സ്വകാര്യബസ് സമരം മാറ്റിവച്ചു
Thursday, August 25, 2016 12:52 PM IST
തിരുവനന്തപുരം: ഈ മാസം 30നു നടത്തുമെന്നു പ്രഖ്യാപിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചതായി ബസ് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ചെയർമാൻ ലോറൻസ്ബാബു അറിയിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയ ചർച്ചയെ തുടർന്നാണിത്. കോൺഫെഡറേഷൻ മുന്നോട്ടുവച്ച രണ്ട് പ്രധാന ആവശ്യങ്ങളിൽ സപ്ലിമെന്റേഷൻ സ്കീം സംബന്ധിച്ച വിഷയത്തിൽ സെപ്റ്റംബർ മൂന്നിനു ഹിയറിംഗ് നടത്താമെന്നു മന്ത്രി അറിയിച്ചു.

പുതുതായി രജിസ്റ്റർ ചെയ്യപ്പെടുന്ന സ്റ്റേജ് കാരേജുകൾക്ക് റോഡ് ടാക്സിൽ പിശകു കാരണം വന്ന വർധന മുഖ്യമന്ത്രിയെ കൂടി ഉൾപ്പെടുത്തി യോഗം വിളിച്ച് ചർച്ച ചെയ്തു പരിഹരിക്കാമെന്നും മന്ത്രി ഉറപ്പു നൽകിയതായി ഭാരവാഹികൾ വ്യക്‌തമാക്കി. സമരം മാറ്റിവയ്ക്കണമെന്നു മന്ത്രി കോൺഫെഡറേഷൻ ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സമിതി അടിയന്തരമായി യോഗം ചേർന്നു സമരം മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.


കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ പടമാടൻ, കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം പ്രസിഡന്റ്് ടി.ജെ. രാജു, ദി കേരള സ്റ്റേറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജെ. സെബാസ്റ്റ്യൻ, ദി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എം.ബി. സത്യൻ എന്നിവർ പങ്കെടുത്തു.