ട്.


എഫ്ഐആറിലും കുട്ടിയുടെ മൊഴിയിലും മാതാപിതാക്കൾ മർദ്ദിച്ചതായാണ് പറയുന്നത്. കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ചെയർമാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും കുട്ടിയുടെ സാമൂഹിക സാഹചര്യങ്ങളെപ്പറ്റി പഠിക്കുന്നുണ്ട്. ഒരാഴ്ചക്കുള്ളിൽ ഈ റിപ്പോർട്ടും ലഭിക്കും. തൊടുപുഴയിൽ നടന്ന സിറ്റിംഗിൽ സിഡബ്ല്യുസി ചെയർമാൻ പി.ജി.ഗോപാല കൃഷ്ണനെ കൂടാതെ അംഗങ്ങളായ സിസ്റ്റർ മെൽവി, ജെസി, അഡ്വ.സണ്ണി തോമസ് എന്നിവർ പങ്കെടുത്തു.

<ആ>നൗഫലിന്റെ ആരോഗ്യനില മെച്ചപ്പെട്ടു

കളമശേരി: മാതാപിതാക്കളുടെ ക്രൂരമർദനത്തിനിരയായി എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നൗഫലിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടി ഭക്ഷണം കഴിച്ചുതുടങ്ങി. മരുന്നുകളോടു ശരീരം പ്രതികരിക്കുന്ന തായും മുറിവുകൾ ഉണങ്ങി തുടങ്ങിയതായും അധികൃതർ പറഞ്ഞു.

രക്‌തക്കുറവ് കണ്ടതിനാൽ രണ്ടു കുപ്പി രക്‌തം നൽകി. കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് അറിയാൻ ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള, അസി. കളക്ടർ ഡോ. രേണു രാജ്, ശിശുസമിതിയംഗങ്ങൾ, കളമശേരി നഗരസഭ ചെയർപേഴ്സൺ ജെസി പീറ്റർ തുടങ്ങിയവർ മെഡിക്കൽ കോളജിൽ എത്തിയിരുന്നു.

അടിമാലി കൂമ്പൻപാറയിലെ നസീർ–സെലീന ദമ്പതികളുടെ മകനാണു നൗഫൽ. അമ്മയുടെ നീണ്ടനാളത്തെ ക്രൂരമായ പീഡനത്തിനിരയായി ശരീരമാസകലം പരിക്കുകളോടെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണു നൗഫലിനെ മെഡിക്കൽ കോളജിൽ കൊണ്ടുവന്നത്. രണ്ടു മാസമായി വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് അമ്മ മർദിക്കുകയായിരുന്നുവെന്നും കഴിഞ്ഞ പത്തു ദിവസമായി ഭക്ഷണം നൽകിയിട്ടില്ലെന്നും കുട്ടി ബാലാവകാശ കമ്മീഷനു പരാതി നൽകിയിരുന്നു. ചികിത്സാ ചെലവുകൾ സർക്കാരാണു വഹിക്കുന്നത്. മാതാവ് സെലീനയെ പോലീസ് കസ്റ്റഡിയി ലെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.