തെരുവുനായ: കേന്ദ്രനിർദേശം മന്ത്രിസഭ തള്ളി
Thursday, August 25, 2016 12:52 PM IST
തിരുവനന്തപുരം: ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലരുതെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ നിർദേശം സംസ്‌ഥാനത്തു നടപ്പാക്കേണ്ടതില്ലെന്നു മന്ത്രിസഭാ തീരുമാനം. സുപ്രീംകോടതി വിധിയിൽത്തന്നെ മനുഷ്യജീവനു ഭീഷണിയാകുന്ന ആക്രമണകാരികളായ തെരുവുനായ്ക്കൾക്കെതിരേ നടപടി സ്വീകരിക്കാമെന്നു വ്യക്‌തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൃഗസംരക്ഷണ ബോർഡിന്റെ നിർദേശം സംസ്‌ഥാനത്തു നടപ്പാക്കാൻ കഴിയില്ല.

തെരുവുനായ്ക്കൾക്കെതിരേ കർശന നടപടി സ്വീകരിക്കാനും വന്ധ്യംകരണ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കാനും തദ്ദേശ സ്‌ഥാപനങ്ങൾക്കു നിർദേശം നൽകും. വളർത്തുനായ്ക്കൾക്കു രജിസ്ട്രേഷൻ ഏർപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു.


ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതു സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നു കേന്ദ്രമൃഗ സംരക്ഷണ ബോർഡ് കഴിഞ്ഞ ദിവസം നൽകിയ കത്തിൽ നിർദേശിച്ചിരുന്നു.

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച പുല്ലുവിള ചെമ്പകരാമൻതുറ സ്വദേശിനി സിലുവമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇവരുടെ രണ്ടു മക്കൾക്കും 2.5 ലക്ഷം രൂപ വീതം നൽകും. നെയ്യാറ്റിൻകരയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന പുല്ലുവിള വടക്കേത്തോട്ടം പുരയിടത്തിൽ ഡെയ്സിക്ക് 50,000 രൂപ നൽകും. മുഴുവൻ ചികിത്സാച്ചെലവും സർക്കാർ വഹിക്കും. ഇതിനായി കളക്ടറെ ചുമതലപ്പെടുത്തി.