റബർ ഇറക്കുമതി ഉയരുന്നു; കഴിഞ്ഞ മാസം 40,000 ടൺ
Thursday, August 25, 2016 12:52 PM IST
<ആ>റെജി ജോസഫ്

കോട്ടയം: മാർച്ച് 31 വരെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച റബർ ഇറക്കുമതി നിരോധനവും തുറമുഖനിയന്ത്രണവുമൊന്നും വില ഉയരുന്നതിനു പ്രയോജനപ്പെടുന്നില്ല. ടയർ കമ്പനികൾ നവംബർ വരെ കിലോയ്ക്ക് 130 രൂപയിൽ താഴെ നിരക്കിൽ ഇറക്കുമതി നടത്താൻ വിദേശമാർക്കറ്റുമായി ധാരണയായിരിക്കെ ആഭ്യന്തര വിപണിയിൽ ഉടനെയൊന്നും വില മെച്ചപ്പെടാൻ സാധ്യതയില്ല. ജനുവരിയിൽ കയറ്റുമതി 214 ടണ്ണും ഇറക്കുമതി 39,512 ടണ്ണുമായിരുന്നു. ഫെബ്രുവരിയിൽ കയറ്റുമതി 161 ടൺ, ഇറക്കുമതി 31,864 ടൺ. മാർച്ചിൽ 33 ടൺ കയറ്റുമതി നടന്നപ്പോൾ ഇറക്കുമതി 28,023 ടൺ. ഏപ്രിലിൽ കയറ്റി അയച്ചത് 79 ടൺ. ഇറക്കുമതി 34,550 ടൺ.

മേയിൽ 35,445 ടൺ റബറിന്റെ ഇറക്കുമതി നടന്നപ്പോൾ കയറ്റുമതി 98 ടൺ. ജൂണിൽ 37,336 ടൺ ഇറക്കുമതി, കയറ്റുമതി 44 ടൺ. കഴിഞ്ഞ മാസം 40,000 ടൺ ഇറക്കുമതിയും കയറ്റുമതി 34 ടണ്ണും. ഓഗസ്റ്റ് അവസാനവാരത്തിലെത്തിയിരിക്കെ ഈ മാസത്തെ ഇറക്കുമതി 30,000 ടൺ കവിഞ്ഞിരിക്കുന്നു. ഈ മാസത്തെ കയറ്റുമതി 25 ടണ്ണിൽ താഴെയാണെന്നാണ് പ്രാഥമിക സൂചന.

റബർ ഉത്പാദനത്തിന്റെ പ്രധാന സീസൺ വരാനിരിക്കെ ആഭ്യന്തര വില ഇനിയും ഇടിക്കാനുള്ള നീക്കമാണ് വ്യവസായികളുടേത്. വിപണിയിൽ ഷീറ്റ് വരവ് മെച്ചപ്പെട്ടുതുടങ്ങിയതോടെ വ്യവസായികൾ ചരക്ക് വാങ്ങാൻ താത്പര്യം കാണിക്കുന്നില്ല. മാർക്കറ്റിൽ ലഭ്യത വർധിക്കുന്ന സാഹചര്യത്തിൽ കിട്ടുന്ന വിലയ്ക്ക് ചരക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകും.

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവ് കൃത്രിമ റബറിന്റെ വില ഇനിയും കുറയ്ക്കാനാണ് സാധ്യത. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഏഷ്യൻ രാജ്യങ്ങളിൽ സ്വാഭാവിക റബറിന്റെ ഉപയോഗം സിന്തറ്റിക് റബറിനേക്കാൾ കൂടുതലാണ്. എന്നാൽ സിന്തറ്റിക് റബറിന്റെ വില കുത്തനെ ഇടിയുന്ന സാഹചര്യത്തിൽ ഏഷ്യയിലെ നിർമാതാക്കൾ സിന്തറ്റിക് റബറിന്റെ ഉപയോഗം വർധിപ്പിക്കും. അന്താരാഷ്ട്ര വിപണിയിൽ സ്വാഭാവിക റബറിനു വില കുറയുന്ന സാഹചര്യത്തിൽ സ്വാഭാവിക റബർ കൂടുതൽ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ് വ്യവസായികൾ.


റബർ വിലയിടിവും കൃഷിച്ചെലവിലെ വർധനയും കാരണം ഇവിടെ കർഷകർ ഉത്പാദനം വർധിപ്പിക്കാൻ താൽപര്യപ്പെടുന്നില്ല. സാമ്പത്തിക നഷ്‌ടം മൂലം സംസ്‌ഥാനത്തെ ചില പ്രമുഖ റബർ എസ്റ്റേറ്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിലെ സ്വാഭാവിക റബർ ഉൽപാദനം 5.62 ലക്ഷം ടണ്ണായിരുന്നു. ഒരു ദശാബ്ദത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. അതേസമയം, ഇറക്കുമതി 4.58 ലക്ഷം ടൺ എന്ന റിക്കാർഡ് കണക്കിലേക്ക് കുതിച്ചു. ഇക്കൊല്ലം ഇറക്കുമതി ഇതിലും കൂടുതലായിരിക്കും. വൻകിട ടയർ കമ്പനികൾ ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ സ്‌ഥലം വാങ്ങി കൃഷിചെയ്ത സ്വന്തം തോട്ടങ്ങളിൽനിന്ന് റബർ കാര്യമായി എത്തിച്ചുതുടങ്ങുന്നതോടെ ഇന്ത്യൻ റബർ കർഷകർ കൂടുതൽ തകർച്ചയിലേക്ക് നീങ്ങാനാണ് സാധ്യത.

25 ശതമാനം ചുങ്കം അടച്ചാലും റബർ വിദേശ രാജ്യങ്ങളിൽനിന്നും ഇറക്കുമതി ചെയ്യുന്നതാണു ലാഭകരം എന്നതിനാലാണ് ഇറക്കുമതി ഓരോ മാസവും വർധിച്ചുവരുന്നത്. തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവയാണ് ഏറ്റവും കൂടുതൽ സ്വാഭാവിക റബർ ഉൽപ്പാദിക്കുന്ന രാജ്യങ്ങൾ. ഇവിടങ്ങളിൽ അതാത് ഗവൺമെന്റുകൾ കർഷകർക്ക് സബ്സിഡിയും മറ്റ് അനുകൂല്യങ്ങളും നൽകിയാണ് റബർ കൃഷി നിലനിറുത്തുന്നത്.

അതേ സമയം സംസ്‌ഥാന സർക്കാർ വിലസ്‌ഥിരതാ പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങാൻ വൈകുന്നതും വിലയിടിവിന് മറ്റൊരു കാരണമാണ്. ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന് 150 രൂപ ഉറപ്പാക്കുന്ന സഹായ പദ്ധതിയുടെ ഒന്നാം ഘട്ടം ജൂണിൽ അവസാനിച്ചതിനുശേഷം പദ്ധതി വീണ്ടും തുടങ്ങുന്നതിൽ സർക്കാർ നടപടിയെടുത്തിട്ടില്ല. പദ്ധതി തുടരും എന്ന പ്രഖ്യാപനമല്ലാതെ ബില്ലുകൾ അപ് ലോഡ് ചെയ്യാനുള്ള നിർദേശം റബർ ബോർഡിനു ലഭിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.