സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്കു പ്രൗഢോജ്വല തുടക്കം
സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്കു പ്രൗഢോജ്വല തുടക്കം
Thursday, August 25, 2016 12:38 PM IST
<ആ>സ്വന്തം ലേഖകൻ

കൊടകര: പ്രാർഥനയും കൂട്ടായ്മയും നിറഞ്ഞ അനുഗൃഹീത സായാഹ്നത്തിൽ നാലാമതു സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്കു പ്രൗഢോജ്വലമായ തുടക്കം. ഇരിങ്ങാലക്കുട രൂപതയിലെ കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ ഇന്നലെ വൈകുന്നേരം സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലുള്ള സമൂഹബലിയോടെയാണ് അസംബ്ലി ആരംഭിച്ചത്.

ആഴത്തിലുള്ള വിശ്വാസം സംരക്ഷിക്കുന്ന സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി സഭയ്ക്കു പുതിയ വെളിച്ചവും മാർഗദർശനവും നല്കുമെന്ന് ഇന്ത്യയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ഡോ. സാൽവത്തോറെ പെനാക്കിയോ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയിൽ വിശ്വാസത്തിന്റെ ദീപം തെളിച്ച തോമാശ്ലീഹയുടെ പിൻഗാമികളാണു കേരളത്തിലെ വിശ്വാസികൾ. സീ റോ മലബാർ സഭയുടെ മഹത്തായ വിശ്വാസപൈതൃകവും കൂട്ടായ്മയും ആഗോളസഭയ്ക്ക് അഭിമാനമാണ്. വിശുദ്ധ പദവിയിലേക്കെത്തിയ അൽഫോൻസാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, എവുപ്രാസ്യമ്മ തുടങ്ങിയ വിശുദ്ധരുടെ ഈ നാട്ടിൽനിന്ന് ഇനിയും വിശുദ്ധരുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

അസംബ്ലിക്കു ഫ്രാൻസിസ് മാർപാപ്പയുടെ ആശംസകളും അനുഗ്രഹങ്ങളും അറിയിക്കുന്നതായി പറഞ്ഞ അദ്ദേഹം, അസംബ്ലിയിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ വളരെ കാലികപ്രാധാന്യമുള്ളതാണെന്നു ചൂണ്ടിക്കാട്ടി. സഭയുടെയും സമൂഹത്തിന്റെയും അടിസ്‌ഥാനഘടകമായ കുടുംബങ്ങളുടെ ക്രിസ്തീയവളർച്ചയിൽ സീറോ മലബാർ സഭ വലിയ ശ്രദ്ധ നൽകുന്നുവെന്നതു പ്രതീക്ഷ പകരുന്നു. സഭയിലെ വിശ്വാസപരിശീലന സംവിധാനങ്ങളും മാതൃകയാണ്. ഫ്രാൻസിസ് മാർപാപ്പയോടും സാർവത്രികസഭയോടും ചേർന്നു ചിന്തിക്കാനും പ്രവർത്തിക്കാനും സഭാമക്കൾക്കു സാധിക്കുന്നു. ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നീ വിഷയങ്ങളെ സമന്വയിപ്പിച്ചുള്ള ചർച്ചകൾക്കും പഠനങ്ങൾക്കുമുള്ള അസംബ്ലിക്കായി ഇവിടെ ഒരുമിച്ചുകൂടിയ ലോകമെമ്പാടുമുള്ള സീറോ മലബാർ സഭാമക്കളെ അനുമോദിക്കുന്നതായും, വ്യക്‌തി, കുടുംബ, സാമൂഹ്യ ജീവിതങ്ങളിൽ ക്രിസ്തുവിനു സാക്ഷ്യം വഹിക്കാനുള്ള ദൗത്യം നാം വിസ്മരിക്കരുതെന്നും ഡോ. പെനാക്കിയോ പറഞ്ഞു.

അസംബ്ലിയിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായ പ്രതിനിധികൾക്കും ആതിഥേയരായ ഇരിങ്ങാലക്കുട രൂപത ഹൃദ്യമായ വരവേല്പ് നൽകി.


ഉദ്ഘാടനസമ്മേളനത്തിനു മുമ്പു നടന്ന സമൂഹബലിക്കു മുഖ്യകാർമികനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ഡോ. സാൽവത്തോറെ പെനാക്കിയോ, സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്ക്രീനസ് എന്നിവരും സഹകാർമികരായ മെത്രാന്മാരും മുതിർന്ന വൈദികരും തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായാണു അൾത്താരയിലേക്കെത്തിയത്. സമൂഹബലിയിൽ ആർച്ച്ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ഞരളക്കാട്ട് എന്നിവരുൾപ്പെടെ എല്ലാ മെത്രാന്മാരും സഹകാർമികരായി.

ദിവ്യബലിക്കുശേഷം തൊട്ടടുത്ത ഇൻഡോർ സ്റ്റേഡിയത്തിൽ സജ്‌ജമാക്കിയ വേദിയിലായിരുന്നു അസംബ്ലിയുടെ ഉദ്ഘാടനസമ്മേളനം. മുംബൈയിൽനിന്നുള്ള ഗായകസംഘം ആലപിച്ച അസംബ്ലി തീം ഗാനത്തിനുശേഷം അധ്യക്ഷനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. സൂസപാക്യം, മദ്രാസ് രൂപത മെത്രാപ്പോലീത്ത ഡോ. യുഹാനോൻ മാർ ഡയസ്കോറസ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവർ പ്രസംഗിച്ചു. സീറോ മലബാർ സിനഡ് സെക്രട്ടറി മാർ ബോസ്കോ പുത്തൂർ റിപ്പോർട്ട് അവതരിപ്പിച്ചു. അസംബ്ലി സെക്രട്ടറി ഫാ. ഷാജി ഏബ്രഹാം കൊച്ചുപുരയിൽ അസംബ്ലിയെക്കുറിച്ചു വിശദീകരിച്ചു. സഹൃദയ എൻജിനിയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ആന്റു ആലപ്പാടൻ നന്ദി പറഞ്ഞു. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, വിവിധ സന്യാസ സഭാ മേധാവികൾ, സംഘാടക സമിതി ഭാരവാഹികൾ എന്നിവരും വേദിയിലുണ്ടായിരുന്നു.

ഇന്ത്യയിലെ സേവനം പൂർത്തിയാക്കി പോളണ്ടിലേക്കു സ്‌ഥലംമാറിപ്പോകുന്ന അപ്പസ്തോലിക് നുൺഷ്യോയ്ക്കു സീറോ മലബാർ സഭയുടെ ഉപഹാരം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മാനിച്ചു. അൽഫോൻസാമ്മ, ചാവറയച്ചൻ, എവുപ്രാസ്യമ്മ എന്നിവരടക്കമുള്ള വിശുദ്ധരുടെ തിരുശേഷിപ്പുകൾ അടങ്ങിയ ഫലകമാണ് സമ്മാനിച്ചത്. സമ്മേളനത്തിനുശേഷം രാത്രി ഇരിങ്ങാലക്കുട രൂപതയിലെ വിവിധ കോളജുകളിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.